മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ കൈമാറി

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന പ്രളയക്കെടുതി നേരിടാന്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ നേരിട്ടെത്തിയാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രിക്ക് പണം കൈമാറിയത്.

കഴിഞ്ഞ ദിവസം നടന്‍മാരായ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നു. കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കി തുടക്കമിട്ട സഹായഹസ്തം ഇപ്പോള്‍ തെലുങ്ക് മണ്ണിലേക്കും പടര്‍ന്നിരിക്കുകയാണ്.

ബാഹുബലി നായകന്‍ പ്രഭാസ് ഒരു കോടി നല്‍കി ഞെട്ടിച്ചപ്പോള്‍ മറ്റൊരു സൂപ്പര്‍ താരവും ചിരഞ്ജീവിയുടെ മകനുമായ രാം ചരണ്‍ തേജ 60 ലക്ഷം രൂപയും അദ്ദേഹത്തിന്റെ ഭാര്യ 1.20 കോടിയും നല്‍കി മാതൃക കാട്ടി. പത്ത് ടണ്‍ അരിയും രാം ചരണ്‍ നല്‍കും. മറ്റൊരു തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപയാണ് നല്‍കിയത്. തമിഴ് താരം കമല്‍ഹാസന്‍ 25 ലക്ഷവും അദ്ദേഹം ഇടപെട്ട് വിജയ് ടി.വിയെ കൊണ്ട് 25 ലക്ഷം കൊടുപ്പിക്കുകയും ചെയ്തു.

തെലുങ്ക് താരം വിജയ് ദേവരകൊണ്ട നേരത്തെ 5 ലക്ഷം നല്‍കിയിരുന്നു. വിജയ് ഫാന്‍സും സഹായവുമായി എത്തിയിരുന്നു. താരസംഘടനയായ അമ്മ ആദ്യഘട്ട സംഭാവനയായി പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി ഒരു കോടി, യു എ ഇ എക്സ്ചേഞ്ച് ചെയര്‍മാന്‍ ഡോ ബിആര്‍ ഷെട്ടി രണ്ടു കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കിയിരുന്നു. യൂസഫലി അഞ്ച് കോടി നല്‍കി.

പിണറായി വിജയന്‍ 1 ലക്ഷവും രമേശ് ചെന്നിത്തലയും ആരോഗ്യ മന്ത്രി പി കെ ശൈലജയും തങ്ങളുടെ ഒരു മാസത്തെ ശമ്പളമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

Similar Articles

Comments

Advertismentspot_img

Most Popular