ഇവിടെ അങ്ങയുടെ നിരവധി ആരാധകരുണ്ട്… ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് അര്‍ജുന്‍ കപൂര്‍

പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍. മാന്‍ഡ്രിഡില്‍ വച്ച് റൊണാള്‍ഡോയുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചപ്പോഴാണ് അര്‍ജുന്‍ അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിച്ചത്.

കൂടാതെ ലിവര്‍പൂളിനെതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് മാച്ചില്‍ റൊണാള്‍ഡോയ്ക്ക് ആശംസകളറിയിക്കാനും അര്‍ജുന്‍ കപൂര്‍ മറന്നില്ല. ഫുട്ബോളിനെ കുറിച്ചും, റയല്‍ മാഡ്രിഡിന്റെ വിജയ സാധ്യതയെ കുറിച്ചും ഇരുവരും ദൈര്‍ഘ്യമായ സംഭാഷണം നടത്തിയതായും അടുത്തവൃത്തങ്ങള്‍ പറയുന്നു.

കൂടാതെ റഷ്യയില്‍ ജൂണ്‍ 14ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിനെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫുട്ബോള്‍ ജീവിതം തുടക്കം മുതല്‍ ഏറെ ആകാംക്ഷയോടെ നിരീക്ഷിക്കുന്ന ആളാണ് അര്‍ജുന്‍ കപൂര്‍.

അതിനാല്‍ തന്നെ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയില്‍ അര്‍ജുന്‍ വളരെ ആകാംക്ഷാഭരിതനായിരുന്നുവെന്നും വൃത്തങ്ങള്‍ അറിയിച്ചു. റൊണാള്‍ഡോയ്ക്ക് ഇന്ത്യയില്‍ നിരവധി ആരാധകര്‍ ഉണ്ടെന്നും അതിനാല്‍ ഇന്ത്യയിലേക്കു വരണമെന്നും അര്‍ജുന്‍ ആവശ്യപ്പെട്ടു. തനിക്ക് ഇന്ത്യയിലേക്കു വരാന്‍ വളരെ ആഗ്രഹമുണ്ടെന്നായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം.

SHARE