മഹാപ്രളയത്തില്‍ നാടിന് കൈത്താങ്ങായി കുടുംബശ്രീ; ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 7 കോടി

സ്വന്തം ലേഖകന്‍

കേരളം ഇന്നുവരെ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി തീര്‍ന്ന മഹാപ്രളയത്തില്‍ നാടൊട്ടുക്കും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് കുടുംബശ്രീ എന്ന സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യം. 43 ലക്ഷത്തോളം അംഗങ്ങളുള്ള കുടുംബശ്രീയിലെ അംഗങ്ങളില്‍ പലരുടെയും കുടുംബങ്ങളും പ്രളയത്തില്‍ അകപ്പെട്ടിട്ടുണ്ടെങ്കിലും ഒത്തൊരുമയിലൂടെ സമാന അവസ്ഥയിലുള്ള സഹജീവികള്‍ക്ക് ആശ്വാസത്തിന്റെ തിരിനാളം നീട്ടുകയാണ് അവര്‍.

രക്ഷാപ്രവര്‍ത്തനം മുതല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വരെ എവിടെയും കുടുംബശ്രീ വനിതകളുടെ സാന്നിധ്യം കാണാം. പ്രളയ ദുരന്തം ഏറെ രൂക്ഷമായി ബാധിച്ച പത്തനംതിട്ടയിലും ആലപ്പുഴ ജില്ലയിലുമെല്ലാം കുടുംബശ്രീ നിറഞ്ഞ് നില്‍ക്കുന്നു. അയല്‍ക്കൂട്ടങ്ങള്‍, വാര്‍ഡ് തലത്തില്‍ അയല്‍ക്കൂട്ട പ്രതിനിധികള്‍ ചേരുന്ന എഡിഎസ് (ഏരിയ ഡെവലപ്പ്‌മെന്റ് സൊസൈറ്റി), എഡിഎസുകള്‍ ചേര്‍ന്ന് പഞ്ചായത്ത് തലത്തില്‍ സിഡിഎസ് (കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് സൊസൈറ്റി) എന്നതാണ് കുടുംബശ്രീയുടെ സംഘടനാ സംവിധാനം. കേരളത്തിലെ വിവിധ ജില്ലകളില്‍ സിഡിഎസുകളുടെയും എഡിഎസുകളുടെയും ഓരോ അയല്‍ക്കൂട്ടത്തിന്റെയും വരെ നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്ക് വേണ്ടിയുള്ള സഹായ പ്രവര്‍ത്തനങ്ങള്‍ നടന്നു.

1. പ്രളയക്കെടുതിയെ തൂത്തെറിയാന്‍ കോട്ടയത്തിന്റെ കുടുംബശ്രീ കൂട്ടായ്മ

അയ്മനം- സംസ്ഥാനം ഇന്നേവരെ നേരിട്ടിട്ടുള്ള ഏറ്റവും വലിയ പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് താങ്ങും തണലുമേകാനുള്ള കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകി നൂറുകണക്കിന് പ്രവര്‍ത്തകരുടെ ആഹോരാത്ര പ്രയത്നം തുടരുന്നു. കോട്ടയം ജില്ലയിലെ അയ്മനം, കുമരകം, വെച്ചൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ പ്രളയം മൂലം നാശനഷ്ടം നേരിട്ടവരുടെ വീടുകളിലെത്തി വീടും പരിസരവും വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ ജില്ലാ മിഷന് കീഴിലുള്ള ഉദ്യോഗസ്ഥരും സിഡിഎസ് ചെയര്‍പേഴ്സണ്‍മാരും മറ്റ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നടപ്പാക്കി തുടങ്ങിയത്.

