BREAKING NEWS

ബുംറയ്ക്ക് പകരക്കാരനില്ല, അദ്ദേഹം ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ബൗളർ… എല്ലാ മത്സരങ്ങളിലും ഒരേ രീതിയിൽ കളിക്കാനാവില്ല!! യുവ പേസർമാർ അനുഭവത്തിലൂടെ മികവുറ്റവരാകും, പിൻതുണയും അവസരവും നൽകണം… തോൽവിയുടെ വഴിത്തിരിവ് തിലകിന്റെ പുറത്താകൽ- ബോളർമാരെ പിൻതുണച്ച് സഞ്ജു

· · 1 min read
Share: Copied!

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20 മത്സരത്തിലെ തോൽവിക്കു പിന്നാലെ ഇന്ത്യൻ ബൗളർമാർക്ക് പിന്തുണയുമായി മലയാളി താരം സഞ്ജു സാംസൺ. യുവ പേസർമാർക്ക് കൂടുതൽ അവസരങ്ങളും മത്സരപരിചയവും ലഭിക്കുന്നതോടെ അവർ കൂടുതൽ മികവുറ്റവരാകുമെന്ന് സഞ്ജു പറഞ്ഞു. അതേസമയം, മത്സരത്തിൽ ഇന്ത്യയുടെ പരാജയത്തിന് നിർണായകമായത് തിലക് വർമ്മയുടെ പുറത്താകലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 19.3 ഓവറിൽ 223 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ഇന്ത്യ 24 റൺസിന് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തിരുന്നു. ക്യാപ്റ്റൻ ഷായ് ഹോപ്പ് 50 പന്തിൽ പുറത്താകാതെ 102 റൺസ് നേടി. വെസ്റ്റ് ഇൻഡീസ് ബൗളർ കിമോ പോൾ അഞ്ച് വിക്കറ്റുകളും വീഴ്ത്തി. വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് 2-2ന് ഇന്ത്യക്കൊപ്പമെത്തി.

അതേസമയം വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനെ കണ്ടെത്തുക എളുപ്പമല്ലെന്ന് സഞ്ജു പറഞ്ഞു. ബുംറയെ ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ബൗളറെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാൽ ഇന്ത്യൻ പേസ് നിരയിൽ മികച്ച യുവപ്രതിഭകളുണ്ടെന്നും അവർക്ക് കൂടുതൽ അവസരങ്ങൾ നൽകുകയാണ് വേണ്ടതെന്നും സഞ്ജു കൂട്ടിച്ചേർത്തു.
“ബുംറ ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ബൗളറാണ്. അദ്ദേഹത്തെ ടീമിൽ ലഭിക്കുന്നത് നമ്മുടെ വലിയ ഭാഗ്യമാണ്. എന്നാൽ വളർന്നുവരുന്ന മികച്ച പ്രതിഭകളും നമുക്കുണ്ട്. അർഷ്ദീപ് മികച്ച പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ പ്രിൻസ് യാദവ് പന്തെറിഞ്ഞ രീതിയും ഏറെ ശ്രദ്ധേയമാണ്. മികച്ച നിലവാരമുള്ള താരങ്ങൾ നമുക്കുണ്ട്. അവർക്ക് കൂടുതൽ മത്സരങ്ങൾ കളിക്കാൻ അവസരം നൽകുകയും പിന്തുണയ്ക്കുകയും ചെയ്യുന്തോറും അവരുടെ പ്രകടനം മെച്ചപ്പെടും,” സഞ്ജു പറഞ്ഞു.

നാലാം ടി20യിൽ ഇന്ത്യൻ ബൗളർമാർക്ക് വെസ്റ്റ് ഇൻഡീസിന്റെ റൺവേട്ട തടയാനായിരുന്നില്ല. മായങ്ക് യാദവും അർഷ്ദീപ് സിങ്ങും നാല് ഓവറിൽ 52 റൺസ് വീതം വഴങ്ങി. മത്സരത്തിൽ ഇന്ത്യൻ ബൗളിങ് നിര നേരിട്ട വെല്ലുവിളികൾക്കിടയിലും യുവതാരങ്ങൾക്ക് പിന്തുണ നൽകണമെന്ന നിലപാടിലാണ് സഞ്ജു. ഇന്ത്യയുടെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ അവസാന ഓവറിൽ ഷമർ ജോസഫിന്റെ ഷോർട്ട് ബോൾ അർഷ്ദീപിന്റെ ഇടത് കൈയിലെ ബൈസെപ് ഭാഗത്ത് പതിച്ചിരുന്നു. വൈദ്യസഹായം ലഭിച്ചശേഷം താരം ഗ്രൗണ്ട് വിടുകയും ചെയ്തു. വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ പ്രകടനത്തെയും സഞ്ജു പ്രശംസിച്ചു. അമിതമായ റിസ്ക് എടുക്കാതെ നിയന്ത്രിതമായ ബാറ്റിങ്ങിലൂടെ ഹോപ്പ് മികച്ച ഷോട്ടുകൾ കളിക്കുന്നുവെന്നും അദ്ദേഹത്തെ നേരിടാനുള്ള തന്ത്രങ്ങൾ ഓരോ മത്സരത്തിലും ഇന്ത്യ ആവിഷ്കരിക്കുന്നുണ്ടെന്നും സഞ്ജു പറഞ്ഞു.

