ന്യൂഡല്‍ഹി: ബിജെപി എംപിമാരുടെ സോഷ്യല്‍ മീഡിയ സാന്നിദ്ധ്യം വര്‍ധിപ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എം.പിമാര്‍ ട്വിറ്ററില്‍ മൂന്നു ലക്ഷം പേരെ വീതം ഫോളോവേഴ്‌സാക്കണമെന്നാണ് മോദിയുടെ ആഹ്വാനം. ട്വിറ്ററില്‍ മോദിയെ പിന്തുടരുന്നവരില്‍ 60 ശതമാനം വ്യാജരാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ പുതിയ നിര്‍ദേശം.
സാമൂഹ്യ മാധ്യമങ്ങളില്‍ ബിജെപിയുടെ സാന്നിധ്യവും സര്‍ക്കാര്‍ അനുകൂല പ്രചാരണവും കൂട്ടുന്നതിന്റെ ഭാഗമായാണ് എംപിമാരോട് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ചുരുങ്ങിയത് മൂന്നു ലക്ഷം പേരെയെങ്കിലും എത്തിക്കണമെന്ന് മോദി നിര്‍ദേശിച്ചത്. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയുടെ വെള്ളിയാഴ്ച നടന്ന യോഗത്തിലായിരുന്നു മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.
ബിജെപിയുടെ 43 എംപിമാര്‍ക്ക് ഇനിയും ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലെന്നും ഉള്ളവരില്‍ 77 പേരുടെ അക്കൗണ്ടുകള്‍ വേരിഫൈ ചെയ്തിട്ടില്ലെന്നും യോഗത്തില്‍ അവതരിപ്പിച്ച കണക്ക് പറയുന്നു.