ടെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം ശമിപ്പിക്കാൻ നിർണായക നീക്കമായി അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ ഇസ്ലാമാബാദിൽ പുരോഗമിക്കുന്നു. ചൊവ്വാഴ്ച നിലവിൽവന്ന രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് പിന്നാലെയാണ് ഇരു രാജ്യങ്ങളിലെയും ഉന്നതതല പ്രതിനിധികൾ നേരിട്ടുള്ള ചർച്ചകൾക്കായി ഒരുമിച്ചുകൂടിയത്. ലോക സാമ്പത്തിക വ്യവസ്ഥയെയും പശ്ചിമേഷ്യയിലെ ജനജീവിതത്തെയും ബാധിക്കുന്ന ഈ നീക്കങ്ങളെ രാജ്യാന്തര സമൂഹം അതീവ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്.
ചർച്ചകൾക്ക് മുന്നോടിയായി ഡൊണാൾഡ് ട്രംപ് തന്റെ കർശന നിലപാട് വ്യക്തമാക്കിയിരുന്നു. ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പാണ് അമേരിക്കയുടെ പ്രധാന ആവശ്യമെന്നും, ചർച്ചകളുടെ ഭൂരിഭാഗവും ഈ വിഷയത്തെ ചുറ്റിപ്പറ്റിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ലോകത്തെ എണ്ണവിതരണത്തിന്റെ പ്രധാന കേന്ദ്രമായ ഹൊർമൂസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നുനൽകണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചകൾക്കായി പാകിസ്താനിലെത്തിയത്. പ്രത്യേക പ്രതിനിധി സ്റ്റീവ്യും വിറ്റ്കോഫും ജാരദ് കുഷ്നറും സംഘത്തിലുണ്ട്. ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് വാൻസ് പറഞ്ഞെങ്കിലും, ഇറാൻ ചതിക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാന്റെ ഭാഗത്ത് നിന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഗാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചിയുമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്.. മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയെ വിശ്വസിക്കാൻ പ്രയാസമാണെന്നും ഗാലിബാഫ് പ്രതികരിച്ചു. ചർച്ചകൾക്ക് മുൻപായി ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ വിദേശ ആസ്തികൾ വിട്ടുനൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
ഇതിനിടെ ലെബനിലിലെ സാഹചര്യം ചർച്ചകൾക്ക് വെല്ലുവിളിയാകുകയാണ്. ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണങ്ങൾ വെടിനിർത്തലിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ഇറാൻ ആവശ്യപ്പെടുമ്പോൾ, അത് അംഗീകരിക്കാൻ അമേരിക്കയുംഇസ്രയേലും തയ്യാറല്ല. അടുത്തിടെയുണ്ടായ ആക്രമണങ്ങളിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടത് ചർച്ചകളുടെ അന്തരീക്ഷത്തെ കൂടുതൽ സംഘർഷഭരിതമാക്കി.
ആണവായുധ പദ്ധതികൾ അവസാനിപ്പിക്കൽ, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരങ്ങൾ കൈമാറ്റം ചെയ്യൽ, ഹോർമുസ് കടലിടുക്ക് തുറന്നുനൽകൽ എന്നിവ ഉൾപ്പെടുന്ന 15 ഇന സമാധാന കരാർ അമേരിക്ക തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച ആരംഭിക്കുന്ന ഈ നിർണായക കൂടിക്കാഴ്ച പശ്ചിമേഷ്യയിൽ സ്ഥിര സമാധാനത്തിന് വഴിതെളിക്കുമോ, അതോ പുതിയ സംഘർഷങ്ങൾക്ക് കാരണമാകുമോ എന്ന ആശങ്കയിലാണ് ലോകം. എണ്ണഗതാഗതത്തിൽ തടസ്സം സംഭവിച്ചാൽ ആഗോള ഇന്ധന വിപണി ഗുരുതര പ്രതിസന്ധിയിലാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.















































