കോഴിക്കോട്: ബാങ്ക് ജീവനക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ സഹപ്രവർത്തകനായ യുവാവിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ ക്ലറിക്കൽ സ്റ്റാഫായി ജോലി ചെയ്തിരുന്ന തിരുവനന്തപുരം ചിറ്റാറ്റുമുക്ക് സ്വദേശി മേനംകുളം പുതുവാൾ വീട്ടിൽ അമ്പു (29)വിനെതിരെയാണ് നടക്കാവ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇതേ ബാങ്കിലെ ഇൻഷുറൻസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന 26കാരിയാണ് പരാതിക്കാരി.
2024 സെപ്റ്റംബർ ഒന്ന് മുതൽ 2026 സെപ്റ്റംബർ ആറ് വരെയുള്ള കാലയളവിൽ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. കോഴിക്കോട് നടക്കാവിലെ നെക്സ്റ്റ് സ്റ്റേ ഹോട്ടൽ, റെയിൽവേ സ്റ്റേഷന് സമീപത്തെ ദർവേഷ് ഹോട്ടൽ, പാലക്കാട് ജില്ലയിലെ എ.ടി.എസ് റസിഡൻസി എന്നിവിടങ്ങളിൽ വെച്ച് പലതവണ പീഡനം നടന്നതായി യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
പിന്നീട് വിവാഹ വാഗ്ദാനത്തിൽനിന്ന് യുവാവ് പിന്മാറിയതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസ് ഇൻസ്പെക്ടർ ജംഷീദിന്റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഭാരതീയ ന്യായസംഹിതയിലെ വകുപ്പുകൾ പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്തതിനെ തുടർന്ന് കോടതി ഇയാളെ റിമാൻഡ് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ജോലി ചെയ്തിരുന്ന ബാങ്കിൽനിന്ന് യുവാവിനെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.