കന്യാസ്ത്രീ പീഡനം: ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പിനെതിരെ വാര്‍ത്ത കൊടുക്കുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് ജലന്ധര്‍ രൂപത

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വാര്‍ത്ത കൊടുക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജലന്തര്‍ രൂപത. ദേശീയ വനിതാ കമ്മീഷനും കേരളത്തിലെ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും വിഷയത്തില്‍ ഇടപെട്ടതോടെ ബിഷപ്പും രൂപതയും കൂടുതല്‍ പ്രതിസന്ധിയിലായി. ഇതിന് പിന്നാലെയാണ് ബിഷപ്പിനെതിരേ വ്യാജ വാര്‍ത്തകള്‍ നല്‍കുകയാണെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ജലന്തര്‍ രൂപത രംഗത്തെത്തിയിരിക്കുന്നത്.

കേസ് ഒതുക്കാന്‍ അഞ്ചുകോടിയും കന്യാസ്ത്രീക്ക് സഭയില്‍ ഉന്നത സ്ഥാനവും നല്‍കാമെന്ന വാഗ്ദാനവുമായി ബിഷപ്പിന്റെ അനുയായികള്‍ രംഗത്തെത്തിയെന്ന് അടുത്തിടെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് വാര്‍ത്തയാക്കിയതോടെയാണ് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ജലന്തര്‍ രൂപത പിആര്‍ഒ ഫാദര്‍ പീറ്റര്‍ കാവുമ്പുറം വാര്‍ത്താക്കുറിപ്പിറക്കിയത്. ‘കേസ് തീര്‍ക്കാന്‍ അഞ്ചു കോടിയും ഉന്നത സ്ഥാനവും ബിഷപ്പിന്റെ വാഗ്ദാനം സുഹൃത്തിലൂടെ എന്ന തലക്കെട്ടോടെ ചില മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പടുകയുണ്ടായി. അത്തരത്തിലുള്ള യാതൊരുതര നീക്കങ്ങളും അഭിവന്ദ്യ പിതാവിന്റെ ഭാഗത്തു നിന്നോ പിതാവിന്റെ ബന്ധുക്കളുടെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ലെന്നും പച്ചക്കള്ളമാണെന്നും ഔദ്യോഗികമായി അറിയിക്കുന്നു. സിറോ മലബാര്‍ സഭയിലെ വലിയ പിതാവിനെതിരേ വരെ ബ്ലാക്മെയില്‍ ലക്ഷ്യത്തോടെ അങ്ങോട്ട് ഫോണ്‍ ചെയ്തു ഓരോരോ കാര്യങ്ങള്‍ ചോദിച്ചു തനിക്കാവശ്യമുള്ള ഉത്തരം കിട്ടാത്തിടത്തൊക്കെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു ചോദിച്ച് റെക്കോര്‍ഡ് ചെയ്തു തെളിവുകള്‍ കെട്ടിച്ചമക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബ്ലാക്ക്മെയില്‍ തന്ത്രങ്ങള്‍ പരീക്ഷിച്ചു പരാജയപ്പെട്ടപ്പോള്‍ അടുത്ത ഒരു തന്ത്രവുമായി ചിലര്‍ ഇറങ്ങിയിരിക്കുകയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.’ പത്രക്കുറിപ്പില്‍ പറയുന്നു.

ജലന്ധര്‍ രൂപത പുറത്തിറക്കിയ പത്രക്കുറിപ്പ്

ഇതിനിടെ ഫ്രാങ്കോ മുളയ്ക്കലിനെ അടിയന്തരമായി പദവിയില്‍ നിന്നു നീക്കണമെന്ന ആവശ്യവുമായി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വനിതാ സംഘടനകള്‍ രംഗത്തെത്തി. ദേശീയ വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ വി.മോഹിനി ഗിരി, നാഷണല്‍ വുമണ്‍സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ എന്നിവരുടെ നേതൃത്വത്തിലാണ് ബിഷപ്പിനെ സ്ഥാനത്തു നിന്നു നീക്കാന്‍ സഭ നടപടിയെടുക്കണമെന്ന ആവശ്യവുമായി വനിതാ സംഘടനകള്‍ രംഗത്തിറങ്ങിയത്. ഇതുസംബന്ധിച്ച് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജംബതിസ്‌കോ ദിസ്‌കാതോയ്ക്കു വനിതാ സംഘടനകള്‍ നിവേദനവും നല്‍കിയിട്ടുണ്ട്.

ആരോപണവിധേയനായ ബിഷപ്പ് അധികാരത്തില്‍ തുടര്‍ന്നുകൊണ്ടു നടത്തുന്ന അന്വേഷണം നീതി പൂര്‍വകമാകില്ലെന്നും അതുകൊണ്ടുതന്നെ കുറ്റാരോപിതനായ വ്യക്തി അന്വേഷണം കഴിയുന്നതുവരെ അധികാരത്തില്‍ നിന്നു മാറി നില്‍ക്കണമെന്നുമാണ് വനിതാ സംഘടനകളുടെ ആവശ്യം. ബിഷപ്പിനെ മാറ്റാന്‍ വത്തിക്കാനു മാത്രമേ അധികാരമുള്ളൂവെന്നതിനാല്‍ വത്തിക്കാനില്‍ സമ്മര്‍ദ്ദം ചെലുത്തി ബിഷപ്പിനെ മാറ്റാന്‍ വത്തിക്കാന്‍ സ്ഥാനപതി നടപടി സ്വീകരിക്കണമെന്നാണ് വനിതാ സംഘടനകള്‍ ആവശ്യപ്പെടുന്നത്. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സംഘടനകള്‍ കൂടി ബിഷപ്പിനെതിരായി രംഗത്തെത്തിയതോടെ ബിഷപ്പിനെതിരായ പ്രതിഷേധം പുതിയ തലത്തിലെത്തിയിരിക്കുകയാണ്.

അടുത്തിടെ ബിഷപ്പിനെതിരേ നടപടിയാവശ്യപ്പെട്ട് വൈദികരും, കന്യാസ്ത്രീകളും വിശ്വാസികളും ഉള്‍പ്പെടുന്ന സംഘം സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനും വത്തിക്കാന്‍ സ്ഥാനപതി ജംബതിസ്‌കോ ദിസ്‌കാതോയ്ക്കും കത്തു നല്‍കിയിരുന്നു. ഇവര്‍ക്കു നല്‍കാന്‍ ഒപ്പുശേഖരണവും ആരംഭിച്ചിട്ടുണ്ട്. ഇതേസമയം, ബിഷപ്പിനെ അനുകൂലിച്ച് ഒരു വിഭാഗം സോഷ്യല്‍ മീഡിയ ക്യാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular