കാറുകള്‍ക്ക് മാരുതി വില കുത്തനെ കൂട്ടുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ എല്ലാ മോഡലുകള്‍ക്കും വില ഉയരും. നിര്‍മാണ സാമഗ്രികളുടെ വില ഉയരുന്നത് കണക്കിലെടുത്ത് കാറുകള്‍ക്ക് 6,100 രൂപ വരെയാണ് വില വര്‍ധിപ്പിക്കുന്നത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ്, ഹോണ്ട, ഹ്യുണ്ടായി എന്നീ കമ്പനിയുടെ വാഹനങ്ങള്‍ക്ക് ഈ മാസം മുതല്‍ വില ഉയരുമെന്ന് മുമ്പ് അറിയിച്ചിരുന്നു. മാരുതി വാഹനങ്ങളുടെ പുതുക്കിയ വില വ്യാഴാഴ്ച മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നു.

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സും കാറുകള്‍ക്ക് വിലവര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് കമ്പനികള്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ വില ഉയര്‍ത്തിയപ്പോള്‍ ബെന്‍സ് കാറുകള്‍ക്ക് നാല് ശതമാനമാണ് വില ഉയര്‍ത്തുന്നത്. ഇത് സെപ്റ്റംബര്‍ മുതലാണ് പ്രാബല്യത്തില്‍ വരുത്തുക.

കസ്റ്റംസ് തീരുവ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഏപ്രിലില്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി, ജാഗ്വര്‍ ലാന്‍ഡ് റോവര്‍, എന്നിവയും വില ഉയര്‍ത്തിയിരുന്നു. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്കും ഉയര്‍ത്തിയ വില ബാധകമാണ്.

SHARE