“ഹോപ്പ് വളരെ മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങളെ നമ്മൾ ബഹുമാനിക്കണം. വലിയ റിസ്കുകളൊന്നും എടുക്കാതെ മികച്ച ക്രിക്കറ്റ് ഷോട്ടുകളാണ് അദ്ദേഹം കളിക്കുന്നത്. അദ്ദേഹത്തിന്റെ ബാറ്റിങ്ങിന് അർഹമായ അംഗീകാരം നൽകണം. ഓരോ മത്സരത്തിലും അദ്ദേഹത്തെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച് ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്,” സഞ്ജു വ്യക്തമാക്കി.
ഹൈദരാബാദിലെ പിച്ചിന്റെ സ്വഭാവവും ഉയർന്ന സ്കോറുകൾക്ക് അനുകൂലമാണെന്ന് സഞ്ജു ചൂണ്ടിക്കാട്ടി. ഇവിടെ പന്തിന് മികച്ച ബൗൺസ് ലഭിക്കുന്നതിനാൽ ടി20 മത്സരങ്ങളിൽ വലിയ സ്കോറുകൾ സാധാരണമാണ്. പരമ്പരയിലുടനീളം ഈ സവിശേഷത പ്രകടമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ എല്ലാ പിച്ചുകളിലും ഒരേ രീതിയിൽ ബാറ്റ് ചെയ്യാനാകില്ലെന്നാണ് സഞ്ജുവിന്റെ അഭിപ്രായം. ലഖ്‌നൗവിൽ നടന്ന മത്സരത്തിൽ ബൗളർമാർക്ക് അനുകൂലമായ സാഹചര്യമുണ്ടായിരുന്നതിനാൽ അവിടെ ബാറ്റിങ് തന്ത്രങ്ങളിൽ മാറ്റം വരുത്തേണ്ടിവന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.”ഉയർന്ന സ്കോറുകൾ പിറക്കുന്ന ഗ്രൗണ്ടിൽ കളിക്കുമ്പോൾ ആദ്യ പന്തുമുതൽ അഞ്ചാം ഗിയറിൽ ബാറ്റ് ചെയ്യേണ്ടിവരും. എന്നാൽ ലഖ്‌നൗവിലേതുപോലെ 160-170 റൺസ് ലഭിക്കുന്ന പിച്ചിൽ ബൗളർമാർക്ക് അനുകൂലമായ സാഹചര്യമുണ്ടെങ്കിൽ നമ്മുടെ പദ്ധതികളും മാറണം. എല്ലാ മത്സരങ്ങളിലും ഒരേ രീതിയിൽ കളിക്കാനാവില്ല. പിച്ചിന്റെ സ്വഭാവം, ബൗൺസ്, മത്സരസാഹചര്യം എന്നിവ വിലയിരുത്തിയ ശേഷമാണ് കളിക്കേണ്ടത്,” സഞ്ജു പറഞ്ഞു.

അതേസമയം 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് സഞ്ജുവിലൂടെ മികച്ച തുടക്കമാണ് ലഭിച്ചത്. വെറും 23 പന്തിൽ ആറ് ഫോറും നാല് സിക്‌സും ഉൾപ്പെടെ 56 റൺസാണ് താരം നേടിയത്. ഇതോടെ നാല് ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 60 റൺസിലെത്തി. എന്നാൽ അഞ്ചാം ഓവറിൽ കിമോ പോൾ സഞ്ജുവിനെയും ഇഷാൻ കിഷനെയും പുറത്താക്കിയതോടെ ഇന്ത്യക്ക് തിരിച്ചടിയേറ്റു. തുടർന്ന് വെസ്റ്റ് ഇൻഡീസ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

തിലക് വർമ്മയുടെ പുറത്താകലാണ് ഇന്ത്യയുടെ വിജയപ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായതെന്നും സഞ്ജു ആവർത്തിച്ചു. 25 പന്തിൽ 43 റൺസ് നേടിയ തിലക്, നിതീഷ് കുമാർ റെഡ്ഡിക്കൊപ്പം ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചിരുന്നു. “തിലക് പുറത്തായതാണ് മത്സരത്തിലെ വഴിത്തിരിവെന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകുകയായിരുന്നു. റെഡ്ഡിയും തിലകും ബൗളർമാരെ സമ്മർദത്തിലാക്കുകയും വളരെ നന്നായി ബാറ്റ് ചെയ്യുകയും ചെയ്തു,” സഞ്ജു പറഞ്ഞു.

