23 ദിവസം വനത്തില്‍ ഒളിച്ചു കഴിഞ്ഞ കമിതാക്കള്‍ പിടിയില്‍; മാങ്ങയും, നാളീകേരവും ഭക്ഷണം

മൂലമറ്റം: 23 ദിവസം വനത്തില്‍ ഒളിച്ചുകഴിഞ്ഞ കമിതാക്കള്‍ പിടിയിലായി. കോട്ടയം ജില്ലയിലെ മേലുകാവ് വൈലാറ്റില്‍ അപ്പുക്കുട്ടന്‍ എന്നു വിളിക്കുന്ന ജോര്‍ജും(21) പതിനേഴുവയസ്സുള്ള പെണ്‍കുട്ടിയുമാണ് മൂന്നാഴ്ചത്തെ വനവാസത്തിനുശേഷം നാട്ടുകാരുടെ പിടിയിലായത്. പോലീസും നാട്ടുകാരും ഇവര്‍ക്കുവേണ്ടി വനത്തിലും നാട്ടിലും തിരച്ചില്‍ നടത്തിവരികയായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ തലയില്‍ ചാക്കുകെട്ടുമായി വനത്തില്‍നിന്ന് തൊടുപുഴ- പുളിയന്‍മല സംസ്ഥാന പാതയിലെ കോളപ്ര ഭാഗത്തേക്ക് വരുന്നവഴി ഇരുവരും പോലീസിന് മുന്‍പില്‍പെട്ടു. ഇതോടെ രണ്ടുപേരും രണ്ടു ദിക്കിലേക്ക് ഓടി. ഓടിത്തളര്‍ന്ന പെണ്‍കുട്ടി ശരംകുത്തിയിലെ ഒരു വീട്ടിലെത്തി വാതിലില്‍ മുട്ടിവിളിച്ച് കുടിവെള്ളം ചോദിച്ചു.

തീര്‍ത്തും അവശനിലയിലായിരുന്ന കുട്ടിക്ക് വീട്ടുകാര്‍ ഭക്ഷണവും വെള്ളവും നല്‍കി വിശ്രമിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി പോലീസിന് കൈമാറി.

കുടയത്തൂര്‍വഴി ആനക്കയത്തേക്ക് ഓടിയ യുവാവിനെയും നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടി പോലീസിനെ ഏല്പിച്ചു. അപ്പുക്കുട്ടന്‍ മരംകയറ്റത്തൊഴിലാളിയായിരുന്നു. ഏതാനുംമാസം മുമ്പ് കമുക് കയറുന്നതിനായി കുമളിയിലെത്തിയ അപ്പുക്കുട്ടന്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. ജനുവരി ആറിന് പള്ളിയില്‍പോയ പെണ്‍കുട്ടിയുമായി അപ്പുക്കുട്ടന്‍ ഒളിച്ചോടുകയായിരുന്നു.

കുമളി പോലീസ് അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇതിനിടെ അപ്പുക്കുട്ടന്റെ വീടിനടുത്തുള്ള വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറയിലെ വനത്തില്‍ ഇരുവരും ഒളിച്ചുകഴിയുന്നതായി പ്രദേശവാസികള്‍ കണ്ടെത്തി. കട്ടപ്പന ഡിവൈ.എസ്.പി.ക്കു കീഴിലെ സ്റ്റേഷനുകളില്‍നിന്ന് വലിയൊരു പോലീസ് സംഘത്തെ, കമിതാക്കളെ തിരയാന്‍ നിയോഗിച്ചു.

ചെങ്കുത്തായ വനപ്രദേശത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നയാളാണ് അപ്പുക്കുട്ടന്‍. ഇരുവരും കാട്ടുകിഴങ്ങുകളും സമീപത്തെ പുരയിടങ്ങളില്‍നിന്നും കരിക്ക്, മാങ്ങ, തേങ്ങ തുടങ്ങിയവയും ശേഖരിച്ചു ഭക്ഷിച്ചാണ് വനത്തില്‍ കഴിഞ്ഞത്. വീട്ടുകാര്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നതിനാല്‍ പെണ്‍കുട്ടിയെ ഹൈക്കോടതിയില്‍ ഹാജരാക്കി. കട്ടപ്പനയില്‍നിന്നെത്തിയ പോലീസ് യുവാവിനെ പീരുമേട്ടിലേക്ക് കൊണ്ടുപോയി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7