ഒരു സാധനവും കൈകൊണ്ട് തൊടരുത്..; തിരിച്ചെത്തുന്നവര്‍ ശ്രദ്ധിക്കേണ്ടതിനെ കുറിച്ച് വാവ സുരേഷ്

കൊച്ചി: വീടുകളില്‍ വെള്ളം കയറിയപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്നവര്‍ ഇപ്പോള്‍ തിരിച്ച് വീടുകളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അവിടെ നിങ്ങള്‍ ചെല്ലുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണ് ഇവിടെ വെളിപ്പെടുത്തിയിരിക്കുന്തന്. വെള്ളപ്പൊക്കത്തോടൊപ്പം വീടുകളില്‍ എത്താന്‍ സാധ്യതയുള്ളവയില്‍ പ്രധാനപ്പെട്ടതാണ് പാമ്പുകള്‍. വിഷമുള്ളതും ഇല്ലാത്തതുമായ ഇഴജന്തുക്കള്‍ വീട്ടുകളില്‍നിന്നും വെള്ളം ഇറങ്ങിയ ശേഷവും അവിടെതന്നെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. തിരികെ വീട്ടിലേക്ക് എത്തുമ്പോള്‍ പാമ്പുകള്‍ പതുങ്ങിയിരിപ്പുണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഇവയ്‌ക്കെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് വാവസുരേഷ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്…

ഒരു കാരണവശാലും വീട്ടിലെ ഒരു സാധനവും ആദ്യം കൈകൊണ്ട് തൊടരുത്. കമ്പ് കൊണ്ടോ ഇരുമ്പ് വടികള്‍ കൊണ്ടോ വീടിന്റെ മുക്കും മൂലയും പരിശോധിക്കണം. പാമ്പുകള്‍ അലമാരയിലും തുണികളുടെ ഇടയിലും കയറിയിരിക്കാന്‍ സാധ്യതയുണ്ട്. അണലികളാണ് കൂടുതലും വീടിനുള്ളില്‍ പതിയിരിക്കുന്നത്.

പരിശോധനയ്ക്ക് ശേഷം വെള്ളം ചേര്‍ത്ത് മണ്ണെണ്ണ വീടില്‍ എല്ലായിടത്തും ഒഴിക്കണം. മച്ചുള്ള വീടുകളാണെങ്കില്‍ മേല്‍ക്കൂരയിലും ഒഴിക്കണം. പാമ്പിന്റെ കടിയേറ്റാല്‍ പരിഭ്രമിക്കരുത്. മുറിവിന്റെ മുകളിലായി വസ്ത്രം കൊണ്ട് കെട്ടുക. ചരടോ കയറോ കൊണ്ട് കെട്ടരുത്. രക്തയോട്ടെ നിലയ്ക്കുന്ന തരത്തിലാകരുത് കെട്ടുകള്‍. രക്തയോട്ടത്തിന്റെ അളവ് കുറയ്ക്കുകയാണ് വേണ്ടത്. കടിയേറ്റവരെ ഒരു കാരണവശാലും നടക്കാനോ കിടക്കാനോ സമ്മതിക്കരുത്. ഹൃദയത്തിന്റെ മുകളിലേക്ക് കടിയേറ്റ ഭാഗം ഉയര്‍ത്തരുത്. ബ്ലേഡ്, കത്തി എന്നിവൊണ്ട് മുറിവുണ്ടാക്കി വിഷം കളയാന്‍ ശ്രമിക്കാതെ ആശുപത്രികളില്‍ എത്തിക്കുക.

കടിയേറ്റ പാട് കണ്ട് ഏത് പാമ്പാണെന്ന് മനസിലാക്കാന്‍ സാധിക്കും. അണലി കടിച്ചാല്‍ ആ ഭാഗത്ത് നിന്നും വെള്ളംപോലെയായിരിക്കും രക്തം ഒഴുക്ക്. കടിയേറ്റ് അല്‍പസമയത്തിനുള്ളില്‍ ആ ഭാഗം നീരുവെക്കും. മൂര്‍ഖനാണ് കടിച്ചതെങ്കില്‍ കടിച്ചയിടത്ത് രക്തം കട്ടയാകും. വിഷമില്ലാത്ത പാമ്പുകളാണെങ്കില്‍ സാധാരണരീതിയിലുള്ള രക്തപ്രവാഹമായിരിക്കും. വിഷപാമ്പുകള്‍ കടിച്ചാല്‍ അസഹ്യമായ വേദനയായിരിക്കും. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചതിന് ശേഷം മാത്രമേ ഇറങ്ങാവൂ.