ഇഷാൻ കിഷനും അഭിഷേക് ശർമയ്ക്കും പിന്തുണയുമായി സഞ്ജു രംഗത്തെത്തി. ഒരു മത്സരത്തിൽ റൺസ് നേടാനാകാത്തതിന്റെ പേരിൽ ഇരുവരുടെയും മികവിനെ വിലയിരുത്തരുതെന്നാണ് സഞ്ജുവിന്റെ നിലപാട്. “ഇഷാനും അഭിഷേക് ശർമയും ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റർമാരിൽ രണ്ടുപേരാണ്. അവരിൽനിന്ന് ഇതിനേക്കാൾ കൂടുതൽ എന്താണ് ആവശ്യപ്പെടാനാവുക? ഒരു മത്സരത്തിൽ റൺസ് നേടാനാകാതെ പോകുന്നത് സ്വാഭാവികമാണ്,” സഞ്ജു വ്യക്തമാക്കി.

ഇതോടെ പരമ്പരയിലെ നിർണായകമായ അഞ്ചാം മത്സരത്തിലേക്ക് ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഒരേ നിലയിലാണ് എത്തുന്നത്. ശനിയാഴ്ച ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് പരമ്പരയുടെ ഫൈനൽ പോരാട്ടം. 2-2 എന്ന നിലയിലുള്ള പരമ്പരയിൽ അവസാന മത്സരം ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. “ഇപ്പോൾ പരമ്പര 2-2 എന്ന നിലയിലാണ്. എല്ലാം ബെംഗളൂരുവിലെ മത്സരത്തെ ആശ്രയിച്ചിരിക്കുന്നു. ഞങ്ങൾ ഏറെ ആവേശത്തിലാണ്. അവർക്കെതിരെ കളത്തിലിറങ്ങി പോരാടാനാണ് ആഗ്രഹിക്കുന്നത്. വെസ്റ്റ് ഇൻഡീസ് മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. ഇന്ത്യയിലെത്തി രണ്ട് മത്സരങ്ങളിൽ ആധിപത്യം സ്ഥാപിച്ചതിന് അവർക്ക് അർഹമായ അംഗീകാരം നൽകണം,” സഞ്ജു പറഞ്ഞു.

വിസ്മയ ആൺസുഹൃത്തുക്കളോടൊപ്പം പുറത്തുപോകുന്നത് അവന് ഇഷ്ടമായിരുന്നില്ല, ഇതിന്റെ പേരില്‍ എപ്പോഴും വഴക്കാണ്, അവന് മദ്യാപനമോ ദുശ്ശീലങ്ങളോ ഇല്ല, കുഞ്ഞിനെപ്പോലും വെറുതെ വിടാതെ ഉപദ്രവിച്ചത് തങ്ങള്‍ക്ക് സഹിക്കാനാകുന്നില്ല, പൊട്ടിക്കരഞ്ഞ് യുവതിയുടെ അമ്മ

BREAKING NEWS
'ആദ്യം അവർ മറുപടി നൽകട്ടെ, അത് തൃപ്തികരമല്ലെങ്കിൽ നിയമം അതിന്റെ വഴിക്ക് നീങ്ങും'... ജന്തർ മന്തറിലെ പ്രതിഷേധ വിലക്ക് ചോദ്യം ചെയ്ത് ഹർജി; കേന്ദ്രത്തിനും ഡൽഹി പോലീസിനും സുപ്രീംകോടതിയുടെ നോട്ടീസ്‌
15 Oct 2026
BREAKING NEWS
'ഞങ്ങൾ ആനക്കൊമ്പുകൊണ്ടുള്ള ഗോപുരത്തിൽ ഇരിക്കുന്നവരല്ല, പുറത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്കും അറിയാം!! നീതിന്യായ വ്യവസ്ഥയെ ആർക്കും ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാവില്ല... ഞങ്ങൾ നോട്ടീസ് അയയ്ക്കാം, എന്നാൽ അടുത്ത വാദം കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന...
15 Oct 2026
BREAKING NEWS
സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ല, അതില്‍ ഒരു സംശയവും വേണ്ട, എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ തള്ളി രമേശ് ചെന്നിത്തല
15 Oct 2026
BREAKING NEWS
കേന്ദ്ര നേതൃത്വം അഴിമതിക്കാരനായ പിണറായിയെയും മരുമകനെയും ചവറ്റുകുട്ടയിൽ തള്ളാൻ തയ്യാറാകണം, അല്ലെങ്കിൽ പാർട്ടി കുഴിച്ചുമൂടപ്പെടും, വി ഡി സതീശൻ പിണറായിക്ക് വേണ്ടിയാണോ ഭരിക്കുന്നത്??- കെ എം ഷാജഹാന്‍
15 Oct 2026