അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു; ചിത്രീകരണം അടുത്ത മാസം ആരംഭിക്കും

കോഴിക്കോട്: ക്യാമ്പസില്‍ വെച്ച് കുത്തേറ്റുമരിച്ച എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ. നേതാവുമായിരുന്ന അഭിമന്യുവിന്റെ ജീവിതകഥ സിനിമയാക്കുന്നു. ആര്‍.എം.സി.സി. പ്രെഡക്ഷന്‍സിന്റെ ബാനറില്‍ നവാഗത സംവിധായകന്‍ വിനീഷ് ആരാധ്യ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയ്ക്ക് ‘പത്മവ്യൂഹത്തിലെ അഭിമന്യു’ എന്നാണു ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

അഭിമന്യുവിന്റെ ജീവിതവും കൊലപാതകവും സിനിമയിലുണ്ടാകുമെന്നു സംവിധായകന്‍ വിനീഷ് ആരാധ്യ പത്രസമ്മേളനത്തില്‍ പറഞ്ഞു. അടുത്തമാസം ചിത്രീകരണമാരംഭിക്കുന്ന സിനിമ നിര്‍മിക്കുന്നത് വാട്സ്ആപ്പ് കൂട്ടായ്മയാണ്്. കേരളത്തിലാദ്യമായി ഒരു നവ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന സിനിമയില്‍ ഒട്ടേറെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും വേഷമിടും.

കോഴിക്കോട്, എറണാകുളം, മൂന്നാര്‍ എന്നിവിടങ്ങളിലാണു ചിത്രീകരണം. അഭിമന്യുവിനെ അവതരിപ്പിക്കുന്നത് പുതുമുഖമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുമുഖങ്ങള്‍ക്കായുള്ള ഓഡിഷന്‍ ഈ മാസം 28ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. സെപ്റ്റംബറില്‍ ചിത്രീകരണം പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. സിനിമാപ്രവര്‍ത്തകരായ അജയ് ഗോപാല്‍, സുനില്‍ ദത്ത്, ഇസ്മയില്‍ കാവില്‍, അനസ് കടലുണ്ടി, സരീഷ് ലച്ചു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Similar Articles

Comments

Advertismentspot_img

Most Popular