മാധ്യമങ്ങള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു, ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് അവര്‍ വളച്ചൊടിച്ച് വാര്‍ത്തയാക്കിയത്; മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് മോഹന്‍ലാല്‍

‘അമ്മ’യിലെ വിവാദങ്ങള്‍ക്ക് മറുപടിയായി പ്രസിഡന്റ് മോഹന്‍ലാല്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരിന്നു. മോഹന്‍ലാലിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് വരുകയും ചെയ്തിരിന്നു. എന്നാല്‍ താന്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ വളച്ചൊടിച്ച് ഉണ്ടാക്കിയതെന്ന് മോഹന്‍ലാല്‍. കൊച്ചിയില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ യോഗത്തിലാണ് മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ചത്. ഫെഫ്ക-അമ്മ-പ്രൊഡ്യൂസേഴ്സ് അസ്സോസ്സിയേഷന്‍ എന്നിവയുടെ സംയുക്ത താരനിശയേക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, നടന്‍ അജു വര്‍ഗീസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

മാധ്യമങ്ങള്‍ സംഘടനയെ വേട്ടയാടുകയാണെന്നും വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍ യോഗത്തില്‍ പറഞ്ഞു. ഈ അഭിപ്രായത്തെ ശരിവെച്ചാണ് മോഹന്‍ലാലും സംവിധായകന്‍ രണ്‍ജി പണിക്കരും സംസാരിച്ചത്. പത്രം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയതിന് ശേഷം മാധ്യമങ്ങളില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവങ്ങളെന്ന ആമുഖത്തോടെയാണ് അദ്ദേഹം സംസാരിച്ച് തുടങ്ങിയത്.

രൂക്ഷവിമര്‍ശനമാണ് രണ്‍ജിപണിക്കര്‍ മാധ്യമങ്ങള്‍ക്കെതിരെ നടത്തിയത്. മാധ്യമങ്ങളില്‍ സംഘടനയുടെ അഭിപ്രായം പറയാന്‍ പാനല്‍ ഉണ്ടാക്കണമെന്ന് സംവിധായകന്‍ സിദ്ദീഖ് നിര്‍ദേശിച്ചു. ദിലീപിനെ സംഘടന പുറത്താക്കിയത് എന്തിനായിരുന്നു എന്നാണ് രാമലീലയുടെ സംവിധായകന്‍ അരുണ്‍ഗോപിക്ക് അറിയേണ്ടിയിരുന്നത്. അദ്ദേഹം അത് യോഗത്തില്‍ ഉന്നയിക്കുകയും ചെയ്തു.

എറണാകുളം പ്രസ് ക്ലബ്ബില്‍ തിങ്കളാഴ്ച ആയിരുന്നു മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനം നടത്തിയത്. സഹനടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും അതേസമയം ദിലീപിനായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വാര്‍ത്താസമ്മേളനത്തിലെ പല പരാമര്‍ശങ്ങളും ഏറെ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിന്റെ വിമര്‍ശനം.

SHARE