കോട്ടയത്ത് മനോദൗര്‍ബല്യമുള്ള മകന്‍ അച്ഛനെ വെട്ടിക്കൊന്നു!!! കൊല്ലപ്പെട്ടത് കിടപ്പ് രോഗിയായ ഭാര്യയുടേയും മകളുടേയും എക ആശ്രയം

കോട്ടയം: കോട്ടയത്ത് മനോദൗര്‍ബല്യമുള്ള മകന്‍ അച്ഛനെ വെട്ടിക്കൊന്നു. ചാന്നാനിക്കാട് ഇടയാടിക്കരോട്ട് ശിവരാമന്‍ ആചാരി (80)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ രാജേഷി(50)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി ഏഴരയോടെ വീട്ടിലെത്തിയ ബന്ധുക്കളാണ് ശിവരാമന്‍ ആചാരിയെ ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. അടുക്കളയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ ശിവരാമന്‍ ആചാരിയുടെ ഭാര്യ സാവിത്രിയും മകള്‍ ബിന്ദുവുമാണുള്ളത്. ഇരുവരും രോഗികളായി കിടപ്പിലായതിനാല്‍ സംഭവം നടന്നത് പുറത്തറിയാന്‍ വൈകി. തൊട്ടടുത്ത ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി രാജേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം മാറിതാമസിക്കുകയായിരുന്നു രാജേഷ്. ഇന്നലെ മാതാപിതാക്കളെ കാണാന്‍ എത്തിയ രാജേഷ് രോഗലക്ഷണങ്ങള്‍ കാണിച്ചതോടെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ശിവരാമന്‍ ആചാരി ബന്ധുക്കളെ ഫോണില്‍ വിളിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇതുകേട്ടു പ്രകോപിതനായ രാജേഷ് ആക്രമണം നടത്തിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മനോദൗര്‍ബല്യമുള്ള രാജേഷ് ഇടയ്ക്കിടെ ആക്രമണ സ്വഭാവം കാണിക്കുന്ന കൂട്ടത്തിലായിരുന്നു. കിടപ്പുരോഗികളായ സാവിത്രിയുടെയും ബിന്ദുവിന്റെയും ഏക ആശ്രയമായിരുന്നു ശിവരാമന്‍ ആചാരി. പനച്ചിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്സ് ആഴ്ചയിലൊരിക്കല്‍ എത്തിയാണ് ഇവരെ പരിചരിച്ചിരുന്നത്.

സാവിത്രിയെയും ബിന്ദുവിനെയും സമീപത്തെ ബന്ധുവീട്ടിലേക്ക് മാറ്റി. വീടിന് സീല്‍വച്ച് പൊലീസ് കാവലും ഏര്‍പ്പെടുത്തി. ഇന്ന് ഫോറന്‍സിക് വിഭാഗം പരിശോധനയ്ക്ക് എത്തും. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍കോളെജ് ആശുപത്രിയിലേക്ക് മാറ്റും.

SHARE