വിവാഹബന്ധം വേര്‍പെടുത്തിയില്ലായിരുന്നെങ്കില്‍ മകള്‍ക്ക് താന്‍ തെറ്റായ മാതൃക ആകുമായിരിന്നു; എല്ലാം സഹിച്ചു ജീവിക്കുന്നവളാണ് ഭാര്യയെന്ന് മകള്‍ ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ലിസി

നീണ്ട 26 വര്‍ഷത്തെ വിവാഹബന്ധം ഞാന്‍ വേര്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ മകള്‍ക്ക് താനൊരു തെറ്റായ മാതൃക ആകുമായിരുന്നെന്ന് ലിസി. 2016ലാണ് ലിസി പ്രിയദര്‍ശനുമായുള്ള ബന്ധം അവസാനിപ്പിച്ചത്. എല്ലാം സഹിച്ചും ക്ഷമിച്ചും ഞാന്‍ വിവാഹബന്ധം തുടര്‍ന്നിരുന്നെങ്കില്‍ മകള്‍ക്ക് തെറ്റായ മാതൃകയാകുമായിരുന്നു. എല്ലാം സഹിച്ചു ജീവിക്കുന്നവളാണ് ഭാര്യയെന്ന് എന്റെ മകള്‍ ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. കൂടാതെ സ്ത്രീകളെ ബഹുമാനിക്കാനാണ് എപ്പോഴും മക്കളോട് പറയാറുള്ളത്. ഒരു അഭിമുഖത്തിലാണ് ലിസി ഇക്കാര്യം വ്യക്തമാക്കിയത്.

വിവാഹവുമായി ബന്ധപ്പെട്ട് വീട്ടില്‍ പ്രശ്നമുണ്ടായപ്പോള്‍ വീട് വിട്ട് ഇറങ്ങുക എന്നത് വളരെ എളുപ്പമുള്ള കാര്യമായിരുന്നു. പക്ഷെ ഒന്നും അറിയാത്ത പ്രായത്തില്‍ മക്കളെ ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു. എന്നാല്‍ ഇന്നത്തെ അവസ്ഥ അങ്ങനെയല്ല. അവര്‍ വളര്‍ന്നു. അവര്‍ക്ക് ചിന്തിക്കാന്‍ പ്രായമായിരിക്കുന്നു. അച്ഛനും അമ്മയും ബന്ധം പിരിഞ്ഞതോ മറ്റൊന്നും തന്നെ അവരെ ബാധിക്കുന്നില്ല. മക്കള്‍ക്ക് ജീവിതത്തില്‍ അച്ഛനമ്മമാരുടെ പിന്തുണ വേണം. എന്നാല്‍ അവര്‍ എപ്പോഴും അടുത്ത് വേണമെന്നില്ല.

ഒന്നിനു വേണ്ടിയും ഇഷ്ട്ടപ്പെട്ട ജോലി വേണ്ടെന്നു വയ്ക്കരുത്. അത് താന്‍ ജീവിതത്തില്‍ നിന്ന് പഠിച്ച് പാഠമാണെന്നും താരം പറഞ്ഞു. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് എല്ലാ ത്യജിച്ച് വിവാഹത്തിലേയ്ക്ക് കടക്കുന്നത്. വിവാഹത്തിനായി താന്‍ മതം വരെ മാറിയിട്ടുണ്ട്. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തില്‍ താന്‍ ഒരുപാട് കാര്യങ്ങള്‍ ഉപേക്ഷിച്ചു.

എന്നാല്‍ ഇപ്പോള്‍ അത് വേണ്ടായിരുന്നില്ല എന്ന് തോന്നുണ്ടെന്നും താരം പറഞ്ഞു. കുടുംബത്തിന് വേണ്ടി നിങ്ങള്‍ നിങ്ങളെ തന്നെ ത്യജിച്ചാല്‍ ഭര്‍ത്താവും കുട്ടികളും ഒരിക്കലും നിങ്ങളെ ബഹുമാനിക്കില്ല. ഞങ്ങള്‍ക്ക് വേണ്ടിയാണോ ജീവിതം കളയാന്‍ പറഞ്ഞതെന്നുള്ള ചോദ്യമാകും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുകയെന്നും ലിസി പറഞ്ഞു.

അതേസമയം പ്രിയദര്‍ശന്‍ എന്ന പേരിനൊപ്പമുള്ള വാല് ഉപേക്ഷിച്ച് ഇപ്പോള്‍ നടി തന്റെ പേര് ലിസി ലക്ഷ്മി എന്ന് മാറ്റിയിരിക്കുകയാണ്. മകള്‍ കല്യാണി അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുമ്പോള്‍ തന്നെ് അമ്മയും അഭിനയരംഗത്ത്സജീവമാകുകയാണ്.

SHARE