കോട്ടയം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.എന്‍. സുരേഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അതാത് ഗ്രാമ പഞ്ചായത്തുകളുടെ സമ്പൂര്‍ണ്ണ പിന്തുണയുമുണ്ട്. ഓരോ വാര്‍ഡിലെയും പഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീ സംഘത്തിനൊപ്പം ശുചീകരണത്തിനായി ഒപ്പമിറങ്ങുന്നു. വേമ്പനാട്ട് കായലില്‍ നിന്നുള്ള വെള്ളം കയറി ആകെ വൃത്തിഹീനമായ പരിസരങ്ങളില്‍ ചൂല് മുതല്‍ വൃത്തിയാക്കാനുള്ള എല്ലാ ഉപകരണങ്ങളുമായാണ് കുടുംബശ്രീ സംഘാംഗങ്ങളെത്തുന്നത്. വീടിന്റെ മുറ്റവും മറ്റും അടിച്ച് വൃത്തിയാക്കി ഉള്ളിലുള്ള വീട്ടുപകരണങ്ങള്‍ ഉടമസ്ഥരുടെ സഹായത്തോടെ പുറത്തേക്ക് മാറ്റി വച്ച് അകം മുഴുവന്‍ അടിച്ചു കഴുകി വൃത്തിയാക്കുന്നു. പിന്നീട് ക്ലോറിന്‍ ഉപയോഗിച്ച് അണുനശീകരണ പ്രവര്‍ത്തനങ്ങളും നടത്തുന്നു. ഇത് കൂടാതെ സ്‌കൂളുകള്‍ മറ്റ് പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇവിടെയും ക്ലോറിനേഷന്‍ നടത്തുന്നു. ഗ്ലൗസും മാസ്‌കും ഉപയോഗിച്ച് പ്രതിരോധ മാര്‍ഗ്ഗങ്ങളും സ്വീകരിച്ചാണ് കുടുംബശ്രീ കൂട്ടത്തിന്റെ ശുചീകരണ യജ്ഞം.

2. വിശ്രമം അറിയാത്ത പത്ത് ദിനങ്ങള്‍, പൊതിച്ചോറ് മുതല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വരെ ഈ കുടുംബശ്രീ ചേച്ചിമാരോടിയെത്താത്ത ഇടമില്ല

ഓഗസ്റ്റ് 16ന് രാത്രിയില്‍ അപ്രതീക്ഷിതമായെത്തിയ പ്രളയജലം തകര്‍ത്തെറിഞ്ഞ മനസ്സുകള്‍ക്ക് എല്ലാവിധ ധൈര്യം പകര്‍ന്ന് തങ്ങളാലാകും വിധമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയായാണ് മണര്‍ക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്. കേരളമെമ്പാടുമുള്ള പല കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റികളുടെയും (സിഡിഎസ്) നേര്‍ച്ചിത്രമാണ് കോട്ടയം ജില്ലയിലെ മണര്‍ക്കാട് സിഡിഎസ്. സജിമോള്‍ രാജുവെന്ന ചെയര്‍പേഴ്സണ്‍ നയിക്കുന്ന സിഡിഎസിലെ അംഗങ്ങളേവരും രാത്രിയെന്നോ പകലെന്നോ നോക്കാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാമ്പിലെത്തിപ്പെട്ടവരുടെ ദൈനംദിന ജീവിതത്തിനുതകുന്ന സഹായങ്ങള്‍ ചെയ്തും പത്തിലേറെ ദിനങ്ങളിലായി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. അതൊന്നും കൂടാതെ ഇപ്പോള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ നേതൃത്വവും നല്‍കുന്നു.

