ആ രണ്ടു ദിവസങ്ങളിലാണ് ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിച്ചത്

എണ്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്ന താരമാണ് നാദിയ മൊയ്തു. എന്നാല്‍ ഇടയ്ക്ക് വച്ച് മലയാള സിനിമയില്‍ നിന്നു താരം അപ്രത്യക്ഷയായി. ഇപ്പോള്‍ മോഹന്‍ലാല്‍ നായകനാകുന്ന നീരാളിയില്‍ നായികയായി എത്തിയിരിക്കുകയാണ് നടി. അഭിനയ ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിട്ടിട്ടില്ലെങ്കിലും ജീവിതത്തില്‍ തനിക്ക് തരണം ചെയ്യേണ്ടി വന്ന വെല്ലുവിളിയെക്കുറിച്ച് നാദിയ മനസ്സ് തുറക്കുകയാണ്. ജീവിതത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിസ്സാഹയവസ്ഥയാണെന്നാണ് നാദിയ പറയുന്നത്. മുബൈ നഗരത്തെ മുക്കിയ വെള്ളപ്പൊക്കങ്ങളില്‍ ഒന്നില്‍ കുടുംബത്തിലെയാരും കൂടെയില്ലാതെ മുറിവ് പറ്റിയ കാലുമായി നിസ്സഹായയായി രണ്ട് ദിവസം കഴിയേണ്ടി വന്ന ദുരനുഭവം പങ്കുവയ്ക്കുകയാണ് നദിയ.

നദിയയുടെ വാക്കുകള്‍:

‘ ഞാന്‍ ഭയക്കുന്ന വെല്ലുവിളികളില്‍ ഒന്നാണ് നിസ്സഹായാവസ്ഥ. ഏകാന്തതയാണോ അതോ നിസ്സഹായാവസ്ഥയാണോ ഏറ്റവും മോശം എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അത് നിസ്സഹായാവസ്ഥയാണെന്ന്. അതിന് കൃത്യമായ കാരണവുമുണ്ട്. 2006ല്‍ ഞാനും കുടുംബവും മുംബൈയില്‍ വെക്കേഷന്‍ ചിലവഴിക്കാന്‍ വന്നതായിരുന്നു. അപ്പോഴാണ് മുബൈയില്‍ കനത്ത വെള്ളപൊക്കം വന്നത്. എന്റെ കുടുംബം ആ സമയത്ത് പുറത്ത് പോയിരിക്കുകയായിരുന്നു.

കാലിന് പരിക്ക് പറ്റിയത് കാരണം ഞാന്‍ വീട്ടില്‍ തന്നെയിരുന്നു. പുറത്ത് പോയ ഭര്‍ത്താവും കുട്ടികളും ബാക്കി കുടുംബവും എല്ലാം തന്നെ അവിടെ പെട്ടുപോയി. രണ്ട് ദിവസത്തോളം എനിക്കവരെ കാണാന്‍ പറ്റിയില്ല. മറ്റ് കുടുംബങ്ങളോടൊപ്പം എനിക്ക് രണ്ടു ദിവസം നില്‍ക്കേണ്ടി വന്നു. കഴുത്തൊപ്പം വെള്ളത്തിലാണ് എന്റെ കുട്ടികളെയും കുടുബത്തെയും തിരിച്ചെത്തിച്ചതും വഴിയില്‍ പെട്ടവരെയൊക്കെ സഹായിച്ചതും. ആ രണ്ട് ദിവസങ്ങളിലാണ് ഞാന്‍ ഏറ്റവുമധികം സമ്മര്‍ദ്ദം അനുഭവിച്ചത്. ആ സമയം ഞാന്‍ അനുഭവിച്ച നിസ്സഹായത വളരെ വലുതാണ്. ജീവിതത്തില്‍ ഇങ്ങനെ പല അവസ്ഥകളും നമ്മുടെ മുന്നില്‍ വരും. അത് പലതും പഠിക്കാനുള്ള അവസരമായാണ് ഞാന്‍ കാണുന്നത്. അതുകൊണ്ടാണ് ജീവിതത്തെ നമ്മള്‍ നന്ദിയോടെ കാണുന്നത്. നാളെ എന്ത് നടക്കുമെന്ന് ആര്‍ക്കും അറിയില്ലല്ലോ.?

SHARE