ഇളയ കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം; ഭാര്യയുടെ കാമുകന്‍ ഭര്‍ത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കുത്തി

എരുമപ്പെട്ടി: ഭാര്യയുമായുള്ള കുടുംബപ്രശ്‌നം സംസാരിക്കാന്‍ ഭാര്യയുടെ കാമുകന്റെ വീട്ടിലെത്തിയ ഭര്‍ത്താവിനെ കാമുകന്‍ കുത്തി പരിക്കേല്‍പ്പിച്ചു. എറണാകുളം കലൂര്‍ സ്വദേശി കുറ്റിക്കാട്ട് ശങ്കരന്റെ മകന്‍ ഗണേഷിനാണു കുത്തേറ്റത്. ഇയാള്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഗണേഷിന്റെ ഭാര്യയുടെ കൂടെ താമസിക്കുന്ന തളി കൊറ്റുപുറം കോളനിയിലെ അന്‍സാറാണു ബന്ധുക്കളുടെ മുന്നില്‍വച്ചു ഗണേഷിനെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. രണ്ടു കുട്ടികളുടെ അമ്മയായ ഗണേഷിന്റെ ഭാര്യ നാളുകളായി അന്‍സാറിന്റെ കൂടെയാണു താമസം. കൂട്ടത്തില്‍ ജോലിക്ക് കൊണ്ടുപോയാണ് ഗണേശ് അന്‍സാറുമായി കൂട്ടുകാരായത്. ഇതിനിടയില്‍ തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗണേശ് അന്‍സാറുമായി പിണങ്ങുകയായിരുന്നു.

പിന്നീട് ഗണേശിന്റെ ഭാര്യ അന്‍സാറിനൊപ്പം താമസമാരംഭിക്കുകയുമായിരുന്നു. ഏറ്റവും ഇളയ ഒന്നരവയസുള്ള കുഞ്ഞിന്റെ പിതൃത്വത്തിന്റെ പേരിലും ഗണേഷും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടെങ്കിലും ഭാര്യയെയും കുട്ടികളെയും സംരക്ഷിച്ചുകൊള്ളാമെന്നു ഗണേഷ് പറഞ്ഞിരുന്നു.

ഇതേക്കുറിച്ചു സംസാരിക്കാനാണ് അന്‍സാറിന്റെ പിതാവിന്റെ ആവശ്യപ്രകാരം ഇന്നലെ രാവിലെ ഗണേഷും ബന്ധുക്കളും അന്‍സാറിന്റെ വീട്ടിലെത്തിയത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഗണേഷിനെ കുത്തിയത്. എരുമപ്പെട്ടി എസ്.ഐ: വി.പി. സിബീഷിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സംഭവസ്ഥലത്തു കൊണ്ടുപോയി തെളിവെടുപ്പു നടത്തി.

SHARE