അഭിമന്യുവിനെ കുത്തിയത് പ്രത്യേക കത്തി ഉപയോഗിച്ച്; മരണം ഉറപ്പാക്കാന്‍ ഹൃദയത്തിന് നേരിട്ട് മുറിവേല്‍ക്കുന്ന സ്ഥാനത്ത് കുത്തിയത് പ്രൊഫഷണല്‍ കൊലയാളി

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് എം. അഭിമന്യുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് കൊലപാതകത്തിന് വേണ്ടി പ്രത്യേകം തയാറക്കിയ കത്തി ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്.
അഭിമന്യു മരിക്കാന്‍ ഇടയാക്കിയ കുത്ത് അങ്ങേയറ്റം മാരകമാണ്. കൊലപാതകത്തിനുവേണ്ടി മാത്രം രൂപപ്പെടുത്തിയ തരം കത്തിയാണു കൊലയാളി സംഘം ഉപയോഗിച്ചത്. ആന്തരികാവയവങ്ങള്‍ക്കു മാരക മുറിവേല്‍പിച്ചു വലിയ തോതില്‍ രക്തസ്രാവത്തിന് ഇതു വഴിയൊരുക്കും. ഹൃദയത്തിനു നേരിട്ടു മുറിവേല്‍ക്കുന്ന സ്ഥാനത്താണു കൊലയാളി കുത്തിയത്. ഇരയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനല്ല, മരണം ഉറപ്പാക്കാനാണ് ഇത്തരം ആക്രമണം. കൊലയാളിയുടെ ആദ്യ ആക്രമണമല്ല ഇതെന്നാണു കുത്തിന്റെ സ്ഥാനവും കൃത്യതയും സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അക്രമിസംഘം നഗരത്തില്‍ തമ്പടിച്ച ലോഡ്ജ് കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. പൊലീസിന്റെ ചോദ്യംചെയ്യല്‍ നേരിടാന്‍ പരിശീലനം ലഭിച്ചവരുടെ രീതിയിലാണ് അറസ്റ്റിലായ ഫോര്‍ട്ട്‌കൊച്ചി സ്വദേശി റിയാസിന്റെ പെരുമാറ്റം.

കേസിലെ പ്രതികളായ പത്തനംതിട്ട മല്ലപ്പള്ളി ഫറൂഖ് (19), കോട്ടയം കറുകച്ചാല്‍ കങ്ങഴ ബിലാല്‍ (19), ഫോര്‍ട്ടുകൊച്ചി സ്വദേശി റിയാസ് (31) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൂട്ടുപ്രതികളായ ഒന്‍പതു പേരെ കണ്ടെത്താന്‍ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇവര്‍ക്കെതിരെ തെരച്ചില്‍ നോട്ടിസ് ഉടന്‍ പുറപ്പെടുവിക്കും.

പുറത്തുനിന്നുള്ള പ്രതികളെ ക്യാംപസിലേക്കു നയിച്ചുകൊണ്ടുവന്നത് മുഹമ്മദാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. കൊലയാളി ഉപയോഗിച്ച ആയുധം പുറത്തുനിന്നു കൊണ്ടുവന്നതാണ്. കാമ്പസിനുള്ളിലും ഇവര്‍ ആയുധം ശേഖരിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.
അഭിമന്യു തല്‍ക്ഷണം കൊല്ലപ്പെടാന്‍ ഇടയാക്കിയ ആഴത്തിലുള്ള മുറിവു പ്രഫഷനല്‍ കൊലയാളിയുടെ ചെയ്തിയെന്നു ഫൊറന്‍സിക് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായുണ്ടായ സംഘര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായ ആസൂത്രിത ആക്രമണമാണ് അഭിമന്യുവും സുഹൃത്ത് അര്‍ജുനും നേരെയുണ്ടായതെന്നു സൂചിപ്പിക്കുന്നതാണ് ഇരുവരുടെയും പരുക്കുകള്‍.

സംഭവദിവസം ഇവര്‍ 12 പേരുടെ സാന്നിധ്യം മഹാരാജാസ് കോളജ് പരിസരത്തുണ്ടായിരുന്നതായി സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ പങ്കാളികളാണ്. മഹാരാജാസ് കോളജ് വിദ്യാര്‍ഥികളായ അറസ്റ്റിലായ പ്രതി ഫറൂക്ക്, ഒളിവില്‍പോയ ബിഎ അറബിക്ക് അവസാന വര്‍ഷ വിദ്യാര്‍ഥി എ.ഐ. മുഹമ്മദ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.
എറണാകുളം മജിസ്‌ട്രേട്ട് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യാനായി ഇന്‍സ്‌പെക്ടര്‍ എ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. പരുക്കേറ്റ കൊട്ടാരക്കര സ്വദേശി അര്‍ജുന്‍ കൃഷ്ണയുടെ (20) നില ഗുരുതരമായി തുടരുന്നു. കരളിന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular