ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ വി.എസ്. പങ്കെടുക്കും; കാര്യ പരിപാടി തിരുത്തി

ആലപ്പുഴ: വിമര്‍ശകരുടെ വായടപ്പിക്കാനായി ഒടുവില്‍ സിപിഎം ജില്ലാ സമ്മേളനത്തില്‍ വി.എസ്.അച്യുതാനന്ദനെ പങ്കെടുപ്പിക്കാന്‍ തീരുമാനം. ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പു സംബന്ധിച്ചു നേരത്തേ നിശ്ചയിച്ച കാര്യപരിപാടി തിരുത്തിയാണു വിഎസിനെ പങ്കെടുപ്പിക്കുന്നത്. വിവിധ ജില്ലാ സമ്മേളനങ്ങളില്‍ വിഎസിനെ പങ്കെടുപ്പിച്ചില്ലെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണു നേതൃത്വത്തിന്റെ തീരുമാനം തിരുത്തിയതെന്ന് സൂചനയുണ്ട്.

ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ഉപരി കമ്മിറ്റി നേതാവായി വി.എസ്.അച്യുതാനന്ദന്‍ മൂന്നു ദിവസവും പങ്കെടുക്കും. വിഎസിനെക്കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വിഎസിനെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്നു ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ നേതൃത്വത്തിന്റെ പ്രതിനിധികള്‍ വി.എസിനെ ക്ഷണിച്ചു.
പാര്‍ട്ടി ചട്ടങ്ങളുടെ സാങ്കേതികത്വം മൂലമാണു വിഎസിനെ നേതൃനിരയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതെന്നാണു സിപിഐഎം നിലപാട്. കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് എന്നിവയിലെ പ്രതിനിധികള്‍ മാത്രമാണു ജില്ലാ സമ്മേളനങ്ങളിലെ ഉപരിസമിതിയില്‍ അംഗങ്ങളാകുന്നത്. കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവ് മാത്രമായ വിഎസിന് ഈ സമിതിയില്‍ ഇരിക്കാന്‍ അര്‍ഹത ഇല്ല.

കായംകുളത്ത് 10നു ജില്ലാ സമ്മേളന സെമിനാര്‍ വിഎസ് ഉദ്ഘാടനം ചെയ്യും. 13 മുതല്‍ 15 വരെ കായംകുളത്തു നടക്കുന്ന ജില്ലാ സമ്മേളനത്തെ ഉപരിസമിതിയില്‍ ഇരുന്നു നിയന്ത്രിക്കും. പിണറായിയുടെയും കോടിയേരിയുടെയും നേതൃത്വത്തിലുള്ള സംസ്ഥാന നേതൃസംഘങ്ങള്‍ മാറിമാറിയാണു വിവിധ ജില്ലാസമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നത്. രണ്ടു പേരും ഒരേ സമ്മളനത്തിനെത്തുന്നത് ആലപ്പുഴയിലാണ്. മുഖ്യമന്ത്രിക്കു തിരക്കുകള്‍ ഉള്ളതിനാലും തിരുവനന്തപുരം സമ്മേളനം മാറ്റിവച്ചതിനാലുമാണു രണ്ടു നേതാക്കളും പങ്കെടുക്കുന്നതെന്നാണ് വിശദീകരണം. പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന തരത്തിലാണ് ആദ്യം ക്രമീകരിച്ചിരുന്നത്. പിണറായിയുടെ നേതൃത്വത്തിലുള്ള നേതൃനിരയ്ക്കായിരുന്നു സമ്മേളനത്തിന്റെ നിയന്ത്രണം. എന്നാല്‍, പിന്നീടു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന കോടിയേരി ബാലകൃഷ്ണന്റെ സംഘത്തിനു സമ്മേളനത്തിന്റെ നിയന്ത്രണം കൈമാറി. സമാപന സമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Similar Articles

Comments

Advertismentspot_img

Most Popular