പാമ്പുകളെക്കാള്‍ അപകടകാരിയാണ് വ്യാജപാമ്പുകള്‍. രണ്ടുദിവസമായി വാട്‌സാപ്പില്‍ പ്രചരിക്കുന്ന ഒരു സന്ദേശമുണ്ട് ചട്ടുകതലയന്‍/ ചുറ്റികതലയന്‍ പാമ്പിനെ സൂക്ഷിക്കുക. അവ കടിച്ചാല്‍ മരണമുറപ്പാണ്, അവയെ കൊന്ന വെള്ളത്തിലിട്ടാണ് ആ വെള്ളം 100 പേരെ വരെ കൊല്ലാന്‍ പാകത്തില്‍ വിഷമയമാകും എന്നുള്ള രീതിയിലാണ് സന്ദേശം പ്രചരിക്കുന്നത്. തീര്‍ത്തും അസംബന്ധമാണ് ഈ സന്ദേശം. ചട്ടുകലയന്‍/ ചുറ്റികതലയന്‍ വിര ഇനത്തില്‍പ്പെട്ട ഉരഗമാണ്. അല്ലാതെ പാമ്പല്ല. അവ കടിച്ചാല്‍ ഒന്നും സംഭവിക്കില്ല. അത്തരം വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഭീതി പടര്‍ത്തും.

വീട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങള്‍…

രാത്രിയില്‍ വീട്ടിലേക്ക് ചെല്ലരുത്:

വീടിനകത്ത് വൈദ്യുതി ഷോര്‍ട്ടേജ് മുതല്‍ ഗ്യാസ് ലീക്ക് വരെ ഉണ്ടാകും. രാത്രി കയറിച്ചെല്ലുന്നത് അപകടം വിളിച്ചുവരുത്തുകയാണ്. വീട്ടിലേക്കുള്ള വഴിയിലും മുറ്റത്തുമെല്ലാം കനത്തില്‍ ചെളി ആയിരിക്കാനാണ് സാധ്യത.

മതിലിടിഞ്ഞ് അപകടം ഉണ്ടായേക്കാം:

മതിലിന്റെ നിര്‍മ്മാണം മിക്കവാറും നല്ല ബലത്തിലായിരിക്കില്ല. ഗേറ്റ് ശക്തമായി തള്ളി തുറക്കുന്നത് മതിലിടിഞ്ഞ് അപകടം ഉണ്ടാക്കും. വീടിന്റെ ചുറ്റും മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹം കാണുകയാണെങ്കില്‍ കൈകൊണ്ടു തൊടരുത്. മനുഷ്യരുടെ മൃതദേഹം ആണെങ്കില്‍ പൊലീസിനെ അറിയിക്കണം. വീടിനകത്തേക്ക് കയറുന്നതിന് മുന്‍പേ, ചുമരുകളും മേല്‍ക്കൂരയും ശക്തമാണോ എന്ന് ശ്രദ്ധിക്കുക. വീടിന്റെ ജനാലകള്‍ പുറത്തുനിന്ന് തുറക്കാന്‍ പറ്റുമെങ്കില്‍ അവ തുറന്നിട്ട് കുറച്ചു സമയം കഴിഞ്ഞ് വേണം അകത്ത് കടക്കാന്‍. വീടിനകത്തും പുറത്തും

ഇഴജന്തുക്കളെ സൂക്ഷിക്കണം:

വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഇഴജന്തുക്കളെ. വീട്ടിലെത്തുമ്പോള്‍ പലമുറികളിലും ചത്തതും അല്ലാത്തതുമായ ഇഴജന്തുക്കളുണ്ടോയെന്നും നോക്കണം.

മെയിന്‍ സ്വിച്ച് ഓഫാക്കണം:

വീടിനകത്തേക്ക് കയറുന്നതിന് മുന്‍പ് ഇലക്ട്രിക്കല്‍ മെയിന്‍ സ്വിച്ച് ഓഫാക്കണം. വീടിനു പുറത്തു നിന്നും പൈപ്പ് വഴിയാണ് ഗ്യാസ് സപ്ലൈ എങ്കില്‍ അത് ഓഫ് ചെയ്യണം. വീട്ടില്‍ കയറിയ ഉടനെ ലൈറ്റര്‍ ഉപയോഗിക്കരുത്, സിഗരറ്റോ മെഴുകുതിരിയോ കത്തിക്കുകയും ചെയ്യരുത്. എല്ലാ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെയും പ്ലഗ്ഗ് സൂക്ഷിച്ച് ഊരിയിടണം.

