വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സാഥാനമേൽക്കുന്നതിന് മുന്നോടിയായി നടന്ന വിരുന്നിൽ ഇന്ത്യന്‍ വ്യവസായ പ്രമുഖനും റിലയൻസ് മേധാവി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും പ്രത്യേക അതിഥികളായി. വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്ന വിരുന്നില്‍ പങ്കെടുക്കാനെത്തിയ ഇരുവരുടേയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് നാളെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നത്.
നിതയും മുകേഷ് അംബാനിയും സ്ഥാനാരോഹണത്തിന് മുന്നോടിയായി ട്രംപിന് അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്ത്യ-യുഎസ് ബന്ധങ്ങൾ കൂടുതൽ ആഴത്തിലുള്ളതാകട്ടെയെന്നും രണ്ട് രാഷ്ട്രങ്ങൾക്കും ലോകത്തിനും അഭൂതപൂർവമായ പുരോഗതിക്കും സഹകരണത്തിനും വഴിയൊരുക്കുന്ന നേതൃപദവി അദ്ദേഹത്തിന് ഉണ്ടാകുമെന്നാണ് ശുഭാപ്തിവിശ്വാസമെന്നും അവർ ആശംസിച്ചു.
അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്യുന്നതോടനുബന്ധിച്ച് നടക്കുന്ന ‘കാന്‍ഡില്‍ലൈറ്റ് ഡിന്നറി’ല്‍ പ്രത്യേക ക്ഷണിതാക്കളായ 100 പേരാണ് പങ്കെടുക്കുന്നത്. മുകേഷ് അംബാനിക്ക് പുറമെ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് അടക്കമുള്ള പ്രമുഖരും വിരുന്നിലേക്ക് എത്തിയിട്ടുണ്ട്.
സ്ഥാനാരോഹണത്തിന്റെ ഭാഗമായി നിരവധി പ്രമുഖരുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇത്തരത്തിലാണ് മുകേഷ് അംബാനിയുമായും നിതയുമായും ട്രംപ് കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി മുകേഷ് അംബാനിയുമായുള്ള കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.