വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും കാര്യങ്ങൾ യഥോചിതം നടപ്പിലാക്കുന്ന രണ്ട് വ്യക്തികളാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതായി ഇന്ത്യയിലെ യുഎസ് എംബസി എക്സിൽ പങ്കുവച്ച സന്ദേശത്തിൽ ചേർത്തു . ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ആഹ്വാനം ചെയ്ത ട്രംപ്, മറ്റുള്ള പലരെയും കുറിച്ച് തനിക്ക് ഇങ്ങനെ പറയാനാകില്ലെന്നും കൂട്ടിച്ചേർത്തു.
‘‘ഇന്ത്യയുമായുള്ള ഞങ്ങളുടെ അദ്ഭുതകരമായ ബന്ധം ഭാവിയിൽ കൂടുതൽ ശക്തമാകും. പ്രധാനമന്ത്രി മോദിയും ഞാനും കാര്യങ്ങൾ യഥോചിതം നടപ്പിലാക്കുന്നവരാണ്, ഇത് വേറാരെയും കുറിച്ച് ഇങ്ങനെ പറയാൻ കഴിയില്ല’’ – എന്നായിരുന്നു ട്രംപിന്റെ പരാമർശമായി യുഎസ് എംബസി പോസ്റ്റ് ചെയ്തത്.
ഫെബ്രുവരി 28ന് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ഏകോപിത ആക്രമണം നടത്തിയതിനു ശേഷം ഇരു നേതാക്കളും ചൊവാഴ്ച്ച ഫോണിൽ സംസാരിച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ചും മേഖലയിലെ സ്ഥിരതയുടെ ആവശ്യകതയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഫോൺ സംഭാഷണത്തിനു പിന്നാലെ, സംഘർഷം ലഘൂകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആഗോള വ്യാപാരത്തിനു നിർണായകമായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി മോദി ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനും പ്രധാന പാതകളുടെ സുരക്ഷയ്ക്കുമായി നിരന്തരം സമ്പർക്കം പുലർത്താൻ ഇരു നേതാക്കളും സമ്മതിച്ചു.













