ഭക്ഷണ സാധനങ്ങള്‍ കേടായിക്കാണും:

ഫ്രിഡ്ജില്‍ ഇറച്ചിയോ മീനോ ഉണ്ടായിരുന്നുവെങ്കില്‍ അത് കേടായിക്കാണും, അഴുകിയ മാംസത്തില്‍നിന്നും മീഥേന്‍ ഗ്യാസ് ഉണ്ടാകാന്‍ വഴിയുണ്ട്. ഫ്രീസര്‍ തുറക്കുമ്പോള്‍ ഈ ഗ്യാസ് ശക്തമായി ഫ്രീസറിന്റെ മൂടിയെ തള്ളിത്തെറിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്. ഫ്‌ലഷും വെള്ള പൈപ്പും വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെകില്‍ അതിലൂടെ വരുന്നത് ശുദ്ധജലമാണോ കലക്ക വെള്ളമാണോ എന്ന് നോക്കണം

ഒറ്റയ്ക്ക് പോവരുത്:

ആദ്യമായി വീട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ കുട്ടികളെ കൊണ്ടുപോകരുത്. വീടിന്റെ അവസ്ഥ കാണുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക ആഘാതം വലുതാകും. വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആളുകള്‍ ശ്രദ്ധിക്കേണ്ട ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത് യു.എന്നിന്റെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിദഗ്ദനും മലയാളിയുമായ മുരളി തുമ്മാരുകുടിയാണ്.

വീട് ക്ലീനിങ്ങിന് പോകുന്ന സുഹൃത്തുക്കളായ സന്നദ്ധ പ്രവര്‍ത്തകര്‍ /വിദ്യാര്‍ത്ഥികള്‍ താഴെ പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക.

ദിവസങ്ങളോളം വെള്ളത്തിനടിയിലായ പ്രദേശത്ത് ക്ലീനിങ്ങിന് പോകുമ്പോള്‍ അവശ്യ സാധനങ്ങള്‍ കരുതുന്നത് നല്ലതാണ്.
നിലം സിമന്റ് ചെയ്യാത്ത വീടുകളിലെ തറയിലെ മണ്ണ് കുഴഞ്ഞ അവസ്ഥയിലാണ്.
എല്ലാ മുറികളിലും ചെളി കയറിയിട്ടുണ്ടാകും
നെല്ല് മറ്റ് ധാന്യങ്ങള്‍ എല്ലാം മുളച്ച് ചീഞ്ഞ് ദുര്‍ഗന്ധം വമിക്കാന്‍ സാധ്യതയുണ്ട്.
പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍ എല്ലാം കേടായിരിക്കും.
ഇത്തരം സാഹചര്യത്തില്‍ ഹെവി ഡ്യൂട്ടി കൈയ്യുറ, മുട്ടൊപ്പമെത്തുന്ന റബര്‍ ബൂട്ട്, കട്ടി കൂടിയ ഫേസ് മാസ്‌ക് എന്നിവ ധരിക്കുക. മഴ ഉള്ളതിനാല്‍ ഒരു വട്ടത്തൊപ്പി കൂടി കരുതുന്നത് നല്ലതാണ്.
ആദ്യം വീടിനകത്ത് ഇഴജന്തുക്കള്‍ ഇല്ല എന്ന് ഉറപ്പു വരുത്തണം. അതിനു ശേഷം മെയിന്‍ ഫ്യൂസ് ഊരി വൈദ്യുതബന്ധം വിച്ഛേദിക്കുക. പിന്നീട് ആവശ്യത്തിന് ബ്ലീച്ചിംഗ് പൗഡര്‍ കുഴച്ച് പേസ്റ്റ് രൂപത്തിലാക്കി 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളി (ക്ലോറിന്‍ വാട്ടര്‍) ചുവരുകളിലും തറയിലും ഒഴിച്ച് 30 മിനുറ്റ് കഴിഞ്ഞ് സ്ഥലം അണുവിമുക്തമാക്കി ക്ലീനിങ്ങ് ജോലികള്‍ തുടങ്ങാം. (300 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ആവശ്യാനുസരണം ഉപയോഗിക്കുക.)

