മഴക്കെടുതിയില്‍ ഇതുവരെ മരിച്ചത് 357 പേര്‍; ഇന്നലെ മാത്രം പൊലിഞ്ഞത് 39 ജീവന്‍, ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ പൊലിഞ്ഞത് 357 ജീവന്‍. നാല് ദിവസത്തിനിടെ 193 പേരാണ് മരിച്ചത്. ശനിയാഴ്ച മാത്രം 39 പേരുടെ ജീവന്‍ പൊലിഞ്ഞു. എറണാകുളത്ത് 13 പേരും ആലപ്പുഴയില്‍ 15 പേരും തൃശൂര്‍ ജില്ലയില്‍ 8 പേരും പത്തനംതിട്ടയില്‍ 3 പേരുമാണ് മരിച്ചത്.

അതേസമയം സംസ്ഥാനത്താകെ 7 ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.

സംസ്ഥാനത്തെ സ്ഥിതി ശാന്തമായി തുടങ്ങുകയാണ്.ഇതേതുടര്‍ന്ന് റെഡ് അലര്‍ട്ട് പിന്‍വലിച്ചു. മൂന്ന് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്. എറണാകുളത്തും ഇടുക്കിയിലും പത്തനംതിട്ടയിലുമായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

അതേസമയം ആലപ്പുഴ പാണ്ടനാട് രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ട് കാണാതായി. ആറ് പേരടങ്ങിയ സംഘത്തെയും ബോട്ടും കാണാനില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ട് പോയത്. ബോട്ട് കണ്ടെത്താന്‍ ഹെലികോപ്റ്ററിന്റെ സഹായം വേണമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular