പെരുമ്പാവൂര്‍: ദുരന്തമുഖത്ത് ഒറ്റത്തോര്‍ത്തുടുത്ത് ഒരു മനുഷ്യന്. സുരക്ഷിത തീരത്തേക്ക് എത്തിച്ചത് നൂറോളം പേരെ. പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ ടി.എം സൂഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. വെള്ളം കയറിയ വീടുകളില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ വഞ്ചിയിലെത്തിയും നീന്തിക്കയറിയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥനാണെന്ന് ദുരിതാശ്വാസ മേഖലയിലുള്ളവര്‍ അറിഞ്ഞത് പിന്നീടാണ്.
പെരിയാര്‍ തീരത്ത് വാരപ്പെട്ടി ഇഞ്ചൂര്‍ മേഖലയിലാണ് ഇദ്ദേഹത്തിന്റെ വീട്. ചെറുപ്പം മുതല്‍ വെള്ളവുമായി ഏറെ പരിചയമുള്ളതിനാല്‍ പേടിയുണ്ടായിരുന്നില്ലെന്ന് സൂഫി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിലെ സൗകര്യത്തിനായി ഔദ്യോഗിക യുണിഫോം അഴിച്ചുവച്ചു. പെരുമ്പാവൂര്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനം തീര്‍ന്നപ്പോള്‍ കാലടി മേഖലയിലേക്കു പോയി. വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശമായിരുന്നു ഇത്. വഞ്ചിയില്‍ എത്താന്‍ കഴിയാത്ത പ്രദേശത്തായിരുന്നു രക്ഷാപ്രവര്‍ത്തനം. അകലെ വഞ്ചി നിര്‍ത്തി നീന്തിയെത്തിയാണ് ഓരോ വീടുകളിലും കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. ‘ഞങ്ങളെ പോലെയുള്ളവര്‍ യൂണിഫോമില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്താത്തതിനാല്‍ പൊലീസ് സജീവമായില്ലെന്ന ആക്ഷേപം ചിലയിടത്ത് ഉയര്‍ന്നത് വിഷമമുണ്ടാക്കി.’ സൂഫി പറഞ്ഞു.