ഫോട്ടോഷോപ്പിനു പിന്നാലെ വീഡിയോയും പൊളിഞ്ഞു… അബുദാബി കിരീടാവകാശി ജയ് ശ്രീറാം വിളിക്കുന്ന വീഡിയോ വ്യാജം, വാര്‍ത്ത നല്‍കിയ ചാനലുകള്‍ മണ്ടന്‍മാരായി…!

ദുബായ്: ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിലുള്‍പ്പെടെ അബുദാബി കിരീടാവകാശിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം. തിങ്കളാഴ്ച കാലത്ത് തന്നെ യു.എ.ഇയിലെ മാധ്യമങ്ങള്‍ ഇതിനെതിരെ രംഗത്തെത്തി. യുഎഇയില്‍ കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൈലേജുണ്ടാക്കാന്‍ ചില സംഘ്പരിവാര്‍ സംഘങ്ങള്‍ നടത്തിയ ശ്രമം ഇപ്പോള്‍ രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.

രണ്ട് വര്‍ഷം മുമ്പ് അബുദാബിയില്‍ മുരാരി ബാപ്പു സംഘടിപ്പിച്ച ആത്മീയ പരിപാടിയിലാണ് വീഡിയോക്ക് അടിസ്ഥാനമായ സംഭവം നടക്കുന്നത്. എന്നാല്‍ അബുദാബി കിരീടാവകാശി ഇത്തരമൊരു പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. യു.എ.ഇ.യിലെ അറിയപ്പെടുന്ന പംക്തീകാരനായ സുല്‍ത്താന്‍ സൂദ് അല്‍ കാസ്സെമിയാണ് വിഡിയോയില്‍ കാണുന്ന വ്യക്തി. ഈ വ്യക്തിയെയാണ് അബുദാബി കിരീടാവകാശിയെന്ന് പറഞ്ഞ് ചില ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ മിനിറ്റുകള്‍ക്കകം ഇത് സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുകള്‍ തന്നെ പൊളിച്ചടുക്കി. ഇത് നാണംകെട്ട വ്യാജ പ്രചരണം മാത്രമാണെന്ന് തെളിയുകയും ചെയ്തു. ഒടുവില്‍ അറബ് മാധ്യമങ്ങളും ഇതിനെതിരെ രംഗത്തെത്തി കഴിഞ്ഞു.

ബോധപൂര്‍വം അണിച്ചൊരുക്കിയ വ്യാജ പ്രചരണം മാത്രമാണ് ഇതെന്നും രാഷ്ട്രീയ നേട്ടമായിരുന്നു ഇതിന് പിന്നിലെന്നും അറബ് മാധ്യമങ്ങള്‍ തുറന്നടിച്ചു. ടൈംസ് നൗ, സീ ന്യൂസ് തുടങ്ങിയ മുഖ്യധാര ദേശീയ ചാനലുകളാണ് സംഘ്പരിവാര്‍ പടച്ചുവിട്ട വ്യാജ വീഡിയോ ഏറ്റുപിടിച്ച് പ്രചരിപ്പിച്ചത്. 2016 സെപ്റ്റംബറില്‍ ഗുരു മൊരാരി ബാപ്പുവിന്റെ നേതൃത്വത്തില്‍ അബുദാബിയില്‍ നടന്ന രാം കഥ എന്ന പരിപാടിയില്‍ യുഎഇയിലെ എഴുത്തുകാരനായ സുല്‍ത്താന്‍ സൗഊദ് അല്‍ കസിമി സംസാരിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തുകാണ്ടായിരുന്നു വ്യാജ പ്രചരണം.

Similar Articles

Comments

Advertismentspot_img

Most Popular