കര്‍ണാടകയിലേത് ജനാധിപത്യത്തിന്റെ വിജയം; കമല്‍ ഹാസനുമായി സഹകരിക്കണോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് രജനീകാന്ത്

ചെന്നൈ: കര്‍ണാടകയിലേത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ പരിഹസിക്കലാണെന്നും സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ജനാധിപത്യത്തിന്റെ മൂല്യം ഉയര്‍ത്തിയ സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നും രജനി പറഞ്ഞു

ലോക്സഭയില്‍ മത്സരിക്കുന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമായിരിക്കും. കമല്‍ഹാസന്റെ മുന്നണിയുമായി സഹകരിക്കണോ എന്ന് തീരുമാനിച്ചിട്ടില്ല. ആരെങ്കിലുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് പറയാന്‍ സമയമായിട്ടില്ലെന്നും രജനി പറഞ്ഞു.

കര്‍ണാടകയിലെ ബിജെപിയുടെ കാട്ടികൂട്ടലുകളെ പരിഹസിച്ച് പ്രകാശ് രാജും രംഗത്തെത്തിയിരുന്നു. ‘കര്‍ണാടക കാവി അണിയാന്‍ പോകുന്നില്ല, വര്‍ണശബളമായി തന്നെ തുടരും. കളി തുടങ്ങും മുന്‍പെ കളി അവസാനിച്ചു. ’56 ന് 55′ മണിക്കൂര്‍ പോലും പിടിച്ച് നില്‍ക്കാനായില്ല. അതൊക്കെ മറന്നേക്കൂ. തമാശയ്ക്കപ്പുറം വരാനിരിക്കുന്ന ചെളി പുരണ്ട രാഷ്ട്രീയത്തിന് തയാറെടുക്കൂ… എന്നും നിങ്ങള്‍ക്കൊപ്പം ഞാന്‍ ഉണ്ടാകും’. കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ വീണതിന് പിന്നാലെ പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്.

SHARE