പ്രശ്‌നങ്ങള്‍ക്ക് കാരണം മുകേഷാണെന്ന് ഷമ്മി തിലകന്‍; ജയിപ്പിച്ചതിന് സിപിഎമ്മിനെ പറഞ്ഞാല്‍ മതി; ഹണിയെ ചതിച്ചത് ബാബുരാജ്?; യോഗത്തില്‍ വാക്കുതര്‍ക്കം; പത്രസമ്മേളനം വേണ്ടെന്ന് മുകേഷും സിദ്ദിഖും; മറുപടി കൊടുത്ത് മോഹന്‍ലാല്‍

കൊച്ചി: മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയോഗത്തില്‍ താരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം കൈയേറ്റം വരെ എത്തിയെന്ന് റിപ്പോര്‍ട്ട്. സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിനെച്ചൊല്ലിയായിരുന്നു മുകേഷും ഷമ്മി തിലകനും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായത്. ഒരുഘട്ടത്തില്‍ തര്‍ക്കം കൈയാങ്കളിയുടെ വക്കോളമെത്തി. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് ഇരുവരെയും അനുനയിപ്പിച്ചതെന്നും റിപ്പോര്‍ട്ട്.

തിലകനും സംഘടനയും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ഷമ്മിയെ ചൊവ്വാഴ്ചത്തെ യോഗത്തിലേക്ക് ക്ഷണിച്ചത്. ‘വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാനായി അമ്പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങിയ എന്നെ പാരവെച്ചത് ഇയാളാണെ’ന്ന് സംസാരമധ്യേ ഷമ്മി പറഞ്ഞു. ഇത് മുകേഷിനെ പ്രകോപിപ്പിച്ചു. ‘ഞാന്‍ അവസരങ്ങള്‍ ഇല്ലാതാക്കിയോ’ എന്നായിരുന്നു മുകേഷിന്റെ ചോദ്യം.

‘അവസരങ്ങള്‍ ഇല്ലാതാക്കുകയല്ല, വിനയന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പിന്നെ നീ അനുഭവിക്കും’ എന്നാണ് പറഞ്ഞതെന്ന് ഷമ്മി പറഞ്ഞു. ‘മാന്നാര്‍ മത്തായി സ്പീക്കിങ്2’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവമെന്നും വിശദീകരിച്ചു. വിനയന്റെ സിനിമയില്‍ അഭിനയിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മുകേഷാണ് വലുതാക്കിയതെന്നും ഇതേത്തുടര്‍ന്ന് തന്റെ കുടുംബത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും ഷമ്മി ആരോപിച്ചു.

തിലകനെയും ഷമ്മിയെയും ചേര്‍ത്ത് തമാശപറഞ്ഞുകൊണ്ടാണ് മുകേഷ് ഇതിനെ നേരിട്ടത്. ഇത് ഷമ്മിയെ കുപിതനാക്കി. ‘തന്റെ വളിപ്പുകള്‍ ഇവിടെ വേണ്ടെന്നും തന്നെ ജയിപ്പിച്ചുവിട്ടതിന് സി.പി.എമ്മിനെ പറഞ്ഞാല്‍മതി’യെന്നും ഷമ്മി തുറന്നടിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വലിയ വാക് തര്‍ക്കമായി. കൈയാങ്കളിയിലേക്ക് നീങ്ങുന്നുവെന്ന് കണ്ടാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടത്.

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ കക്ഷിചേരല്‍ ഹര്‍ജി നല്‍കിയ താന്‍ ചതിക്കപ്പെട്ടെന്ന് നടി ഹണിറോസ് യോഗത്തില്‍ പരാതിപ്പെട്ടു. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് ഹര്‍ജി തയ്യാറാക്കിയ ബാബുരാജുമായി സംസാരിച്ചത്. ഹര്‍ജിയിലെന്താണ് എന്നറിയണമെന്നുപറഞ്ഞപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നും ഒപ്പ് വാട്‌സാപ്പില്‍ ഇട്ട് അയച്ചുതന്നാല്‍ മതിയെന്നുമായിരുന്നു മറുപടിയെന്നും ഹണി പറഞ്ഞു. അതുപറ്റില്ലെന്നും ഹര്‍ജി കാണണമെന്നും പറഞ്ഞപ്പോള്‍ ഒന്നും മൂന്നും പേജുകള്‍ അയച്ചുതന്നു. രണ്ടാംപേജിലാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഭാഗം ഉണ്ടായിരുന്നത്. ഇക്കാര്യത്തില്‍ താന്‍ ഒറ്റപ്പെട്ടുപോയ അവസ്ഥയാണുണ്ടായതെന്നും ഹണി പറഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ട്. അമ്മ യോഗത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നതിനെതരേയും യോഗത്തില്‍ ചര്‍ച്ചയുണ്ടായി. മോഹന്‍ലാല്‍ രാജിക്കൊരുങ്ങി എന്നുവരെ വാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ നടന്ന യോഗത്തില്‍ വാര്‍ത്ത എങ്ങനെയാണ് പുറത്തായതെന്ന് മോഹന്‍ലാല്‍ ചോദിച്ചു. സംഘടനയ്ക്കുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിനെ എതിര്‍ക്കാനോ ഭിന്നിപ്പുണ്ടാക്കാനോ ആണ് ശ്രമിക്കുന്നതെങ്കില്‍ താന്‍ രാജിവയ്ക്കുമെന്നുമുള്ള നിലപാട് യോഗത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു.

എക്‌സിക്യുട്ടീവ് കമ്മിറ്റിയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കേണ്ടെന്ന നിലപാടിലായിരുന്നു ഒരു വിഭാഗം. ജോയന്റ് സെക്രട്ടറി സിദ്ദിഖും വൈസ് പ്രസിഡന്റ് മുകേഷുമാണ് ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചത്. പക്ഷേ, മോഹന്‍ലാല്‍ ഇതിനെ അനുകൂലിച്ചില്ല. ‘നമുക്ക് മാധ്യമങ്ങളില്‍നിന്ന് ഒളിക്കാന്‍ ഒന്നുമില്ലല്ലോ’ എന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular