ജയസൂര്യയുടെ വീട്ടുജോലിക്കാരിയെന്ന് പരിചയപ്പെടുത്തി നടന്‍ ജയറാമിന്റെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞു; 8000 രൂപയുടെ ടാക്സി ഓടിയതിന് ശേഷം ഡ്രൈവറെ പറ്റിച്ച് യുവതി മുങ്ങി

കോഴിക്കോട്: ജയസൂര്യയുടെ വീട്ടുജോലിക്കാരിയെന്ന് പരിചയപ്പെടുത്തി ടാക്സിയില്‍ കറങ്ങിയ ശേഷം മുങ്ങിയ യുവതിയെ പൊലീസ് തിരിച്ചറിഞ്ഞു. കോഴിക്കോട് നിന്ന് ടാക്സി വിളിച്ചു കൊച്ചിയിലേക്ക് പുറപ്പെട്ട യുവതിയെ കുറിച്ച് വിശദമായ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. രക്ഷപ്പെടാനുള്ള യുവതിയുടെ നീക്കം പൊലീസിന്റെ തന്ത്രപരമായ നീക്കത്തില്‍ പൊളിഞ്ഞു. ഒടുവില്‍ കുറ്റം സമ്മതിച്ച യുവതി മറ്റൊരു കേസിലും ഉള്‍പ്പെട്ടിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ജയസൂര്യയെ മാത്രമല്ല, ജയറാമിനെയും അറിയാമെന്നാണ് യുവതി പറഞ്ഞത്. എന്നാല്‍ വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്…

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. കോഴിക്കോട് റെയില്‍വെ സ്റ്റേഷന് മുന്നില്‍ നിന്നാണ് യുവതി ടാക്സി വിളിച്ചത്. 30 വയസ് പ്രായം തോന്നിക്കുന്ന യുവതിക്കൊപ്പം രണ്ട് കുട്ടികളുമുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ എറണാകുളത്ത് എത്തി. അപ്പോഴാണ് ജയറാമിന്റെ വീട്ടിലേക്ക് പോകണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ജയറാമിന്റെ വീട്ടിലെത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു.എങ്കിലും യുവതി മടങ്ങാന്‍ തയ്യാറായില്ല. എട്ടുമണിയായപ്പോള്‍ ജയറാം വന്ന് കാര്യം തിരക്കി. പരിചയമില്ലാത്തതിനാല്‍ പറഞ്ഞയക്കുകയും ചെയ്തു. എന്നാല്‍ പണം വാങ്ങാനാണ് ജയറാമിന്റെ വീട്ടില്‍ പോയതെന്നാണ് യുവതി ഡ്രൈവറോട് പറഞ്ഞത്.

ജയറാമിനെ തനിക്ക് പരിചയമില്ല. ജയസൂര്യയെയാണ് പരിചയം. അവരുടെ വീട്ടില്‍ ജോലി ചെയ്യുന്ന തനിക്ക് കുറച്ച് പണത്തിന്റെ ആവശ്യം വന്നപ്പോള്‍ ജയറാമിനോട് ചോദിക്കാന്‍ ജയസൂര്യ പറഞ്ഞെന്നായിരുന്നു യുവതി ഡ്രൈവറെ അറിയിച്ചത്. ഇക്കാര്യങ്ങളെല്ലാം ഡ്രൈവര്‍ ഷിനോജ് പൊലീസിനെ അറിയിച്ചിട്ടുണ്ട്.ജയറാമിന്റെ വീട്ടില്‍ നിന്ന് മടങ്ങിയ യുവതി പാലാരിവട്ടത്തെ കന്യാസ്ത്രീ മഠത്തിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. അവിടെയെത്തിയ ശേഷം ഉടന്‍ വരുമെന്ന് പറഞ്ഞ് ഇറങ്ങി. ഏറെ നേരം കാത്തുനിന്നിട്ടും തിരിച്ചുവന്നില്ല. നാലു മണിക്കൂറോളം യുവതിയെ കാത്തിരുന്നു ഡ്രൈവര്‍.

തുടര്‍ന്ന് കണ്ടവരോടെല്ലാം തിരക്കിയെങ്കിലും യുവതിയെ ആര്‍ക്കും അറിയില്ലായിരുന്നു. കന്യാസ്ത്രീ മഠത്തില്‍ ചോദിച്ചപ്പോള്‍ യുവതിയെ അറിയില്ലെന്നും ഒരു വൈദികനെ അനേഷിച്ച് വന്നതാണെന്നുമാണ് അറിഞ്ഞത്. 300ഓളം കിലോമീറ്ററാണ് യുവതി ട്രിപ്പ് വിളിച്ച ശേഷം ടാക്സി ഓടിയത്. 8000 രൂപയുടെ ഓട്ടമുണ്ടന്ന് ഷിനോജ് പറയുന്നു. പാലാരിവട്ടം പൊലീസുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
എറണാകുളത്തെ ടാക്സി ഡ്രൈവര്‍മാര്‍ നല്‍കിയ പണം വാങ്ങി പെട്രോള്‍ അടിച്ച ശേഷമാണ് ഷിനോജ് കോഴിക്കോട്ടേക്ക് തിരിച്ചത്. യുവതിയുടെ ചെറിയ ബാഗ് കാറില്‍ വച്ച് മറന്നിരുന്നു. ഷിനോജ് കോഴിക്കോടെത്തി ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

പറമ്പില്‍ ബസാര്‍ സ്വദേശിയാണ് ഷിനോജ്. യുവതി കാറില്‍ മറന്നുവച്ച സാധനങ്ങള്‍ ഡ്രൈവര്‍ പൊലീസിന് കൈമാറി. ഇതില്‍ നിന്ന് ലഭിച്ച ഒരു കേസിന്റെ നമ്പറാണ് യുവതിയെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular