വാഷിങ്ടൺ: അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുന്നമ്പോൾ ട്രംപിന് മുന്നറിയിപ്പ് നൽകി പെന്റഗൺ. യുദ്ധം ഇങ്ങനെ ദീർഘകാലം നീണ്ടുപോയാൽ അമേരിക്കയുടെ ആയുധശേഖരം വലിയ പ്രതിസന്ധിയിലാകുമെന്ന് പെന്റഗണിൽ നിന്നുള്ള ചോർന്ന റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു.
ഇറാനെതിരെയുള്ള ആക്രമണം പത്ത് ദിവസം കൂടി ഇതേ രീതിയിൽ തുടർന്നാൽ നിർണ്ണായകമായ മിസൈലുകളുടെ ശേഖരം തീർന്നുപോകാൻ സാധ്യതയുണ്ടെന്നാണ് പെന്റഗൺ സൂചന. പ്രത്യേകിച്ച്, മിസൈലുകളെ തകർക്കാൻ ഉപയോഗിക്കുന്ന ‘താഡ്’, ‘എസ്.എം-3’ (SM-3) തുടങ്ങിയ പ്രതിരോധ മിസൈലുകളുടെ ലഭ്യതയിൽ വലിയ കുറവുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ആയുധശേഖരം കുറവാണെന്ന പെന്റഗണിന്റെയും സൈനിക മേധാവി ജനറൽ ഡാൻ കെയ്‌നിന്റെയും മുന്നറിയിപ്പുകളെ തള്ളിക്കളയുന്ന നിലപാടാണ് പ്രസിഡന്റ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. അമേരിക്കയുടെ പക്കൽ വലിയ ആയുധശേഖരമുണ്ടെന്നും, ഈ ആയുധങ്ങൾ ഉപയോഗിച്ച് എത്രകാലം വേണമെങ്കിലും യുദ്ധം ചെയ്യാമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അവകാശപ്പെട്ടു. എന്നാൽ, വിപുലമായ യുദ്ധം വലിയ സാമ്പത്തിക ബാധ്യതയ്ക്കും ആയുധക്ഷാമത്തിനും കാരണമാകുമെന്ന ആശങ്കയിൽ ഉറച്ചുനിൽക്കുകയാണ് പ്രതിരോധ വക്താക്കൾ.
അതേസമയം ആയുധ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ ഇറാൻ കൈവരിച്ചിരിക്കുന്ന വേഗതയാണ് അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇറാൻ പ്രതിമാസം നൂറിലധികം മിസൈലുകൾ നിർമ്മിക്കുമ്പോൾ, അമേരിക്കയ്ക്ക് പ്രതിമാസം ആറോ ഏഴോ പ്രതിരോധ മിസൈലുകൾ മാത്രമേ നിർമ്മിക്കാൻ സാധിക്കുന്നുള്ളൂ എന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യ, ചൈന തുടങ്ങിയ വൻശക്തികളിൽ നിന്നുള്ള ഹ്രസ്വകാല ആക്രമണങ്ങളെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്ത അമേരിക്കൻ മിസൈൽ കവചങ്ങൾക്ക്, ഇറാന്റെ തുടർച്ചയായ റോക്കറ്റ് ആക്രമണങ്ങളെ നേരിടാൻ പ്രയാസമാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.














































