തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആസ്തിവിവരങ്ങള്‍ പുറത്തുവിട്ടു. മുഖ്യമന്ത്രിക്ക് സ്വന്തമായി ഒരു വാഹനം പോലും ഇല്ല. ധനമന്ത്രി തോമസ് ഐസക്കിന് ഒരുതുണ്ടു ഭൂമിയോ ഒരുതരി സ്വര്‍ണമോ സ്വന്തമായില്ല. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ വരുമാനം വെറും 1000 രൂപ മാത്രം. മന്ത്രി എ.കെ.ബാലന്‍ മാത്രമാണ് ബാങ്ക് നിക്ഷേപത്തില്‍ കോടിപതിയായിട്ടുള്ളത്.
ബാലനെ കോടിപതിയാക്കിയതാകട്ടെ ആരോഗ്യ ഡയറക്ടറായി വിരമിച്ച ഭാര്യ ഡോ.പി.കെ.ജമീലയുടെ പേരിലെ നിക്ഷേപങ്ങളാണ്. വിരമിച്ചശേഷം ഇപ്പോള്‍ ആര്‍ദ്രം മിഷന്‍ കണ്‍സള്‍റ്റന്റായി ജോലി ചെയ്യുകയാണ് ജമീല. ഈയിനത്തില്‍ മാത്രം പ്രതിമാസം 90,000 രൂപ ശമ്പളവും പെന്‍ഷന്‍ തുകയായി 52,000 രൂപയും ലഭിക്കുന്നുണ്ട്. അതിനാല്‍ മാസവരുമാനത്തിലും ബാലന്‍ തന്നെയാണ് മുന്നില്‍.
സ്വര്‍ണ സമാഹരണത്തിലും ബാലന്‍ തന്നെയാണ് മുന്നില്‍. അഞ്ചര ലക്ഷം രൂപയുടെ സ്വര്‍ണവുമായി കടകംപള്ളി സുരേന്ദ്രന്‍ സ്വര്‍ണനേട്ടത്തില്‍ രണ്ടാം സ്ഥാനത്താണ്. ടി.പി.രാമകൃഷ്ണനും കെ.ടി.ജലീലിനും സ്വര്‍ണമില്ല. കെ.രാജുവിന്റെയും ജെ.മേഴ്സിക്കുട്ടിയമ്മയുടെയും പക്കല്‍ അഞ്ചു പൈസ എടുക്കാനുമില്ല. എ.സി.മൊയ്തീന്റെ പക്കലാണെങ്കിലോ, ആവശ്യത്തിനു പണവും ആറരലക്ഷം രൂപ. ജി.സുധാകരനും കെ.കെ.ശൈലജയ്ക്കും രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും ഒരു ലക്ഷത്തിലേറെ രൂപ കൈവശമുണ്ട്.
പ്രതിമാസം 55,012 രൂപ ശമ്പളമായി കൈപ്പറ്റുന്നുവെന്നു മിക്ക മന്ത്രിമാരും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയപ്പോള്‍ ജി.സുധാകരന്‍ മാത്രം വേറിട്ടുനിന്നു. ശമ്പളവും അവലന്‍സുകളും മറ്റെല്ലാ ആനുകൂല്യങ്ങളും ചേര്‍ത്ത് ആകെ 98,640 രൂപ വാങ്ങുന്നുണ്ടെന്നു സുധാകരന്‍ വെളിപ്പെടുത്തി. പക്ഷേ, മാസവരുമാനം വെറും 1000 രൂപയാണെന്നു രാമചന്ദ്രന്‍ കടന്നപ്പള്ളി എഴുതിയതിനു കാരണമെന്തെന്ന് ഉദ്യോഗസ്ഥര്‍ക്കും വിശദീകരിക്കാനാകുന്നില്ല.
