ജോര്‍ജുകുട്ടിയെ കുടുക്കാന്‍ സാം അലക്‌സ്!!! ദൃശ്യവും മെമ്മറീസും ചേര്‍ത്തൊരുക്കി ഒരു കിടിലന്‍ വീഡിയോ

ദൃശ്യത്തിലെ അതിബുദ്ധിമാനായ ജോര്‍ജുകുട്ടിയെ കുടുക്കാന്‍ കച്ചകെട്ടി മെമ്മറീസിലെ സാം അലക്സ്. ജീതു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ വമ്പന്‍ ഹിറ്റുകളായ ദൃശ്യത്തിന്റെയും മെമ്മറീസിന്റെയും ഭാഗങ്ങള്‍ വിദഗ്ദ്ധമായി എഡിറ്റ് ചെയ്തിറക്കിയ 2 WISERS എന്ന വീഡിയോ യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലാകുന്നു.

മലയാളത്തിലെ ജനപ്രിയ ത്രില്ലറുകളില്‍ പ്രധാനപ്പെട്ട ദൃശ്യത്തിന്റെയും മെമ്മറീസിന്റെയും കഥ ഒറ്റച്ചരടില്‍ കോര്‍ത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ജി.പി.എസ് റിമിക്സ് ചാനല്‍ എന്ന യുട്യൂബ് ചാനല്‍ പുറത്തിറക്കിയ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

രണ്ട് ചിത്രങ്ങളിലെയും ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത സാമ്യതകളെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് അതൊരു വീഡിയോ ആക്കാം എന്ന് തോന്നിയതെന്ന് എഡിറ്ററായ ജിബിന്‍ പൗലോസ് സജി വീഡിയോയ്ക്കൊപ്പം ചേര്‍ത്തിട്ടുള്ള കുറിപ്പില്‍ പറയുന്നു.

ദൃശ്യത്തിലെ വരുണ്‍ കാണാതാകുന്ന കേസ് മെമ്മറീസിലെ പൃഥ്വിരാജ് കഥാപാത്രമായ സാം അലക്സ് അന്വേഷിക്കുന്നതായിട്ടാണ് 2 WISERS എന്ന എഡിറ്റ് വീഡിയോയിലെ കഥ മുന്നോട്ട് പോകുന്നത്.
മുന്‍പും വ്യത്യസ്ത സിനിമകള്‍ കൂട്ടിച്ചേര്‍ത്ത വീഡിയോകള്‍ ഇറക്കിയിട്ടുണ്ട് ജിബിന്‍ പൗലോസിന്റെ ജി.പി.എസ് റിമിക്സ്. ഇവരുടെ അണ്‍ഒഫിഷ്യല്‍ ട്രെയിലറുകള്‍ക്കും ആരാധകരേറെയാണ്. രണ്ടാഴ്ച തികയുന്നതിനുള്ളില്‍ രണ്ട് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്.

SHARE