മദ്യപിക്കാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ കഴുത്തില്‍ പുതപ്പ് മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നു

തിരുപ്പതി: മദ്യപിക്കാന്‍ പണം നല്‍കാതിരുന്ന അമ്മയെ മകന്‍ കഴുത്തില്‍ പുതപ്പ് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ചിറ്റൂര്‍ ജില്ലയിലെ സിവുനി കപ്പം മേഖലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. 50 കാരിയായ ബെല്ലമ്മയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് 29 കാരനായ ജെ. സുബ്രഹ്മണ്യത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ട് ഇയാള്‍ സ്ഥിരം മാതാവ് ബെല്ലമ്മയുമായി വഴക്കുണ്ടാക്കാറുണ്ടായിരിന്നു. തിങ്കളാഴ്ച വീട്ടിലെത്തിയ ഇയാള്‍ ബെല്ലമ്മയോട് പണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്റെ പക്കല്‍ പണമില്ലെന്നു പറഞ്ഞ ശേഷം ഉറങ്ങാനായി പോയ ബെല്ലമ്മയെ ഇയാള്‍ കഴുത്തില്‍ പുതപ്പ് ചുറ്റിമുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ബെല്ലമ്മയുടെ മകളാണ് കൊലപാതക വിവരം ആദ്യം അറിയുന്നത്. രണ്ട് ആണ്‍കുട്ടികളും ഒരു മകളുമാണ് ബെല്ലമ്മയ്ക്കുള്ളത്. 1.5 ഏക്കര്‍ സ്ഥലത്തിന് ഉടമകൂടിയാണ് ഇവര്‍.

കഴിഞ്ഞ മാസം ഓട്ടോറിക്ഷ വാങ്ങാനായി ഇവര്‍ ഇളയ മകന് 50000 രൂപ നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. ഇത് എതിര്‍ത്ത സുബ്രഹ്മണ്യന്‍ ബാക്കി സ്വത്തുക്കളെല്ലാം തന്റെ പേരില്‍ എഴുതിവെക്കണമെന്ന് പറഞ്ഞ് ബെല്ലമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു.

മദ്യത്തിന് അടിമയായ ഇയാളുടെ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലാണ് കഴിയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular