പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ വ്യത്യസ്തമായ ആശയവുമായി പ്രവാസി യുവാവ്. മസ്‌കത്തിലെ ബിസിനസുകാരനും ലോക കേരള സഭാ അംഗവുമായ ആലപ്പുഴ പുന്നപ്ര സ്വദേശി ഹബീബ് തയ്യില്‍ പ്രളയ കെടുതിയുടെ രൂക്ഷത വെളിവാക്കുന്ന ചിത്രങ്ങളും ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കണമെന്ന അഭ്യര്‍ഥനയും സ്വന്തം വാഹനത്തില്‍ പതിച്ച് വ്യത്യസ്തനാകുന്നത്.
രാജ്യത്ത് നടക്കുന്ന പ്രത്യേക ആഘോഷവേളകളില്‍ മാത്രമാണ് ഒമാനില്‍ കാറുകളില്‍ അലങ്കാര പണികള്‍ നടത്തുന്നതിന് പോലീസ് അനുമതി നല്‍കാറുള്ളൂ. പ്രത്യേക അനുമതി സ്വന്തമാക്കിയാണ് ഹബീബ് തന്റെ വാഹനം പുതിയ രൂപത്തിലേക്ക് മാറ്റിയത്. ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള സമ്മതപത്രവും ആര്‍ഒപി, മുനിസിപ്പാലിറ്റി എന്നിവയുടെ അനുമതി പത്രങ്ങളും വേണ്ടിവന്നു. കേരളത്തിന്റെ അതിജീവന ശ്രമങ്ങള്‍ക്ക് തന്നാല്‍ കഴിയുന്ന പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് വാഹനത്തില്‍ സ്റ്റിക്കറുകള്‍ പതിച്ചതെന്ന് ഹബീബ് പറയുന്നു.
പ്രളയ ചിത്രങ്ങള്‍ പതിച്ച് റോഡിലിറക്കിയ വാഹനം എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. വാഹനം നിര്‍ത്തിയിടുമ്പോള്‍ സ്വദേശികളടക്കം വന്ന് കുശലാന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. ഇനിയുള്ള യാത്രകളില്‍ കൂടുതലും ഈ വാഹനത്തില്‍ ആക്കാനാണ് പദ്ധതിയെന്നും ഹബീബ് പറഞ്ഞു. വെള്ളപ്പൊക്ക ദുരിതാശ്വാസ രംഗത്ത് ഹബീബ് സജീവ സാന്നിധ്യമാണ്.