ഇരകളാകുന്നവര്‍ സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്ന യുവാക്കളാണ്, വന്‍നേതാക്കള്‍ അല്ല, ശുഹൈബ് കൊലപാതകത്തില്‍ കവി സച്ചിദാനന്ദന്റ പ്രതികരണം ഇങ്ങനെ

രാഷ്ട്രീയ കൊലപാതകങ്ങള്‍ ഭീകരമായ സാംക്രമികരോഗത്തിന്റെ സ്വഭാവം കൈവരിക്കുന്നതായി കവി സച്ചിദാനന്ദന്‍. ശുഹൈബിന്റെ കൊലപാതകം കണ്ണൂരില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന കൊലപാതകപരമ്പരയില്‍ ഒരു പുതിയ വഴിത്തിരിവാണ്. രാജ്യത്തെ ജനങ്ങളുടെ മുന്നില്‍ കണ്ണൂരിനെ കൊലനിലമാക്കി മാറ്റുകയാണ് കൊലപാതക പരമ്പര.

ഈ കൊലപാതകങ്ങളില്‍ ഇരകളാകുന്നവര്‍ സാധാരണക്കാരായ യുവാക്കളാണ്. നേതാക്കള്‍ സുരക്ഷിതരാണ്. അവര്‍ സാധാരണ അണികളെ കൊലയ്ക്കു കൊടുത്തു രക്തസാക്ഷികളുടെ എണ്ണം കൂട്ടുവാന്‍ മത്സരിക്കുകയാണ്.ഇത്തരം കൊലപാതക പരമ്പരകള്‍ ജനങ്ങളെ ഭീതിപ്പെടുത്തുന്നു. കണ്ണൂരില്‍ നിന്ന് പുറത്തേയ്ക്കും ഈ പ്രതികാരസംസ്‌കാരം പടര്‍ന്നുപിടിക്കുന്നുണ്ട്. കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ള കാരണങ്ങള്‍ കണ്ടു പിടിക്കാതെ, അവയ്ക്ക് പരിഹാരം തേടാതെ, ഈ അരുംകൊലകള്‍ നിര്‍ത്താനാവില്ലെന്നും സച്ചിദാനന്ദന്‍ പറയുന്നു. ഫെയ്സ്ബുക്കിലാണ് സച്ചിദാനന്ദന്‍ ഇക്കാര്യം പറഞ്ഞത്.

സച്ചിദാനന്ദന്റ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന്റെ കൊലപാതകം കണ്ണൂരില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന കൊലപാതകപരമ്പരയില്‍ ഒരു പുതിയ വഴിത്തിരിവാണ്. തുടര്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പാര്‍ട്ടികള്‍ക്ക് പുറത്തുള്ള ഒരാള്‍ കൂടി വധിക്കപ്പെട്ടതോടെ അത് ഒരു ഭീകരമായ സാംക്രമികരോഗത്തിന്റെ സ്വഭാവം കൈവരിക്കുന്നു. കേരളത്തിലെയും ഇന്ത്യയിലെ തന്നെയും പൊതുജനങ്ങളുടെ കണ്ണില്‍ കണ്ണൂരിനെത്തന്നെ ഒരു കൊലനിലമാക്കിയിരിക്കുന്നു വര്‍ഷങ്ങളായി തുടരുന്ന ഈ കൊലപാതകപരമ്പര. ഇവയില്‍ ഇരകളാകുന്നവര്‍ സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്ന യുവാക്കളാണ്, പ്രതികാരക്കൊലകളില്‍ ഉള്‍പ്പെട്ട കക്ഷികളുടെ വന്‍നേതാക്കള്‍ അല്ല. വേറൊരു തരത്തില്‍ പറഞ്ഞാല്‍ നേതാക്കള്‍ സുരക്ഷിതരായിരുന്നു സാധാരണ അണികളെ കൊലയ്ക്കു കൊടുത്തു രക്തസാക്ഷികളുടെ എണ്ണം കൂട്ടുവാന്‍ മത്സരിക്കുന്ന കാഴ്ചയാണ് നാം കണ്ണൂരില്‍ കാണുന്നത്. കണ്ണൂരിലെയും പരിസരങ്ങളിലെയും ജനങ്ങള്‍ സമാധാനം കാംക്ഷിക്കുന്നവര്‍ തന്നെയാണ്, എന്നാല്‍ ഈ പ്രതികാരത്തിന്റെ യുക്തിയും അത് ജനിപ്പിക്കുന്ന ഭയവും അവരെ അമ്പരപ്പിക്കുകയും നിശ്ശബ്ദരാക്കുകയും ചെയ്യുന്നതായി കാണുന്നു.

നമ്മുടെ ജനാധിപത്യ സമ്പ്രദായത്തെയും സംവാദത്തിന്റെ സംസ്‌കാരത്തെയും സാമൂഹ്യനീതിയെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെയും മുഴുവന്‍ ചോദ്യം ചെയ്യുന്നതാണ് ഈ കൊലപാതകങ്ങള്‍. അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കയ്യുകള്‍ ശുദ്ധമാണെന്ന് വിശ്വസിക്കാന്‍ ഒരാള്‍ക്കും കഴിയുകയില്ല. രാഷ്ട്രീയം മാത്രമല്ല സാമ്പത്തികവുമായ കാരണങ്ങള്‍ അവയ്ക്കുണ്ടാകാം എന്നാണു സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് തോന്നുക. ആ കാരണങ്ങള്‍ കണ്ടു പിടിക്കാതെ, അവയ്ക്ക് പരിഹാരം തേടാതെ, ഈ അരുംകൊലകള്‍ നിര്‍ത്താനാവില്ല. ഇതിനകം പല സംഘടനകളും, ചിലപ്പോള്‍ ഉള്‍പ്പെട്ട പാര്‍ട്ടികള്‍ തന്നെയും സമാധാന യോഗങ്ങളും ശ്രമങ്ങളും നടത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ഫലം കണ്ടിട്ടില്ലെന്നതില്‍ നിന്ന് ഊഹിക്കേണ്ടത് ഏതൊക്കെയോ സ്ഥാപിതരാഷ്ട്രീയ-സാമ്പത്തിക താത്പര്യങ്ങള്‍ ഈ നീചമായ ഹിംസയ്ക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. കണ്ണൂരില്‍ നിന്ന് പുറത്തേയ്ക്കും ഈ പ്രതികാരസംസ്‌കാരം പടര്‍ന്നുപിടിക്കുന്നുണ്ടെന്നു അടുത്ത കാലത്ത് മറ്റു ചില സ്ഥലങ്ങളില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ കാണിക്കുന്നു.

കണ്ണൂരിനും കേരളത്തിനു മുഴുവനും അപമാനകരവും ജനാധിപത്യത്തിന്റെ സംവാദാത്മകതയ്ക്ക് കടകവിരുദ്ധവുമായ ഈ കൊലപാതകപ്രവണതകള്‍ക്ക് നിത്യവിരാമം കുറിക്കണം എന്ന് ഞാന്‍ ഇതില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ കക്ഷികളോടും വ്യക്തികളോടും കണ്ണൂരിലെയും കേരളത്തിലെയും ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. ഇത് , ചില മാറ്റങ്ങളോടെ , കൂടുതല്‍ പേര്‍ ഒപ്പിട്ട ഒരു പ്രസ്താവനയായി പുറത്തു വരുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular