അവാര്‍ഡ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും; തീരുമാനം അറിയിച്ച് അവാര്‍ഡ് ജേതാക്കള്‍, കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പാര്‍വ്വതി

തിരുവനന്തപുരം: രാഷ്ട്രപതി പുരസ്‌കാരം നല്‍കിയില്ലെങ്കില്‍ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ നിന്നുവിട്ടുനില്‍ക്കുമെന്ന് ദേശീയ പുരസ്‌കാര ജേതാക്കള്‍. കത്തിലൂടെയാണ് തീരുമാനം അവാര്‍ഡ് ജേതാക്കള്‍ കേന്ദ്രസര്‍ക്കാറിനെ അറിയിച്ചത്.

രാഷ്ട്രപതി അല്ലെങ്കില്‍ ഉപരാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്യണമെന്നാണ് പുരസ്‌കാര ജേതാക്കള്‍ ആവശ്യപ്പെട്ടത്. അവാര്‍ഡ് വിതരണ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് യേശുദാസ് ഉള്‍പ്പെടെയുള്ള പുരസ്‌കാര ജേതാക്കള്‍ വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നടി പാര്‍വ്വതി പ്രതികരിച്ചു.

സാധാരണയായി രാഷ്ട്രപതി വിതരണം ചെയ്യുന്ന അവാര്‍ഡുകളില്‍ ഇത്തവണ മാറ്റം കൊണ്ടുവന്നുള്ള സര്‍ക്കാര്‍ നയത്തിനെതിരെയാണ് ഇപ്പോള്‍ പുരസ്‌കാര ജേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദ്യത്തെ 15 അവാര്‍ഡുകള്‍ മാത്രം വിതരണം ചെയ്താല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ബാക്കിയുള്ള അവാര്‍ഡുകള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.

കേന്ദ്രത്തിന്റെ ഈ നയത്തിനെതിരെ അവാര്‍ഡ് ജേതാക്കള്‍ രംഗത്തെത്തുകയായിരുന്നു. ഇത്രയും കാലം തുടര്‍ന്നതുപോലെ എല്ലാ അവാര്‍ഡുകളും രാഷ്ട്രപതി തന്നെ നല്‍കണമെന്നാണ് പുരസ്‌കാര ജേതാക്കളുടെ പ്രധാന ആവശ്യം. സാധാരണനിലയില്‍ ഇന്ത്യയില്‍ ദേശീയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത് രാഷ്ട്രപതിയാണ്. ഇതാദ്യമായാണ് കേന്ദ്രമന്ത്രി അവാര്‍ഡ് വിതരണം ചെയ്യണമെന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ടെത്തിയിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular