‘എല്ലാ പുരോഗതിയും തട്ടിമാറ്റുന്ന ആര്‍.എസ്.എസില്‍ നിന്ന് രാജി വെക്കുന്നു’ കണ്ണൂരില്‍ സംഘപരിവാര്‍ നേതാക്കളായ ദമ്പതിമാര്‍ സി.പി.എമ്മില്‍

കണ്ണൂര്‍: കണ്ണൂരില്‍ സംഘപരിവാര്‍ നേതാക്കളായ ദമ്പതിമാര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. സംഘപരിവാറിന്റെ ക്രീഡാഭാരതിയുടെ കേരളഘടകം കായികവേദി സംസ്ഥാനകമ്മിറ്റി അംഗം കെ.രാജഗോപാലും ഭാര്യയും മഹിളാമോര്‍ച്ചയുടെ പേരാവൂര്‍ മണ്ഡലം പ്രസിഡന്റുമായ സീമാ രാജഗോപാലുമാണ് സംഘടന വിട്ട് സി.പി.എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ബി.ജെ.പി. സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങളില്‍ പ്രതിഷേധിച്ചാണിതെന്ന് അവര്‍ പറഞ്ഞു.

മഹിളാമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗവുമാണ് സീമ. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാഥിയായി മുഴക്കുന്ന് പഞ്ചായത്ത് ഏഴാംവാര്‍ഡില്‍ മത്സരിച്ചിരുന്നു. നേരത്തേ ആര്‍.എസ്.എസിന്റെ മുഖ്യശിക്ഷക് ആയിരുന്ന രാജഗോപാല്‍ വി.എച്ച്.പി.യുടെ ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിരുന്നു.

സമൂഹത്തിന് ദിശാബോധവും കരുത്തും നല്‍കാന്‍ സംഘപരിവാറിന് ആവില്ല. നാടിനുവേണ്ടിയും സമൂഹത്തിന് വേണ്ടിയും ഒന്നുംചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് സംഘപരിവാര്‍ തങ്ങളെ മാറ്റിയിരിക്കുകയാണ്. എല്ലാ പുരോഗതിയും തട്ടിമാറ്റുന്ന ആര്‍.എസ്.എസില്‍ നിന്ന് രാജിവെക്കുകയാണ്. പ്രധാനമന്ത്രിയുടെ ഏറ്റവും പ്രധാന പരിപാടിയായ സ്വച്ഛ്ഭാരത് ബി.ജെ.പി. ഭരിക്കുന്ന നഗരസഭയില്‍ പോലും നടപ്പാക്കാന്‍ പറ്റിയില്ല -അദ്ദേഹം പറഞ്ഞു.

SHARE