ലക്നൗ: സ്ത്രീധനമായി തങ്ങൾക്ക് ഇഷ്ടപ്പെട്ട കാർ വേണമെന്നാവശ്യപ്പെട്ട വരന്റെ വീട്ടുകാർക്ക് കളിപ്പാട്ട കാർ നൽകി മറുപടി നൽകി വധുവിന്റെ പിതാവ്. ഉത്തർപ്രദേശിലെ മീററ്റിലാണ് സ്ത്രീധനത്തിനെതിരായ ശക്തമായ സന്ദേശമായി മാറിയ സംഭവം. കളിപ്പാട്ട കാർ സമ്മാനിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ശനിയാഴ്ച നടന്ന വിവാഹച്ചടങ്ങുകൾക്ക് മുന്നോടിയായി വരന്റെ വീട്ടുകാരെ ഔദ്യോഗികമായി ക്ഷണിക്കുന്ന ലാൽ ഖട്ട് ചടങ്ങിനിടെയാണ് സംഭവം. വരന്റെ വീട്ടുകാർ ആവശ്യപ്പെട്ട അതേ മാതൃകയിലുള്ള കളിപ്പാട്ട കാറാണ് വധുവിന്റെ പിതാവ് സമ്മാനിച്ചത്. ‘‘നിങ്ങൾക്ക് ഒരു മനുഷ്യനെയല്ല, പകരം ഒരു കാറായിരുന്നു വേണ്ടിയിരുന്നത്. ഞങ്ങൾ ഒരു കളിപ്പാട്ട കാർ തരാം, ഇനി അത് ഓടിച്ചോളൂ’’ എന്ന് വധുവിന്റെ പിതാവ് പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
കളിപ്പാട്ട കാർ ലഭിച്ചതിൽ അതൃപ്തരായ വരന്റെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ. മീററ്റിലെ ഗ്യാൻപുർ ഗ്രാമത്തിലാണ് സംഭവം.
അഞ്ച് മാസം മുൻപാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്. ഈ സമയത്ത് വരന്റെ വീട്ടുകാർക്ക് ഒരു ലക്ഷം രൂപയും നൽകിയിരുന്നു. എന്നാൽ അടുത്തിടെ വധുവിന്റെ കുടുംബം കുറച്ച് ഭൂമി വിറ്റതറിഞ്ഞതോടെയാണ് വരന്റെ വീട്ടുകാർ സ്ത്രീധനമായി കാർ ആവശ്യപ്പെട്ടത്. തങ്ങൾക്ക് ഇഷ്ടപ്പെട്ട വാഹനത്തിന്റെ മാതൃക തന്നെ വേണമെന്നായിരുന്നു ആവശ്യം.
ഇക്കാര്യം സംബന്ധിച്ച് പലതവണ ചർച്ചകൾ നടത്തിയെങ്കിലും വരന്റെ വീട്ടുകാർ നിലപാട് മാറ്റിയില്ല. ഇതോടെയാണ് ആവശ്യപ്പെട്ട കാറിന് പകരം അതേ മാതൃകയിലുള്ള കളിപ്പാട്ട കാർ നൽകി വധുവിന്റെ പിതാവ് പ്രതിഷേധം അറിയിച്ചത്. സ്ത്രീധനമെന്ന അനാചാരത്തിനെതിരായ ഈ വേറിട്ട പ്രതികരണം സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്.
#UttarPradesh ———
In #Meerut, demanding a Thar as dowry backfired on the groom! The bride’s family gave him a Thar as a gift in the morning that left the wedding guests stunned. They responded by giving him a toy Thar instead of the real car, and the incident became a talking point.— Siraj Noorani (@sirajnoorani) November 29, 2026