16ന് രാത്രി വീടുകളില്‍ പൊടുന്നനെ വെള്ളം കയറിയപ്പോള്‍ ഉടുതുണി മാത്രമായി ക്യാമ്പുകളിലേക്ക് പോകേണ്ടി വന്നവര്‍ക്കായി പിറ്റേന്ന് രാവിലെ മുതല്‍ ഭക്ഷണ പൊതി തയാറാക്കി നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് സജിമോളും സംഘവും ആദ്യം ചെയ്തത്. സിഡിഎസ് അംഗങ്ങളെയെല്ലാം വിവരം അറിയിച്ച് അവര്‍ വഴി ബ്രെഡ്ഡും പഴവും ഇഡ്ഡലിയും ഉള്‍പ്പെടെയുള്ള ഭക്ഷണ സാമഗ്രികളടങ്ങിയ 1000 പൊതികള്‍ 24 ക്യാമ്പുകളിലേക്ക് നല്‍കി. പിന്നീട് ഉച്ചയ്ക്കും രാത്രിയിലേക്കുമുള്ള ഭക്ഷണം പതിവായി നല്‍കി തുടങ്ങി. അന്ന് മുതല്‍ തിരുവോണ ദിനം വരെ വിവിധ ക്യാമ്പുകളില്‍ ഭക്ഷണം നല്‍കുന്ന പതിവ് തുടര്‍ന്നു. പഞ്ചായത്തിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളും ഇപ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. കണിയാകുന്ന് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ ക്യാമ്പായിരുന്നു ഏറ്റവും ഒടുവില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. തിരുവോണദിനത്തില്‍ സിഡിഎസിന്റെ നേതൃത്വത്തില്‍ ഓണസദ്യ നല്‍കിയാണ് ക്യാമ്പ് പിരിച്ചുവിട്ടതെന്ന് തെല്ലൊരഭിമാനത്തോടെ പറയുന്നു സജിമോള്‍.

ആദ്യ ദിവസത്തിന് ശേഷം ക്യാമ്പുകളിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായം എത്തി തുടങ്ങിയപ്പോള്‍ അത് അര്‍ഹരുടെ കൈകളിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും കുടുംബശ്രീ സംഘാംഗങ്ങള്‍ തന്നെയാണ്. മാറ്റിയുടുക്കാന്‍ തുണി വേണമെന്ന ആവശ്യത്തില്‍ നിന്ന് പഞ്ചായത്തില്‍ നിന്നാകെ തുണികള്‍ ശേഖരിക്കുയെന്ന ദൗത്യമാണ് സിജിമോളും സംഘവും പിന്നീട് ഏറ്റെടുത്തത്. പിന്നാലെ ആരോഗ്യ കാര്യങ്ങളിലും മറ്റും സജീവമായി ഇടപെട്ടു. അംഗങ്ങളോരുത്തര്‍ക്കും അരി വിതരണം ചെയ്താണ് ക്യാമ്പിലെ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ അവസാനിപ്പിച്ചത്. ഇതിനിടെ 77700 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുകയും ചെയ്തു ഈ സിഡിഎസ്. തങ്ങളുടെ പഞ്ചായത്തിലെ പ്രളയബാധിതകര്‍ക്ക് വീട്ടാവശ്യങ്ങള്‍ക്കായുള്ള അലുമിനിയം പാത്രങ്ങള്‍ വാങ്ങി നല്‍കാനും ഇവര്‍ ലക്ഷ്യമിടുന്നു.

3. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴ് കോടി

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസിന്റെ അഭ്യര്‍ത്ഥന പ്രകാരം കുടുംബശ്രീ അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത് ഏഴ് കോടി രൂപയാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഈ തുകയുടെ ചെക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്ദീന്‍ 29-08-2018ല്‍ കൈമാറുകയും ചെയ്തു.
ഓരോ അയല്‍ക്കൂട്ടാംഗവും ഒരാഴ്ചത്തെയെങ്കിലും തങ്ങളുടെ ലഘുസമ്പാദ്യം (ത്രിഫ്റ്റ്) ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം സമാഹരിച്ച തുകയാണിത്. ഓരോ അയല്‍ക്കൂട്ടവും പ്രാദേശികമായി സംഭാവനയായി സ്വീകരിച്ച തുകയും ഓണാഘോഷ പരിപാടികള്‍ക്കും മര്‌റുമായി ചേര്‍ത്തുവച്ച തുകയും ഇതിലുള്‍പ്പെടും. കൂടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍മാരും പരിശീലന സംഘങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാലാവും വിധം സംഭാവന നല്‍കിയിരുന്നു.

Similar Articles

Comments

Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...