പിന്നീട് ചെളി കോരി മാറ്റി വെള്ളം ഒഴിച്ച് / മോട്ടര്‍ ഉപയോഗിച്ച് കഴുകി വെള്ളം കോരി കളയുക. മോപ്പ് ഉപയോഗിച്ച് വടിച്ച് /തുടച്ച് ഒരിക്കല്‍ കൂടി തറയിലും ചുവരിലും ക്ലോറിന്‍ വാട്ടര്‍ ഉപയോഗിച്ച് 30 40 മിനുറ്റിന് ശേഷം വീട് തുടച്ച് പൂര്‍ണ്ണമായും വൃത്തിയാക്കാം. ആവശ്യമെങ്കില്‍ വീട്ടുടമസ്ഥന് വീട്ടുപകരണങ്ങള്‍ വൃത്തിയാക്കാന്‍ നേര്‍പ്പിച്ച ഫെനോയില്‍ നല്‍കാം. നനഞ്ഞ ബെഡ്, തലയിണ, പുതപ്പ്, കട്ടി കൂടിയ വസ്ത്രങ്ങള്‍ എന്നിവ വീണ്ടും ഉപയോഗിക്കാന്‍ കഴിയാത്തതാണെങ്കില്‍ അക്കാര്യം ഉടമസ്ഥനെ പറഞ്ഞ് മനസിലാക്കി പരിസരത്ത് നിന്നും നീക്കം ചെയ്യുക.

ആരോഗ്യ സംരക്ഷണാര്‍ത്ഥം മാലിന്യങ്ങളില്‍ നിന്നും കഴിയുന്നത്ര അകലം പാലിക്കുക എന്നത് പ്രധാനമാണ്. സോപ്പ്, ഹാന്റ് വാഷ് ഉപയോഗിച്ച് അണുവിമുക്തമായ കൈകള്‍ കൊണ്ട് മാത്രം ഭക്ഷണം കഴിക്കുക.

സ്വയം സംരക്ഷണത്തിനായി കരുതേണ്ടത്.
1. ഹെവി ഡൂട്ടി കൈയ്യുറ (80 -100രൂപ)
2. കട്ടി കൂടിയ മൗത്ത് മാസ്‌ക്. ( 20- 40 രൂപ)
3. ഉയരം കൂടിയ സേഫ്റ്റി ഷൂ. (350 -400 രൂപ)
4. രോഗ പ്രതിരോധ ശേഷി നല്‍കുന്ന മരുന്ന്. ( ആരോഗ്യ പ്രവര്‍ത്തകര്‍ സൗജന്യമായി നല്‍കും)

5 10 പേര്‍ അടങ്ങുന്ന ഗ്രൂപ്പിന് താഴെ പറയുന്ന സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുക.
1. അടിച്ചുവാരി വലുത് 2 എണ്ണം (40 രൂപ)
2. രണ്ട് മൂലയുള്ള പ്ലാസ്റ്റിക് മുറം (150 രൂപ)
3. മോപ്പിങ് ക്ലീനര്‍ (റബര്‍ ടൈപ്പ് പരന്നത്) (100 രൂപ)
4. ബക്കറ്റ് (പഴയത് കരുതുക / 60 100 രൂപ)
5. പഴയ കട്ടി കൂടിയ തുണികള്‍. (സ്വയം കരുതുക.)
6. തൂമ്പ. (അയല്‍ക്കാര്‍ വക കണ്ടെത്തുക)
7. കുട്ട. (അയല്‍ക്കാര്‍ വക കണ്ടെത്തുക)
8. ബീച്ചിംഗ് പൗഡര്‍ (ആരോഗ്യ പ്രവര്‍ത്തകരെ സമീപിക്കുക.)
9. ഫെനോയില്‍ (50 രൂപ)
10. അണുനശീകരണ സ്വഭാവമുളള ഹാന്റ് വാഷ് (80 രൂപ)
11. സോപ്പ് ( 20 രൂപ)
12. തോര്‍ത്ത് (30 രൂപ)
13. കുടിവെള്ളം (ആള്‍ക്ക് 1 ലിറ്റര്‍ വീതം)

ജലദൗര്‍ലഭ്യത ഉള്ള സ്ഥലത്തും, വീടുകള്‍ വെള്ളം അടിച്ച് കഴുകുവാനും വൈദ്യുത മോട്ടോര്‍ /മണ്ണെണ്ണ മോട്ടോര്‍ 100 മീറ്റര്‍ പൈപ്പ് എന്നിവ കരുതാവുന്നത്. (അറിയുന്നവര്‍ മാത്രം ഓപ്പറേറ്റ് ചെയ്യക.) ഇത് വഴി കുറഞ്ഞ സമയത്തിനുള്ളില്‍ എളുപ്പത്തില്‍ വീട് ശുചിയാക്കാന്‍ സാധിക്കും.
————————————-

ഒരു നിലയിൽ വെള്ളം കയറിയ വീടിന്റെ ഇപ്പോഴത്തെ വെള്ളം താഴ്ന്നപ്പോളുള്ള അവസ്ഥ

*ആ സ്ത്രീ അവസാനം പറയുന്നത് കൂടി ശ്രദ്ദിച്ചു കേൾക്കുക..*

Similar Articles

Comments

Advertismentspot_img

Most Popular