കയര്‍തൊഴിലാളിക്ക് പെന്‍ഷനായി ലഭിച്ചത് 3300 രൂപ; മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ബാങ്ക് പിഴയായി ഈടാക്കിയത് 3050 രൂപ…! ബാങ്കുകളുടെ തീവെട്ടിക്കൊള്ള തുറന്ന് കാട്ടി ധനമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്ക് തിരിച്ചടിയായി ബാങ്കുകളുടെ പിഴയീടാക്കല്‍. ധനമന്ത്രി തോമസ് ഐസക് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. 3300 രൂപയാണ് ആലപ്പുഴ മണ്ണാഞ്ചേരി ആപ്പൂര് ലക്ഷംവീട് കോളനിയിലെ ഹമീദ ബീവിക്ക് കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷനായി ലഭിച്ചത്. ഇതില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴയായി 3050 രൂപയും ബാങ്ക് പിടിച്ചെടുത്തു. ഹമീദാബീവിക്ക് കൈയില്‍ക്കിട്ടിയത് 250 രൂപ മാത്രം. തുടര്‍ന്ന് തോമസ് ഐസക്ക് തന്നെ ഹമീദ ബീവിയുടെ അനുഭവം ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരിന്നു. ഈ മനുഷ്യത്വരഹിതമായ പിഴ ഈടാക്കല്‍ തുടര്‍ന്നാല്‍ പെന്‍ഷന്‍ വിതരണം പൂര്‍ണ്ണമായും സഹകരണ സംഘങ്ങള്‍ വഴിയാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞു.

ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്‌കീം(ഡി.ബി.ടി.) നടപ്പാക്കിയത്. ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുകയാണ് ഈ രീതി. മിനിമം ബാലന്‍സില്ലാത്തതിന് പിഴയീടാക്കുന്നതോടെ ഡി.ബി.ടി.യുടെ പ്രസക്തിതന്നെ ഇല്ലാതാവുകയാണ്. ഇതുപോലെ എത്രപേര്‍ക്ക് പണം നഷ്ടപ്പെട്ടുവെന്ന് അറിയില്ല. ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെയാണ് നല്‍കുന്നത്. പകുതിപ്പേര്‍ക്ക് സഹകരണബാങ്കുകളിലൂടെ പണം അവരുടെ വീട്ടിലെത്തിക്കുകയാണ്.

ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ക്കു പുറമേ, ചെറിയ തുകകള്‍ സ്‌കോളര്‍ഷിപ്പ് വാങ്ങുന്നവരെയും ഇത് ബാധിച്ചുതുടങ്ങിയതായി പരാതിയുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ബാങ്ക് പണം പിടിച്ചാലും പലരും അറിയില്ല. സര്‍ക്കാര്‍ പണം നല്‍കിയില്ലെന്നാവും ഇവര്‍ കരുതുക. കഴിഞ്ഞതവണ പെന്‍ഷന്‍ വിതരണം ചെയ്തപ്പോള്‍ ഈ പ്രശ്നം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ബാങ്ക് അധികൃതരുടെ യോഗം വിളിച്ചിരുന്നു. ഇത്തരം അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴയീടാക്കില്ലെന്ന് അന്ന് ബാങ്കുകള്‍ ഉറപ്പുനല്‍കിയതായും ധനമന്ത്രി പറഞ്ഞു.

ഇത് ജനദ്രോഹം. ബാങ്കുകള്‍ ഈടാക്കിയ പിഴ ജനങ്ങള്‍ക്ക് തിരിച്ചുനല്‍കണം. സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് സര്‍ക്കാര്‍ കത്തുനല്‍കും. മനുഷ്യത്വരഹിതമായ നടപടി തുടരുന്ന ബാങ്കുകളെ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

3300 രൂപയാണ് ഹമീദ ബീവിക്ക് കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന്‍ ലഭിച്ചത്. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് ആപ്പൂര് ലക്ഷംവീട് കോളനിയിലെ ഹമീദ ബീവിക്ക് മണ്ണഞ്ചേരിയിലുള്ള ബാങ്കിന്റെ ശാഖയിലാണ് അക്കൗണ്ട്. പെന്‍ഷനുവേണ്ടി മാത്രം തുടങ്ങിയ അക്കൗണ്ടാണ്. സാമൂഹികസുരക്ഷാ പെന്‍ഷനും ക്ഷേമപെന്‍ഷനും ലഭിക്കുന്നവര്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗങ്ങളില്‍പ്പെടുന്നവരാണല്ലോ. പണം വന്നാല്‍ അപ്പോള്‍ തന്നെ അവര്‍ പിന്‍വലിക്കും. ബാക്കി ഇടാന്‍ ഒന്നും ഉണ്ടാവില്ല. 1000 രൂപ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ 17.7 ശതമാനം പിഴ ഈടാക്കാനുള്ള ബാങ്കുകളുടെ തീരുമാനം ഈ പെന്‍ഷന്‍കാര്‍ക്കെല്ലാം വലിയ തിരിച്ചടിയായിരിക്കുകയാണ്. ഹമീദ ബീവിക്ക് മിനിമം ബാലന്‍സ് ഇല്ലാതിരുന്ന മാസങ്ങളിലെ പിഴയെല്ലാം ഒന്നിച്ചു പിടിച്ചു കഴിഞ്ഞപ്പോള്‍ 3300 ല്‍ 250 രൂപ മാത്രം മിച്ചം. ബാക്കിയൊക്കെ ബാങ്ക് പിഴയായി ഈടാക്കി. സാമൂഹികസുരക്ഷാ പെന്‍ഷന്‍ വിതരണം സംബന്ധിച്ച് ബാങ്കുകളുമായി ഉണ്ടായിരുന്ന ധാരണയ്ക്ക് വിരുദ്ധമാണ് ഈ നടപടി. പലതും സീറോ ബാലന്‍സ് അക്കൗണ്ടുകളായി തുറന്നവയാണ്. വേഗത്തിലും സുതാര്യമായും നേരിട്ട് ഗുണഭോക്താവിന് പണം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗമായിട്ടാണ് ഡയറക്ട് ബാങ്ക് ട്രാന്‍സ്ഫറിനെ വീക്ഷിക്കുന്നത്. ബാങ്കുകളുടെ കണ്ണില്‍ച്ചോരയില്ലാത്ത നടപടിമൂലം ഇതു വിനയായി മാറിയിരിക്കുന്നു. മറ്റുപല ബാങ്കുകളും ഇത് അനുവര്‍ത്തിക്കുന്നൂവെന്നുവേണം മനസിലാക്കാന്‍. മനുഷ്യത്വരഹിതമായ ഈ നടപടി ബാങ്കുകള്‍ പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

സാമൂഹികസുരക്ഷാ, ക്ഷേമപെന്‍ഷനുകള്‍ പാതി സഹകരണ സംഘങ്ങള്‍ വഴിയാണ് ഇപ്പോള്‍ വിതരണം നടത്തുന്നത്. ഇതു ഫലപ്രദമായ ഒരു വിതരണ രീതിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഒരാള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് ഇവിടെ 50 രൂപ സര്‍ക്കാരിന് അധിക ചെലവാകും. ബാങ്കുകള്‍ ഈ മനുഷ്യത്വരഹിതമായ പിഴ ഈടാക്കല്‍ തുടര്‍ന്നാല്‍ പെന്‍ഷന്‍ വിതരണം പൂര്‍ണ്ണമായും സഹകരണ സംഘങ്ങള്‍ വഴിയാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും. സഹകരിക്കുന്ന ബാങ്കുകളെയും കൂട്ടിച്ചേര്‍ക്കും.

Similar Articles

Comments

Advertismentspot_img

Most Popular