നിങ്ങളെ ഇല്ലാതാക്കും; ‘അമ്മയുടെ ഭാരവാഹിയാകുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ നടി ശ്വേതാ മേനോന് ഭീഷണി

കൊച്ചി: താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു വരുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ നടി ശ്വേത മേനോനു ഫോണിലൂടെ ഭീഷണി. ‘നിങ്ങളുടെ മേഖലയിലുള്ളവര്‍ നിങ്ങളെ ഇല്ലാതാക്കും’ എന്നായിരുന്നു ഫോണിലൂടെ ഭീഷണി. ശ്വേത ഉടന്‍തന്നെ പൊലീസില്‍ അറിയിച്ചു. ആളെ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നു പൊലീസ് വിളിച്ചു വരുത്തിയപ്പോള്‍ താന്‍ ഉപദേശിക്കാന്‍ വിളിച്ചതെന്നായിരുന്നു വിശദീകരണം.

40 വയസ്സുകാരനായ കൊച്ചി സ്വദേശി പൊലീസിനു മുന്നിലും സിനിമാ മേഖലയോടുള്ള വെറുപ്പും രോഷവുമായിരുന്നു കാഴ്ചവച്ചത്. തല്‍ക്കാലം കേസ് വേണ്ടെന്നു ശ്വേതയുടെ കുടുംബം നിലപാട് എടുത്തതോടെ ഭീഷണിക്കാരന്‍ തടിയൂരി. ശ്വേതയെ ഇന്നലെ രാവിലെ ഒന്‍പതോടെയാണ് അജ്ഞാത നമ്പറില്‍ നിന്ന് ഇയാള്‍ വിളിച്ചത്. സംസാരിച്ച ശേഷം ഇയാള്‍ പെട്ടെന്നു ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു ശ്വേത വരുന്നതായുള്ള വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയുള്ള ഭീഷണിക്ക് അതുമായി ബന്ധമുണ്ടെന്ന സംശയവും ഉയര്‍ന്നിരുന്നു.

നടിമാരില്‍ നാലുപേരെ ഉള്‍പ്പെടുത്തി താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം കൂട്ടുന്നതായി കഴിഞ്ഞദിവസം വാര്‍ത്ത വന്നിരുന്നു. ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, മുത്തുമണി, ഹണി റോസ് എന്നിവരാണ് കമ്മിറ്റിയിലേക്ക് വരാന്‍ പോകുന്ന വനിതാ താരങ്ങള്‍.

SHARE