ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ അഭിഷേക് ശർമയെയും ശുഭ്മൻ ഗില്ലിനെയും രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ യോഗ്‍രാജ് സിങ് രംഗത്ത്. അഭിഷേകിന്റെ ശ്രദ്ധ പൂർണമായും ക്രിക്കറ്റിലല്ലെന്നും ചില സമയങ്ങളിൽ പ്രതിരോധാത്മകമായി കളിക്കേണ്ടതുണ്ടെന്നും യോഗ്‌രാജ് കുറ്റപ്പെടുത്തി. യോഗ്‌രാജിന്റെ മകനും മുൻ ഇന്ത്യൻ താരവുമായ യുവരാജ് സിങ്, അഭിഷേകിന്റെയും ശുഭ്മൻ ഗില്ലിന്റെയും മെന്ററാണ്.
‘‘യുവരാജ് സിങ്ങിന് അടുത്തെത്താൻ അവന് ഇനിയുമൊരു യുഗം വേണ്ടിവരും. ഈ പ്രപഞ്ചം മുഴുവൻ പ്രവർത്തിക്കുന്നത് അച്ചടക്കത്തിലാണ്. ക്രിക്കറ്റ് താരങ്ങളും അങ്ങനെയാണ് പ്രവർത്തിക്കേണ്ടത്. എവിടെയാണ് ക്രിക്കറ്റ് താരങ്ങൾക്ക് പിഴയ്ക്കുന്നത്? പാർട്ടികൾ, പെൺകുട്ടികൾ, പണം, എപ്പോഴും ഷൂട്ടിങ്ങുകൾ, അങ്ങനെയാണ് ഇവരുടെ പോക്ക്’’– ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ യോഗ്‌രാജ് പറഞ്ഞു.
അതുപോലെ തനിക്ക് അഭിഷേക് ശർമയോട് ‘അറപ്പ്’ തോന്നുന്നെന്നും യോഗ്‌രാജ് പറഞ്ഞു. താൻ അഭിഷേകിന് പലപ്പോഴും സന്ദേശങ്ങൾ അയക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘‘എനിക്ക് അവനോട് വലിയ അറപ്പ് തോന്നുന്നു. ഈ കളിയെ നിസാരമായി കാണരുത് എന്ന് ഞാൻ അവന് സന്ദേശങ്ങൾ അയക്കാറുണ്ട്. ‘യെസ് സർ’ എന്ന് അവൻ എപ്പോഴും പറയും. സിംഗിൾ, ഡബിൾ, ബൗണ്ടറി എന്നിങ്ങനെ ചില കാര്യങ്ങളുണ്ട്. എല്ലാ സമയത്തും പന്ത് വായുവിലൂടെ അടിക്കാൻ കഴിയില്ല. കാണികളെ രസിപ്പിക്കാൻ എപ്പോഴും സിക്സറുകൾ അടിച്ചുകൊണ്ടിരിക്കാൻ കഴിയില്ല. നീ പരാജയപ്പെടും.’’– യോഗ്‌രാജ് പറഞ്ഞു.
അതേസമയം ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ ശുഭ്‌മൻ ഗില്ലിനെയും യോഗ്‌രാജ് വിമർശിച്ചു. ‘‘നമ്മുടെ മനസ് മറ്റെവിടെയെങ്കിലും ആയതുകൊണ്ടാണ് നമ്മൾ പരാജയപ്പെടുന്നത്. ശുഭ്മൻ ഗില്ലിനും അഭിഷേകിനും എന്താണ് സംഭവിക്കുന്നത്? നിങ്ങളുടെ മനസ് വഴിതിരിച്ചുവിടപ്പെടുമ്പോൾ മാത്രമാണ് പരാജയം സംഭവിക്കുന്നത്. അത് തന്നെയാണ് അഭിഷേകിനും സംഭവിക്കുന്നത്. റീൽസ് ചെയ്ത് നടക്കുക എന്നതല്ല അവന്റെ ജോലി. അവൻ രാത്രി 9 മണിക്ക് ഉറങ്ങാൻ പോകുകയും രാവിലെ 5 മണിക്ക് എഴുന്നേറ്റ് ആയിരം പന്തുകൾ കളിക്കുകയും വേണം.’’– യോഗ്‌രാജ് കൂട്ടിച്ചേർത്തു. ലോക ഒന്നാം നമ്പർ ട്വന്റി20 ബാറ്ററായ അഭിഷേക്, ട്വന്റി20 ലോകകപ്പിലെ എട്ട് മത്സരങ്ങളിൽ നിന്നായി 141 റൺസാണ് നേടിയതേ. രണ്ട് അർധസെഞ്ചറികൾ നേടിയെങ്കിലും മൂന്ന് തവണ പൂജ്യത്തിന് പുറത്തായിരുന്നു. പലപ്പോഴും മോശം ഫോമിലുള്ള അഭിഷേകിനെ മാറ്റിനിർത്താൻ മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. ഫൈനലിൽ 54 റൺസാണ് താരം അടിച്ചെടുത്തത്.











































