മൂന്നാര്‍: പ്രളയക്കെടുതിയില്‍നിന്നും കേരളം കരകയറുന്നതേയുള്ളൂ. ഇതിനകം തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങളും വാക്കുതര്‍ക്കവും തുടങ്ങിക്കഴിഞ്ഞു. ദുരിതമനുഭവിക്കുന്നവരില്‍നിന്നും പലതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ മൂന്നാറിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്നും പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നു.
ദുരിതാശ്വാസ ക്യാംപുകളിലേക്ക് എത്തുന്ന ലോഡു കണക്കിന് അവശ്യവസ്തുക്കള്‍ പാര്‍ട്ടി ഓഫിസില്‍ സിപിഎം പൂഴ്ത്തിയെന്ന ആരോപണവുമായി സിപിഐ. ഇടുക്കി ജില്ലാ കലക്ടറുടെ വിലാസത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പെടെയെത്തുന്ന സാധനങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫിസില്‍ കൂട്ടിവച്ച് കൊടിവച്ച വാഹനങ്ങളില്‍ വിതരണം ചെയ്യുന്നെന്നാണ് ആരോപണം. സിപിഐ പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തത് സംഘര്‍ഷത്തിനിടയാക്കി.
മൂന്നാറിലേക്ക് ഭക്ഷ്യ സാധനങ്ങളുമായെത്തുന്ന ലോറികള്‍ സിപിഎം മൂന്നാര്‍ പാര്‍ട്ടി ഓഫിസിലാണ് സാധനമിറക്കുന്നത്. മറ്റാളുകള്‍ നല്‍കിയ സാധനങ്ങള്‍ സിപിഎമ്മിന്റെ ബാനറില്‍ പാര്‍ട്ടി ഓഫിസില്‍ തന്നെ വിതരണം ചെയ്യുകയാണെന്നും പരാതി ഉയര്‍ന്നു. പകുതിയിലേറെ സാധനങ്ങള്‍ പാര്‍ട്ടി ഓഫിസില്‍ പൂഴ്ത്തിവച്ച് കൊടിവച്ച വാഹനങ്ങളില്‍ കൊണ്ടുനടന്ന് ദുരിതാശ്വാസ വിതരണ പ്രഹസനം നടത്തുകയാണന്ന് സിപിഐ ആരോപിക്കുന്നു. ആവശ്യക്കാരിലേക്ക് ഒന്നുമെത്തുന്നില്ലെന്നും സിപിഐ പ്രവര്‍ത്തകര്‍ പറയുന്നു.
വ്യാപക പരാതി ഉയര്‍ന്നതോടെ കഴിഞ്ഞ ദിവസം സബ്കലക്ടറുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകരെ വിളിച്ചു താക്കീത് ചെയ്തിരുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നു ജില്ലാകലക്ടറുടെ പേരിലെത്തിയ മൂന്ന് ലോഡു സാധനങ്ങളും സിപിഎം പൂഴ്ത്താന്‍ ശ്രമിച്ചത് സിപിഐ എതിര്‍ക്കുകയും ഇത് സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തു. മൂന്നാറില്‍ എല്ലാം നഷ്ടപ്പെട്ട ഒരുപറ്റം ജനതയെ ഈ ദുരിതകാലത്ത് സിപിഎം പറഞ്ഞ് പറ്റിക്കുകയാണെന്ന ആരോപണം ശക്തമാണ്.