മികച്ച വ്യക്തിത്വത്തിന് അവാര്‍ഡുണ്ടെങ്കില്‍ അത് ഈ നടനാണ്: പൃഥ്വിരാജ് പറയുന്നു

കൊച്ചി:മലയാള സിനിമയില്‍ മികച്ച വ്യക്തിത്വത്തിന് ഒരു അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ അത് പല കുറി ഇന്ദ്രന്‍സിന് ലഭിച്ചേനെ എന്ന് പൃഥ്വിരാജ് പറഞ്ഞു. ‘ഇന്ദ്രന്‍സ് എന്ന മികച്ച നടനെ മലയാള സിനിമ തിരിച്ചറിഞ്ഞു തുടങ്ങിയിട്ട് രണ്ടോ മൂന്നോ വര്‍ഷമേ ആയിക്കാണൂ, എന്നാല്‍ മലയാള സിനിമയില്‍ മികച്ച വ്യക്തിത്വത്തിന് ഒരു അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ അത് പല കുറി ഇന്ദ്രന്‍സിന് ലഭിച്ചേനെ’. പൃഥ്വിരാജ് പറഞ്ഞു. തിരുവനന്തപുരത്ത് വച്ച് ഇന്ദ്രന്‍സിനെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും’ എന്ന ചിത്രം മുതലുളള അടുപ്പമാണ് അദ്ദേഹവുമായി. അതിനു ശേഷം എവിടെ വച്ചു കണ്ടാലും മേസ്തിരി എന്ന് അദ്ദേഹത്തിന്റെ വിളി കേള്‍ക്കാറുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നല്ല കഥപാത്രങ്ങളിലേക്കുള്ള തുടക്കം മാത്രമാകട്ടെ ഇത്, കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും പൃഥ്വിരാജ് ആശംസിച്ചു.

കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതാവസ്ഥയെപ്പറ്റിയും പൃഥ്വി സംസാരിക്കുകയുണ്ടായി. നമ്മളാല്‍ കഴിയുന്ന സഹായങ്ങളെല്ലാം ദുരിതമനുഭവിക്കുന്നവര്‍ക്ക് ചെയ്യണമെന്ന് പൃഥ്വിരാജ് പറഞ്ഞു. സിനിമാലോകത്തു നിന്നും വ്യവസായ ലോകത്തുനിന്നും പലവിധത്തിലുള്ള സഹായങ്ങള്‍ അവരില്‍ എത്തിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

‘പത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അറിയുന്നത് മാത്രമാണ് ഇവിടെ നടക്കുന്നതെന്ന് നിങ്ങള്‍ കരുതരുത്. കഴിഞ്ഞ ദിവസം എന്നോട് ഒരാള്‍ പറഞ്ഞു, ‘നിങ്ങള്‍ ചെയ്താല്‍ പത്രത്തില്‍ വാര്‍ത്തയൊക്കെ വരും, ഞങ്ങള്‍ ചെയ്തിട്ട് എന്ത് ഗുണം എന്ന്.’ അതല്ല ഇതിന്റെ ഉദ്ദേശം. ഇങ്ങനെയൊരു അവസ്ഥയില്‍ ‘ഞാന്‍ കാറിന് ടാക്‌സ് അടക്കില്ല, റോഡ് നല്ലതല്ല’, എന്നൊന്നും നമുക്ക് പറയാന്‍ നമുക്കൊരു കാരണമില്ല, സംഭാവനകളുടെ വലിപ്പമല്ല അത് ചെയ്യാനുള്ള മനസ്സാണ് ഇന്ന് നമുക്ക് ആവശ്യം. പത്രത്തില്‍ വരുമോ ഇല്ലയോ എന്നതല്ല അതിന്റെ ഉദ്ദേശം. എല്ലാവരും കൈകോര്‍ത്ത് പിടിച്ചാല്‍ ഈ അവസ്ഥയെ അതിജീവിക്കും എന്ന് ഉറപ്പുണ്ട്.’പൃഥ്വിരാജ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular