മുഖ്യമന്ത്രിയുടെ ‘നാം മുന്നോട്ട്’ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ആശാ ശരത്തിനായി ഖജനാവില്‍ നിന്ന് ചെലവഴിച്ചത് ലക്ഷങ്ങള്‍!! നടി ആവശ്യപ്പെട്ടത് ദുബൈയില്‍ നിന്ന് ബിസിനസ് ക്ലാസ് ടിക്കറ്റ്!

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ട്’ എന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ മുഖ്യാതിഥിയായി സിനിമാ നടി ആശാ ശരത്തിനെ ദുബായിയില്‍ നിന്ന് കൊണ്ടുവരാന്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് ലക്ഷങ്ങള്‍. തിരുവല്ലത്തെ ചിത്രാഞ്ജലിയില്‍ ഒരുക്കിയ പ്രത്യേക സ്റ്റുഡിയോയില്‍ ഓരോ എപ്പിസോഡും ചിത്രീകരിക്കുന്നത് ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി പരമാവധി രണ്ടുലക്ഷം രൂപയായിരുന്നു സി-ഡിറ്റിന്റെ ബജറ്റ്. മുന്‍ എപ്പിസോഡുകളില്‍ പങ്കെടുക്കാനായി സിനിമാ മേഖലയില്‍ നിന്ന് നടി റിമാ കല്ലിങ്കല്‍, നടന്‍ ജോയ്മാത്യു എന്നിവര്‍ എത്തിയപ്പോഴും ചെലവ് അധികരിച്ചിരുന്നില്ല. എന്നാല്‍ വെറും രണ്ടുദിവസത്തെ ഷൂട്ടിങിനായി ആശാ ശരത്തിനെ കൊണ്ടുവന്നതോടെ ചെലവ് അഞ്ചുലക്ഷത്തിലധികമാണ്.

കേരളത്തിലെത്താന്‍ വിമാനത്തില്‍ ബിസിനസ് ക്ലാസ് ടിക്കറ്റായിരുന്നു നടിയുടെ ആദ്യ ഡിമാന്റ്. അതിനുമാത്രം ഒന്നേകാല്‍ ലക്ഷം രൂപ ചെലവഴിച്ചു. ഷൂട്ടിംഗിന് എത്തിയപ്പോള്‍ താമസിക്കാന്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ ഉറപ്പാക്കണമെന്ന് നടി നിര്‍ദ്ദേശിച്ചത്രെ. 24-ാം തീയതി തിരുവനന്തപുരത്ത് എത്തിയ നടിക്ക് വേണ്ടി താജ് വിവാന്റയിലെ പ്രിമിയം സ്യൂട്ട് റൂം ഏര്‍പ്പാടാക്കി. ഇന്നലെ രാവിലെയാണ് നടി ഹോട്ടല്‍ റൂം വെക്കേറ്റ് ചെയ്ത് മടങ്ങിയത്.

മുന്‍ എപ്പിസോഡുകളില്‍ പങ്കെടുത്ത അതിഥികള്‍ക്ക് ടൂറിസം വകുപ്പിന്റെ കീഴിലുള്ള മാസ്‌ക്കറ്റ് ഹോട്ടലിലായിരുന്നു താമസം ഒരുക്കിയിരുന്നത്. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് പരിപാടിയില്‍ പങ്കെടുക്കുന്നവരെ ടച്ച് അപ്പ് ചെയ്യാനായി മേക്കപ്പ്മാന്‍ ഉണ്ടെങ്കിലും തനിക്ക് അതുപറ്റില്ലെന്ന് നടി അറിയിച്ചു. തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് വേറെ ആളെ എത്തിക്കേണ്ടി വന്നു. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോവരെയുള്ള കാര്‍ യാത്രാക്കൂലിയും 10,000 രൂപ പ്രതിഫലവും ത്രീസ്റ്റാര്‍ ഹോട്ടലില്‍ താമസ സൗകര്യവുമാണ് അതിനായി ഒരുക്കിയത്.

അതേസമയം, സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ വിദേശത്ത് സ്ഥിരതാമസക്കാരിയായ നടിയെ പങ്കെടുപ്പിക്കുന്നതിന് വലിയ തുക ചെലവഴിക്കുന്നതിലെ അനൗചിത്യം പരിപാടിയുടെ ഏകോപന ചുമതല വഹിക്കുന്ന സി-ഡിറ്റ് ചൂണ്ടിക്കാട്ടിയെങ്കിലും ആ വാദം മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളിക്കളഞ്ഞു. പകരം, പരിപാടിയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്ന ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്‌മെന്റ് വഹിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ്. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന്റെ ‘ക്രിയാത്മകമായ’ ഇടപെടലുകള്‍ എന്ന വിഷയത്തില്‍ സംസാരിക്കണമെന്നാണ് ആശാ ശരത്തിനോട് ആവശ്യപ്പെട്ടത്. അവര്‍ അക്കാര്യം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.

ഇതിനിടെ, പരിപാടിയുടെ ഏകോപനത്തെ ചൊല്ലിയുണ്ടായ ആശയക്കുഴപ്പമാണ് ചെലവ് അധികരിക്കാന്‍ കാരണമായതെന്ന സൂചനകളും ഉണ്ട്. ലോക കേരളസഭയില്‍ പങ്കെടുക്കാനായി ആശാ ശരത്ത് കേരളത്തില്‍ എത്തുന്ന ദിവസങ്ങളില്‍ ഷൂട്ടിങ് നടത്താമെന്നായിരുന്നു ധാരണ. എന്നാല്‍ ആ ദിവസങ്ങളില്‍ മുഖ്യമന്ത്രി വലിയ തിരക്കിലായതോടെ ഷൂട്ടിങ് ഷെഡ്യൂള്‍ മാറി. ലോക കേരള സഭക്ക് ശേഷം ആശാ ശരത്ത് ദുബായിയിലേക്ക് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പരിപാടിക്ക് വേണ്ടി നടിയെ വീണ്ടും തിരുവനന്തപുരത്ത് എത്തിച്ചത്. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംവാദ പരിപാടിയില്‍ ആറന്മുള എം.എല്‍.എ വീണാ ജോര്‍ജായിരുന്നു അവതാരിക.

Similar Articles

Comments

Advertismentspot_img

Most Popular