മാത്യു ടി.തോമസ്, കെ.രാജു എന്നിവര്‍ക്കു മൂന്നു വണ്ടി സ്വന്തമായുള്ളപ്പോള്‍ മുഖ്യമന്ത്രി, സുധാകരന്‍, എം.എം.മണി, ടി.പി.രാമകൃഷ്ണന്‍, പി.തിലോത്തമന്‍ എന്നിവര്‍ക്ക് ഒന്നു പോലുമില്ല. മറ്റുള്ളവര്‍ക്ക് ഒരോന്നു വീതം മാത്രം.
കെ.ടി.ജലീലിന് 1.10 കോടി രൂപയുടെയും എ.സി. മൊയ്തീന് 70 ലക്ഷത്തിന്റെയും സുധാകരന് 57 ലക്ഷത്തിന്റെയും മാത്യു ടി.തോമസിന് 51 ലക്ഷത്തിന്റെയും ഇന്‍ഷുറന്‍സുണ്ട്. മുഖ്യമന്ത്രിക്കും ഒന്‍പതു മന്ത്രിമാര്‍ക്കും ഇന്‍ഷുറന്‍സേ ഇല്ല. പാരമ്പര്യമായി കിട്ടിയ സ്വത്തും സ്വര്‍ണവും ഒക്കെയാണു പക്കലുള്ളതെന്നു മന്ത്രിമാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2011-12 മുതലാണു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആസ്തിവിവരങ്ങള്‍ വെളിപ്പെടുത്തിത്തുടങ്ങിയത്. കഴിഞ്ഞ മന്ത്രിസഭായോഗം മന്ത്രിസഭാംഗങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് മാസവരുമാനം 79,364 രൂപയാണ്. 2.20 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കൈവശമുള്ളത്. 22.77 ലക്ഷം രൂപ നിക്ഷേപവും 95.5.സെന്റ് ഭൂമിയുമാണ് പിണറായി വിജയനുള്ളത്. 2.17 ലക്ഷം രൂപ മാസവരുമാനവും, 11 ലക്ഷത്തിന്റെ സ്വര്‍ണവും 2.35 കോടി നിക്ഷേപവും 27.96 സെന്റ് ഭൂമിയുമാണ് എ.കെ.ബാലനുള്ളത്.
55,012 രൂപയാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ മാസവരുമാനം. 1.40 ലക്ഷമാണ് നിക്ഷേപം. 55,012 രൂപയാണ് കടകംപള്ളി സുരേന്ദ്രന്‍, എ.സി.മൊയ്തീന്‍, ടി.പി.രാമകൃഷ്ണന്‍, ജെ.മേഴ്സിക്കുട്ടിയമ്മ, കെ.ടി.ജലീല്‍, ഇ.ചന്ദ്രശേഖരന്‍, കെ.രാജു, വി.എസ്.സുനില്‍ കുമാര്‍, എ.കെ.ശശീന്ദ്രന്‍, മാത്യു ടി.തോമസ് എന്നിവരുടെ മാസവരുമാനം.
5.50 ലക്ഷത്തിന്റെ സ്വര്‍ണമാണ് കടകംപള്ളിക്കുള്ളത്. 46.56 ലക്ഷം നിക്ഷേപവും 64 സെന്റ് ഭൂമിയും കടകംപള്ളി സുരേന്ദ്രന് സ്വന്തമായുണ്ട്.
എ.സി.മൊയ്തീന് 2.60 ലക്ഷത്തിന്റെ സ്വര്‍ണവും 6.38 ലക്ഷം നിക്ഷേപവും 33 സെന്റ് ഭൂമിയുമാണുള്ളത്. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന് 1.15 ലക്ഷം രൂപ മാസവരുമാനവും 5.55 ലക്ഷത്തിന്റെ സ്വര്‍ണവും 15.48 ലക്ഷം നിക്ഷേപവും 1.34 ഏക്കര്‍ ഭൂമിയും സ്വന്തമായുണ്ട്.
ജി.സുധാകരന് 98,640 രൂപ മാസവരുമാനവും 3.33 ലക്ഷത്തിന്റെ സ്വര്‍ണവും 20 ലക്ഷം നിക്ഷേപവും 49 സെന്റ് ഭൂമിയുമുണ്ട്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് 69,273 രൂപ മാസവരുമാനവും 1.67 ലക്ഷത്തിന്റെ സ്വര്‍ണവും 5.39 ലക്ഷം നിക്ഷേപവും 2.09 ഏക്കര്‍ ഭൂമിയും സ്വന്തമായുണ്ട്.
ടി.പി.രാമകൃഷ്ണന് 2.98 ലക്ഷം നിക്ഷേപവും 26 സെന്റ് ഭൂമിയുമാണ് സ്വന്തമായുള്ളത്. ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് 1.77 ലക്ഷത്തിന്റെ സ്വര്‍ണവും 2.41 ലക്ഷത്തിന്റെ നിക്ഷേപവും 60 സെന്റ് ഭൂമിയുമാണുള്ളത്. 1.77 ലക്ഷത്തിന്റെ സ്വര്‍ണവും 2.41 ലക്ഷം നിക്ഷേപവും 60 സെന്റ് ഭൂമിയുമാണ് ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കുള്ളത്.
58,345 രൂപയാണ് എം.എം.മണിയുടെ മാസവരുമാനം. 1.55 ലക്ഷത്തിന്റെ സ്വര്‍ണവുമുണ്ട്. 62,243 രൂപയുടെ നിക്ഷേപവും 84 സെന്റ് ഭൂമിയുമാണ് മണിക്കുള്ളത്. കെ.ടി.ജലീലിന് 21.19 ലക്ഷം നിക്ഷേപമാണുള്ളത്. 16.5 സെന്റ് ഭൂമിയാണ് സ്വന്തമായുള്ളത്. ഇ.ചന്ദ്രശേഖരന് 3.77 ലക്ഷത്തിന്റെ സ്വര്‍ണമാണുള്ളത്. 16,44 ലക്ഷത്തിന്റെ നിക്ഷേപവും 41 സെന്റ് ഭൂമിയും സ്വന്തമായുണ്ട്.
1.55 ലക്ഷത്തിന്റെ സ്വര്‍ണവും 31.58 ലക്ഷത്തിന്റെ നിക്ഷേപവും 1.52 ഏക്കര്‍ ഭൂമിയുമാണ് കെ.രാജുവിനുള്ളത്. പി.തിലോത്തമന് 1.05 ലക്ഷം മാസവരുമാനവും 4.18 ലക്ഷം രൂപയുടെ സ്വര്‍ണവുമാണ് സ്വന്തമായുള്ളത്. ഒപ്പം 4.27 ലക്ഷം രൂപ നിക്ഷേപവും 21 സെന്റ് ഭൂമിയുമുണ്ട്. 2.83 ലക്ഷത്തിന്റെ സ്വര്‍ണവും 95,589 രൂപ നിക്ഷേപവുമാണ് വി.എസ്.സുനില്‍ കുമാറിനുള്ളത്. 29 സെന്റ് ഭൂമിയുമുണ്ട്.
എ.കെ.ശശീന്ദ്രന് 7.10 ലക്ഷം രൂപയുടെ സ്വര്‍ണവും 71.16 ലക്ഷം രൂപ നിക്ഷേപവും 2.80 ഏക്കര്‍ ഭൂമിയും സ്വന്തമായുണ്ട്. മാത്യു.ടി.തോമസിന് 4.84 ലക്ഷം രൂപയുടെ സ്വര്‍ണവും 39.32 ലക്ഷം രൂപ നിക്ഷേപവും 1.28 ഏക്കര്‍ ഭൂമിയുമാണുള്ളത്. എന്നാല്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി വെറും 1000 രൂപയാണ് മാസവരുമാനം കാണിച്ചിരിക്കുന്നത്. 99000 രൂപയുടെ സ്വര്‍ണവും 63,822 രൂപ നിക്ഷേപവും 83 സെന്റ് ഭൂമിയും മാത്രമാണുള്ളതെന്നാണ് മന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്.