കീഴാറ്റൂരില്‍ സിപിഎമ്മിനെ മലത്തിയടിക്കാന്‍ സമരവുമായി സിപിഐ

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി എത്തിയതിന് പിന്നാലെ സിപിഎം സമരത്തിന് ബദല്‍ പരിപാടിയുമായി എഐവൈഎഫ്. ശനിയാഴ്ച വയല്‍ക്കിളികള്‍ക്കെതിരെ നാടിന്‍ കാവല്‍ എന്ന പേരില്‍ സിപിഎം പ്രക്ഷോഭം സംഘടിപ്പിക്കുമ്പോള്‍ അന്നേദിവസം തന്നെ കണ്ണൂരില്‍ കീഴാറ്റൂരിന് ബദലുണ്ട് എന്ന പേരില്‍ പ്രതിഷേധ പരിപാടി നടത്താനാണ് എഐവൈഎഫ് തീരുമാനിച്ചിരിക്കുന്നത്.

24ന് വൈകുന്നേരം പഴയ ബസ് സ്റ്റാന്റില്‍ ചേരുന്ന യോഗം സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന സിപിഐ, എഐവൈഎഫ നേതാക്കളും വയല്‍ക്കിളി പ്രക്ഷോഭ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. ഇന്ന് വൈകുന്നേരം കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ എഐവൈഎഫ് സമരപ്പന്തല്‍ കത്തിച്ച സിപിഎം നടപടിയെ നിശിതമായി വിമര്‍ശിച്ചിരുന്നു.

തളിപ്പറമ്പ് ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള മുഴുവന്‍ സിപിഎം പ്രവര്‍ത്തകരെയും കര്‍ഷക തൊഴിലാളികളും കര്‍ഷകരും അടക്കമുള്ള വര്‍ഗബഹുജന സംഘടന പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ശക്തിപ്രകടനത്തിനാണ് സിപിഎം ആലോചിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദന്റെ നേതൃത്വത്തിലാണ് സമരം.

കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ ഈ മാസം 25 ന് ഞായറാഴ്ച രണ്ടാം ഘട്ട സമരം നടത്തുമെന്ന് വയല്‍ക്കിളികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പ്രതിരോധം എന്ന നിലയിലാണ് സിപിഎമ്മിന്റെ സമരം. വയല്‍ക്കിളികള്‍ക്ക് എതിരെയല്ല സമരമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സമരരംഗത്തുള്ള വയല്‍ക്കിളികള്‍ ന്യൂനപക്ഷമാണ്. സമരത്തിന് ബാഹ്യശക്തികളുടെ പിന്തുണയുണ്ട്. വയല്‍ നികത്താതെ ആകാശത്തുകൂടി റോഡ് പണിയാനാകുമോ എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ സമരത്തെ പരിഹസിച്ചു.

SHARE