മാണിക്കെതിരെയുള്ള ബാര്‍കോഴക്കേസ് ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്! വിവരങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം

കൊച്ചി: മുന്‍ ധനമന്ത്രി കെ.എം മാണിയ്ക്കെതിരെയുള്ള ബാര്‍ കോഴക്കേസ് ചര്‍ച്ച ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. ഇത്തരം ചര്‍ച്ചകള്‍ വിലക്കണമെന്ന മാണിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു.

ബാര്‍ കോഴകേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ വിജിലന്‍സ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മാണിയ്ക്കെതിരെ സാഹചര്യത്തെളിവുകളോ ശാസ്ത്രീയതെളിവുകളോ കണ്ടെത്താനായിട്ടില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഇതിനുപിന്നാലെയാണ് മാണിയുടെ അഭിഭാഷകന്‍ കേസുമായി ബന്ധപ്പെട്ട മാധ്യമചര്‍ച്ചകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്.

കേസിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കിയ കോടതി മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ ചോര്‍ന്നതില്‍ വിജിലന്‍സിനെ വിമര്‍ശിക്കുകയും ചെയ്തു. വിവരം ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്താനും വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ധനമന്ത്രിയായിരിക്കെ കെ.എം മാണി ബാറുകള്‍ വീണ്ടും തുറക്കുന്നതിനായി ബാര്‍ അസോസിസേയഷന്‍ നേതാക്കളില്‍ നിന്നും കോഴ വാങ്ങിയെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തലാണ് ബാര്‍ കോഴ കേസിനാധാരം.

Similar Articles

Comments

Advertismentspot_img

Most Popular