ദുബായ്: ചികിത്സയിൽ കഴിയുകയായിരുന്ന കെ. സുധാകരൻ എംപിയെ ദുബായിലെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. ആരോഗ്യനില പരിഗണിച്ച് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായാൽ മാത്രമേ അതിനുള്ള നടപടികൾ സ്വീകരിക്കൂ എന്നാണ് വിവരം. ദുബായിൽനിന്ന് ഇന്ന് രാത്രി ഡൽഹിയിലേക്ക് മടങ്ങാനാണ് സുധാകരന്റെ കുടുംബത്തിന്റെ തീരുമാനം. യുഎഇ സമയം രാത്രി 9.30ന് എമിറേറ്റ്സ് വിമാനത്തിൽ അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കും.
മണ്ഡല പുനർനിർണയ ബിൽ പാർലമെന്റ് പരിഗണിക്കാനിരിക്കെ സുധാകരൻ ചികിത്സയ്ക്കായി ദുബായിലെത്തിയത് വിവാദമായിരുന്നു. പിന്നാലെ ഐസിയുവിൽ പ്രവേശിപ്പിച്ച സുധാകരനെ കാണാൻ കുടുംബാംഗങ്ങളെ അനുവദിക്കുന്നില്ലെന്ന് മകൻ സംജോഗ് ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് സംജോഗിന് പിതാവിനെ കാണാൻ അവസരം ലഭിച്ചു.
സുധാകരനെ സ്വാഭാവിക രീതിയിൽ ഡിസ്ചാർജ് ചെയ്യാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചതായാണ് വിവരം. ഇതേത്തുടർന്ന് കുടുംബം സ്വന്തം ഉത്തരവാദിത്തത്തിൽ ഡിസ്ചാർജ് വാങ്ങുകയായിരുന്നു. സുധാകരന് പ്രകടമായ ആരോഗ്യപ്രശ്നങ്ങളും അപസ്മാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. യാത്രയ്ക്കിടെ വീണ്ടും അപസ്മാരം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
ഇത് കണക്കിലെടുത്ത് ഡിസ്ചാർജ് വാങ്ങി ഡൽഹിയിലെത്തിച്ച് തുടർചികിത്സ നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. ഈ തീരുമാനത്തോട് സുധാകരനും യോജിച്ചിട്ടുണ്ടെന്നാണ് വിവരം.