‘സുഡു’ ഇപ്പോള്‍ ഹാപ്പിയാണ്!!! നിര്‍മാതാക്കളുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുവെന്ന് സാമുവല്‍ ; പഴയ പോസ്റ്റുകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ‘സുഡാനി ഫ്രം നൈജീരിയ’ ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായുണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്ന് നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍. നിര്‍മ്മാതാക്കള്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അതിനെ തുടര്‍ന്ന് തനിക്ക് മാന്യമായ പ്രതിഫലം ലഭിച്ചുവെന്നും കാണിച്ച് സാമുവല്‍ റോബിന്‍സണ്‍ ഫേസ്ബുക്കില്‍ പുതിയ കുറിപ്പ് പ്രസിദ്ധീകരിച്ചു.

നേരത്തെ ഫേസ്ബുക്കില്‍ എഴുതിയിരുന്ന എല്ലാ പോസ്റ്റുകളും അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു. കേരളത്തില്‍ വിജയകരമായി പ്രദര്‍ശം തുടരുന്ന സിനിമ ചൊവ്വാഴ്ച്ച മദ്ധ്യേഷ്യന്‍ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ഫെയ്സ്ബുക്ക് പോസ്റ്റില്‍ സാമുവല്‍ വിഷയത്തില്‍ ഇടപെട്ട ധനമന്ത്രി തോമസ് ഐസക്കിനു നന്ദി പറഞ്ഞു.

കേരളത്തില്‍ തനിക്ക് വര്‍ണവിവേചനം നേരിട്ടുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് സാമുവല്‍ റോബിന്‍സണ്‍ വിവാദമുയര്‍ത്തിയത്. കേരളത്തില്‍നിന്ന് മടങ്ങി നൈജീരിയയില്‍ എത്തിയ ശേഷം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് തനിക്ക് സിനിമയുടെ നിര്‍മ്മാതാക്കളില്‍നിന്ന് വര്‍ണ വിവേചനം നേരിടേണ്ടി വന്നുവെന്ന കാര്യം ‘സുഡു’ വ്യക്തമാക്കിയത്.

താന്‍ ഒരു കറുത്ത വര്‍ഗക്കാരനായതിനാല്‍ തനിക്ക് അവര്‍ വളരെ കുറച്ച് പണം മാത്രമാണ് തന്നതെന്നും ഇത് തനിക്ക് മനസ്സിലായത് കേരളത്തിലുള്ള മറ്റ് അഭിനേതാക്കളുമായി സംസാരിച്ചപ്പോഴാണെന്ന് സാമുവല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു. ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

സാമുവലുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള തുക നല്‍കിയിരുന്നു എന്നു വ്യക്തമാക്കി നിര്‍മ്മാതാക്കളും രംഗത്തെത്തി. തുടര്‍ന്ന് തനിക്ക് 1,80,000 രൂപമാത്രമാണ് കിട്ടിയതെന്ന് പറഞ്ഞ് സാമുവല്‍ വീണ്ടും പോസ്റ്റിട്ടു. തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ധനകാര്യമന്ത്രി തോമസ് ഐസക്ക്, വി.ടി.ബലറാം എംഎല്‍എ എന്നിവരും സാമുവലിന് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

സാമുവിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍

സുഡാനി ഫ്രം നൈജീരിയുടെ നിര്‍മ്മാതാക്കള്‍ എന്നെ ബന്ധപ്പെട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായി ഞാന്‍ ഉന്നിയിച്ച വേതന പ്രശ്നം പരിഹരിക്കാനായിരുന്നു ഇത്. പ്രശ്ന പരിഹാരത്തിനു വേണ്ടി എനിക്ക് ആവശ്യമായ പ്രതിഫല തുക അവര്‍ തന്നു

ഞാന്‍ നേരിട്ട വംശീയ വിവേചനത്തെ മുന്‍പ് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ ഹാപ്പി ഹൗസ് എന്റര്‍ടെയ്ന്‍മെന്റിന്റെ വിശദീകരണം ലഭിച്ചപ്പോഴാണ് സംഭവം കേവലം തെറ്റിദ്ധാരണയാണെന്ന് മനസിലായത്. എന്റെ മുമ്പത്തെ പ്രസ്താവനകളില്‍ വേദന തോന്നിയവരോട് മാപ്പു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ സംഭവത്തില്‍ വംശീയ വിവചേനമില്ല. കേരളത്തില്‍ വംശയീതയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആഫ്രിക്കാരനു സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ഏഷ്യയിലെ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ് കേരളം.

ഈ പ്രശ്നം പരിഹരിക്കുന്നതിനുപരിശ്രമിച്ച കേരളത്തിലെ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് സാറിനു നന്ദി.

ലോകമെമ്പാടും ഉള്ള് ടെലിവിഷന്‍ മീഡിയ, പത്രങ്ങള്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍, ഫേസ്ബുക്ക് ഫ്രണ്ട്സ് തുടങ്ങിയവര്‍ക്കും നന്ദി. നിങ്ങളുടെ പിന്തുണ കൂടാതെ ഈ കടുത്ത സാഹചര്യത്തെ കൈകാര്യം ചെയ്യാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഇത് സംഭവം സ്നേഹത്തിലും മനുഷ്യത്വത്തിലുമുള്ള എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തി.

ഷൈജു ഖാലിദ്, സക്കറിയ, സമീര്‍ താഹിര്‍ എന്നിവര്‍ക്കതിരെ ആരും വിദ്വേഷം പ്രകടിപ്പിക്കരുത്. ഈ വിഷയം അവസാനിപ്പിക്കുന്നതിന് അവര്‍ നടത്തിയ ശ്രമം അവരുടെ നന്മ കാണിക്കുന്നു. വിവാദത്തിന് മുമ്പ് ഞങ്ങള്‍ കുടുംബത്തെപ്പോലെയായിരുന്നു. എല്ലാ കുടുംബങ്ങളിലെയും പോലെയുള്ള അഭിപ്രായവ്യത്യാസം മാത്രമാണിത്. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമ്പോള്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നു.

Similar Articles

Comments

Advertismentspot_img

Most Popular