15 ഫോണുകള്‍, 680 എല്‍ഇഡി ലൈറ്റുകള്‍; വെളിച്ചം, വായു, ചൂട് എന്നിവ ഓട്ടോമാറ്റിക്കായി മാറും; ഹൈടെക് സംവിധാനത്തോടെ കുതിരാന്‍ തുരങ്കം

തൃശൂര്‍: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയില്‍ കുതിരാനില്‍ നിര്‍മ്മിക്കുന്ന ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍. 962 മീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ ടാറിങ് ജോലികള്‍ പൂര്‍ത്തിയായി. നൂറ് മീറ്റര്‍ ദൂരത്തില്‍ ഇരുവശങ്ങളിലും ഓരോ മീറ്റര്‍ വീതമുള്ള കോണ്‍ക്രീറ്റിങ് മാത്രമാണ് ഇനി ബാക്കിയുള്ളത്. തുരങ്കത്തിനുള്ളില്‍ എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്. സുരക്ഷിതവും സുഗമവുമായ യാത്രയ്ക്കായി ഒരുക്കുന്നത് ഹൈടെക് സംവിധാനങ്ങളാണ്. തുരങ്കത്തിലുള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ വെളിച്ചത്തിന്റെ വ്യത്യാസം യാത്രക്കാരന്‍ അറിയാത്തവിധത്തിലുള്ള ക്രമീകരണമാണ് ഒരുക്കുന്നത്. വെളിച്ചം, വായു, ചൂട് എന്നിവ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ നിയന്ത്രിക്കും.

പകല്‍സമയങ്ങളില്‍ തുരങ്കത്തിനുള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ പുറത്തുള്ള അതേവെളിച്ചം തുരങ്കത്തിന്റെ ആദ്യ 100 മീറ്ററില്‍ നിലനിര്‍ത്തും. പിന്നീട് തീവ്രത ഘട്ടം ഘട്ടമായി കുറഞ്ഞ് സാധാരണ രീതിയിലാകും. പുറത്തേക്ക് കടക്കുന്ന ഭാഗമെത്തുമ്പോള്‍ പുറത്തുള്ളതിന് ആനുപാതികമായി വെളിച്ചത്തിന്റെ തീവ്രത വീണ്ടും കൂടിത്തുടങ്ങും. 30, 60, 100, 150 വാട്ടുകളിലുള്ള 680 എല്‍.ഇ.ഡി. ലൈറ്റുകളാണ് ഇതിനായി സ്ഥാപിക്കുന്നത്.
തുരങ്കത്തിനുള്ളിലുള്ള ചൂട്, വാഹനങ്ങളില്‍നിന്ന് പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ്, വെളിച്ചം എന്നിവ അളക്കുന്നതിനായി സെന്‍സറുകളും ഘടിപ്പിക്കുന്നുണ്ട്. ഏതിലെങ്കിലും വ്യതിയാനങ്ങളുണ്ടായാല്‍ പുറത്തുള്ള കണ്‍ട്രോള്‍ മുറിയില്‍ വിവരം ലഭിക്കും. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ഇവ പരിഹരിക്കും.

പാലക്കാട് ഭാഗത്തുനിന്ന് വരുമ്പോഴുള്ള പ്രവേശനഭാഗത്താണ് കണ്‍ട്രോള്‍ മുറി നിര്‍മിക്കുന്നത്. പ്രവേശനഭാഗത്ത് രണ്ട് തുരങ്കങ്ങളുടെ മധ്യത്തിലായി സ്ഥാപിക്കുന്ന എല്‍.ഇ.ഡി. ബോര്‍ഡില്‍ തുരങ്കത്തിനുള്ളിലെ ചൂടിന്റെ അളവും ഗതാഗതവിവരങ്ങളും പ്രദര്‍ശിപ്പിക്കും. തുരങ്കത്തിനുള്ളില്‍ 15 ഫോണുകളും സ്ഥാപിക്കുന്നുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് കണ്‍ട്രോള്‍ മുറിയുമായി ബന്ധപ്പെടുന്നതിനാണിത്.
വായുസഞ്ചാരം സുഗമമാക്കുന്നതിനും വാഹനങ്ങളില്‍നിന്നുള്ള പുക പുറന്തള്ളുന്നതിനുമായി പ്രത്യേകം രൂപകല്പന ചെയ്ത 10 എക്‌സ്‌ഹോസ്റ്റ് ഫാനുകളാണ് ഒരു തുരങ്കത്തില്‍ സ്ഥാപിക്കുന്നത്. ഇടത് തുരങ്കത്തില്‍ 75 ശതമാനത്തോളം പ്രവൃത്തികള്‍ പൂര്‍ത്തിയായതായി കരാര്‍ കമ്പനിയായ റെയിസ് ഇലക്ട്രോണിക്‌സ് അധികൃതര്‍ പറഞ്ഞു. ജനുവരി അവസാനത്തോടെ മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കി ഇടത് തുരങ്കം ഗതാഗതത്തിനായി തുറക്കുകയാണ് ലക്ഷ്യം.

Similar Articles

Comments

Advertismentspot_img

Most Popular