സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടും പദ്മാവതിന് നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങള്‍ക്കെതിരെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ചിട്ടും പത്മാവത് നിരോധിച്ച നാലു സംസ്ഥാനങ്ങള്‍ക്കെതിരെ സിനിമയുടെ നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു. സിനിമയുടെ നിര്‍മാതാക്കളായ വിയകോം സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സിനിമയുടെ പേരും വിവാദ രംഗങ്ങളും മാറ്റണം എന്നതടക്കം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടും റിലീസ് തടയുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നിരോധനം നീക്കി ഈ മാസം ഇരുപത്തിയഞ്ചിന് രാജ്യവ്യാപകമായി റിലീസ് അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത്, ദീപിക പദുകോണും ഷാഹിദ് കപൂറും രണ്‍വീര്‍ സിങ്ങും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിനെതിരെ രജ്പുത് കര്‍ണി സേനയുടെ കടുത്ത പ്രതിഷേധമാണു വന്‍വിവാദമായതും റിലീസ് വൈകിച്ചതും. റാണി പത്മാവതിയുടെ വീരചരിത്രം വികലമായി ചിത്രീകരിച്ചെന്ന ആരോപണങ്ങളെത്തുടര്‍ന്നു ചരിത്ര വിദഗ്ധരുള്‍പ്പെട്ട സമിതി ചിത്രം കണ്ട ശേഷമായിരുന്നു ഫിലിം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. പത്മാവതി എന്നതിനു പകരം പത്മാവത് എന്ന് പേരു മാറ്റാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചിട്ടും രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങള്‍ വിലക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular