നടി സനുഷയ്ക്ക് പൊലീസ് ആസ്ഥാനത്ത് സ്വീകരണം; സനുഷയെ മറ്റുള്ളവര്‍ മാതൃകയാക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ട്രെയിനില്‍ തന്നെ ശല്യം ചെയ്ത യുവാവിനെതിരെ ശക്തമായി പ്രതികരിച്ച നടി സനൂഷയക്ക് പോലീസ് ആസ്ഥാനത്ത് സ്വീകരണം നല്‍കി. സനൂഷ കാണിച്ച ധൈര്യം എല്ലാവര്‍ക്കും പ്രചോദനമാണെന്നും സനൂഷയ്ക്കൊപ്പം നിന്ന മാതാപിതാക്കളെ അഭിനന്ദിക്കുന്നുവെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.

ഒരിക്കലും ഇത്തരം ശല്യക്കാര്‍ സമൂഹത്തില്‍ വളരാന്‍ നാം അനുവദിക്കരുത്. അവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് ഒരാള്‍ സനൂഷയെ ശല്യം ചെയ്തത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശി ആന്റോ ബോസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പഠനാവശ്യത്തിനു തിരുവനന്തപുരത്തു പോകാന്‍ കണ്ണൂരില്‍നിന്നു കയറിയ സനൂഷ എ വണ്‍ കോച്ചില്‍ ഉറങ്ങവെയാണു യുവാവ് ശല്യപ്പെടുത്തിയത്. തിരൂരില്‍നിന്നു ജനറല്‍ കംപാര്‍ട്മെന്റില്‍ കയറിയ പ്രതി എസി കംപാര്‍ട്മെന്റിലേക്കു ടിക്കറ്റ് മാറ്റിയെടുക്കുകയായിരുന്നു.

എതിര്‍വശത്തെ ബെര്‍ത്തില്‍ കിടന്ന പ്രതി വടക്കാഞ്ചേരിയിലെത്തിയപ്പോഴാണ് അപമാനിക്കാന്‍ ശ്രമിച്ചത്. അതേ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന തിരക്കഥാകൃത്ത് ആര്‍.ഉണ്ണിയും കോഴിക്കോട് സ്വദേശിയായ രഞ്ജിത്തും നടിയുടെ നിലവിളി കേട്ടു സഹായത്തിനെത്തി.

ഇവരുടെ സഹായത്തോടെയാണു പ്രതിയെ തൃശൂര്‍ വരെ പിടിച്ചുവച്ചത്. റെയില്‍വേ എസ്ഐ വിനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തു. മൊഴി നല്‍കിയ സനൂഷ അതേ ട്രെയിനില്‍ത്തന്നെ തിരുവനന്തപുരത്തേക്കു യാത്ര തുടര്‍ന്നു. സ്വര്‍ണനിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന പ്രതി സംഭവസമയത്തു മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ശല്യം ചെയ്ത യുവാവിനെതിരെ ബഹളം വച്ചപ്പോള്‍ സഹയാത്രികര്‍ പ്രതികരിച്ചില്ലെന്നതു തന്നെ വേദനിപ്പിച്ചെന്നു നടി സനൂഷ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. മറ്റൊരു കംപാര്‍ട്മെന്റില്‍ നിന്നാണ് ആര്‍.ഉണ്ണിയും രഞ്ജിത്തും സഹായത്തിനെത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular