ബിന്‍ ലാദന്റെ മകന്‍ വിവാഹിതനായി; വധു വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ സൂത്രധാരന്റെ മകള്‍

ലണ്ടന്‍: കൊല്ലപ്പെട്ട അല്‍ ഖൊയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ വിവാഹിതനായി. 2001ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ മുഹമ്മദ് അറ്റയുടെ മകളെയാണ് ഹംസ വിവാഹം കഴിച്ചത്. വിവാഹ വാര്‍ത്ത ബിന്‍ ലാദന്റെ കുടുംബ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ലാദന്റെ അര്‍ദ്ധ സഹോദരന്‍മാരായ അഹമ്മദ്, ഹസന്‍ അല്‍ അത്താസ് എന്നിവര്‍ ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയനോടാണ് വാര്‍ത്ത സ്ഥിരീകരിച്ചത്.

അഫ്ഗാനിസ്ഥാനില്‍ വച്ചാണ് വിവാഹം നടന്നതെന്നാണ് സൂചന. ലാദന്റെ മരണത്തിന് ശേഷം അല്‍ ഖൊയ്ദയുടെ തലവനാണ് ഹംസ ബിന്‍ലാദന്‍. 2011 മെയ് 2ന് അമേരിക്ക നടത്തിയ ആക്രമണത്തില്‍ പാക്കിസ്ഥാനിലെ അബോട്ടാബാദിലെ വസതിയില്‍ വച്ചാണ് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്. ഇവിടെ നിന്ന് കണ്ടെടുത്ത രേഖകള്‍ പ്രകാരം ഹംസ ബിന്‍ ലാദനെ തന്റെ അനുയായിയായി ലാദന്‍ പരിശീലിപ്പിച്ചിരുന്നു എന്നതിന്റെ സൂചനകളുണ്ട്. തന്റെ മൂന്ന് വിവാഹ ബന്ധങ്ങളില്‍ ഒന്നില്‍ നിന്നുള്ള മകനാണ് ഹംസ.

ലാദന്റെ മരണത്തിന് അമേരിക്കയോടും സഖ്യകക്ഷികളോടും പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയാണ് ഹംസ ബിന്‍ ലാദന്‍. അതുകൊണ്ടു തന്നെ പാശ്ചാത്യ ഇന്റലിജന്‍സ് ഏജന്‍സികളുടെ നോട്ടപ്പുള്ളിയാണ് ഹംസ. ലാദന്റെ മറ്റൊരു മകനായ ഖാലിദ് അബോട്ടാബാദ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നാമത്തെ പുത്രന്‍ സാദ് 2009ല്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിലും കൊല്ലപ്പെട്ടു. ലാദന്റെ ഭാര്യമാരും ഹംസ ഒഴികെയുള്ള മറ്റ് മക്കളും നിലവില്‍ സൗദി അറേബ്യയിലാണ്.

യുഎസ്, യുകെ, ഫ്രാന്‍സ്, ഇസ്രയേല്‍ രാഷ്ട്രങ്ങള്‍ക്കെതിരെ യുദ്ധം നടത്തുമെന്ന് ഹംസ നേരത്തേ പ്രഖ്യാപിച്ചിരുന്നു. രണ്ടു വര്‍ഷമായി പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഹംസയുടെ നീക്കങ്ങളെക്കുറിച്ച് അന്വേഷിച്ചു വരികയായിരുന്നു. ബിന്‍ ലാദന്റെ മറ്റൊരു മകനായ ഖാലിദും ലാദനൊപ്പം 2011 ല്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നാമത്തെ മകനായ സാദ് 2009ല്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular